ശ്രീനാരായണ മന്ദിരസമിതി അറുപത്തിയൊന്നാമത് വാർഷിക പൊതുയോഗം നടന്നു
മുംബൈ: ശ്രീനാരാണയണ മന്ദിരസമിതിയുടെ അറുപത്തിയൊന്നാമത് വാർഷിക പൊതുയോഗം സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ നടന്നു. പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ എൻ. മോഹൻദാസ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറാർ വി. വി. ചന്ദ്രൻ, അസിസ്റ്റന്റ് ട്രഷറാർ പി. പൃത്വിരാജ് എന്നിവർ ചേർന്ന് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
വിദ്യാഭ്യാസ സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ സമിതി നടത്തിവരുന്ന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ വിപുലീകരിക്കുമെന്നും ശ്രീനാരായണ ദർശനം അതിന്റെ പൂർണമായ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടുതന്നെ ആഗോളതലത്തിൽ പ്രചരിപ്പിക്കുവാൻ ശ്രീനാരായണ മന്ദിരസമിതി പ്രതിജ്ഞാബദ്ധമാണെന്നും സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഇൻഫർമേഷൻ ടെക്‌നോളജി വിദഗ്ദ്ധരുടെ സഹകരണത്തോടെ ശ്രീനാരായണ ഗുരുവിനെ സംബന്ധിക്കുന്ന രണ്ടു ലക്ഷത്തിലധികം ചരിത്രരേഖകൾ വരും തലമുറയ്ക്കായി ഡിജിറ്റൽ രൂപത്തിലാക്കുന്ന ജോലിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയതിനെക്കുറിച്ചും ഇതിലേക്കാവശ്യമായ നിരവധി ചരിത്രരേഖകൾ സമാഹരിക്കാൻ സമിതിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും കലാ- സാംസ്കാരിക രംഗങ്ങളിലൂടെ ഗുരുദർശനം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു കലാക്ഷേത്രം ആരംഭിച്ചുവെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

