സൂറത്ത് കേരള കലാസമിതിയുടെ മലയാളി മഹാസംഗമവും പ്രതിഭാ പുരസ്കാര സമർപ്പണവും നടന്നു

 സൂറത്ത് : വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സൂറത്തിലെ മലയാളികളുടെ മഹാപ്രസ്ഥാനമായി മാറിയ കേരള കലാസമിതി കേരളത്തിനു തന്നെ ദിശാനിർദേശം നൽകാൻകെല്പുള്ള വിധം വളർന്നു പന്തലിച്ചു എന്ന്  പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.പ്രവാസി സമൂഹത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നു ഈ വിദ്യാഭ്യാസ സ്ഥാപനം.  കേരളത്തിലെ സാഹിത്യ സാംസ്കാരിക കലാപ്രതിഭകളെ പുരസ്കാരം നൽകി ആദരിക്കുന്ന ഈ സംരംഭവും മലയാളി മഹാസംഗമവും ഭാവിയിലും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൂറത്ത് കേരള കലാസമിതി സ്കൂൾ അങ്കണത്തിൽ ചേർന്ന മലയാളി മഹാസംഗമവും പ്രതിഭാ പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ. സമിതി പ്രസിഡൻറ് സുരേഷ് പി നായർ അധ്യക്ഷത വഹിച്ചു.പായിപ്ര രാധാകൃഷ്ണൻ, ജോണി ലുക്കോസ്, ജയരാജ് വാര്യർ,വയലാർ ശരത് ചന്ദ്ര വർമ്മ, ആർട്ടിസ്റ്റ് മദനൻ എന്നിവർ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും ജൂബിലി പ്രതിഭാ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഉദ്ഘാടന പ്രസംഗം നിർവഹിക്കുന്ന  അടൂർ ഗോപാലകൃഷ്ണനെ വേദിയിൽ ആർട്ടിസ്റ്റ് മദനൻ രേഖ യിൽ ആവാഹിച്ചു.തുടർന്ന്  വയലാർ സ്മൃതിയും ജയരാജ് ഷോയും നടന്നു.


സൂറത്ത്  കേരള കലാ സമിതി സ്കൂളിൽ നടന്ന ബാല സാഹിത്യ ശില്പ ശാല പായിപ്ര രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു. സമിതി പ്രസിഡന്റ്‌ സുരേഷ് നായർ, വയലാർ ശരത് ചന്ദ്ര വർമ, ജയരാജ്‌ വാര്യർ, ആർട്ടിസ്റ്റ് മദനൻ എന്നിവർ സമീപം