സീവുഡ്സ് മലയാളി സമാജം മാനസികാരോഗ്യ സെമിനാറും സ്തനാർബുദ പരിശോധനാക്യാമ്പും സംഘടിപ്പിച്ചു
നവിമുംബൈ: മാനസിക സമ്മർദ്ദങ്ങൾ തീർക്കുവാൻ ഒറ്റമൂലികളില്ലെന്നും സന്തോഷത്തിൻ്റെ രഹസ്യങ്ങൾ ഓരോ വ്യക്തികളിലും വെവ്വേറെയാണെന്നും മനശാസ്ത്രജ്ഞനായ ഡോ വരുൺ ഗിൽഡിയാൽ. തങ്ങളുടെ സന്തോഷത്തിൻ്റെ താക്കോൽ തങ്ങളുടെ കയ്യിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിവാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . സീവുഡ്സ് മലയാളി സമാജം സംഘടിപ്പിച്ച മാനസികാരോഗ്യ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വാഷി- നവി മുംബൈ മുനിസിപ്പാലിറ്റി കോർപ്പറേഷൻ ആശുപത്രിയിലെ സൈകാട്രിസ്റ്റായ വരുൺ .
കുടുംബങ്ങൾ ഒന്നായി ഇരിക്കുകയും സുഗമമായ സംവേദനം കൂട്ടായ്മകളിലൂടെ സൃഷ്ടിക്കുകയും വേണമെന്നത് മനസ്സിൻ്റെ ഉല്ലാസത്തിൻ്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും ഡിജിറ്റൽ ലോകത്തുള്ള സംഭാഷണങ്ങളെക്കാൾ മുഖാമുഖമുള്ള സംഭാഷണങ്ങൾക്കാണ് ശക്തിയെന്നും എം ജി എം മെഡിക്കൽ കോളേജിലെ മനോരോഗവിദഗ്ദ്ധനും മേധാവിയുമായ പ്രൊഫസർ രാകേഷ് ഗിൽഡിയാൽ പറഞ്ഞു.
മാനസികാരോഗ്യ സെമിനാറിൻ്റെ മുന്നോടിയായി സീവുഡ് മലയാളി സമാജം വനിതാവേദിയും അപ്പോളോ ഹോസ്പിറ്റലും സംയുക്തമായി സെക്ടർ 50 ലെ എൻ എം എം സി ഗ്രൗണ്ടിൽ, മാമോഗ്രാം ,പാപ്സ് മിയർ പരിശോധനാക്യാമ്പും സംഘടിപ്പിച്ചു.
ഈ പരിശോധനയിലൂടെ ക്യാൻസർ മാത്രമല്ല, ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ചെറിയ മാറ്റങ്ങൾ പോലും നേരത്തെ കണ്ടെത്താൻ സാധിക്കും. അതിനാൽ ഇത് ഒരു 'ജീവൻ രക്ഷാ പരിശോധന' കൂടിയാണ് എന്ന് സമാജം ഭാരവാഹികൾ പറഞ്ഞു.