ഒച്ചകൾ നിലച്ചുപോയ വീട് (കവിത)

ഒച്ചകൾ നിലച്ചുപോയ വീട്ടകങ്ങളിലേക്ക്
ഇടയ്ക്കൊന്ന് കടന്നുചെല്ലുമ്പോൾ
പരുക്കനൊച്ചയിൽ
വാതിൽ മടിച്ചുനിൽക്കും
അധികമാരും തുറക്കാത്തതിന്റെ പരിഭവമെന്നാകാം.
മൂന്നാമതൊരു ചായക്കപ്പ് കഴുകാനെടുക്കുമ്പോൾ
അടുക്കള നനുന്നനെ
ചിരിക്കയാവാം.
ഒട്ടുനാൾകൂടി
ചിരവയും തേങ്ങാമുറിയും
രഹസ്യം പങ്കുവെക്കയാവാം
തീർപ്പുവേദിയായിരുന്ന
ഇടനാഴിയൊരുവേള
ആരീവഴി പതിവില്ലാതെയെന്ന് പരിഭ്രമിച്ചേക്കാം.
അടഞ്ഞുകിടന്നതിന്റെയാലസ്യത്തിൽ മുറികൾ
കോട്ടുവായിട്ട് മുഷിഞ്ഞിരിക്കാം.
മടക്കും തെറ്റാതെ ദിനപ്പത്രങ്ങൾ,
മലർക്കെത്തുറന്ന
വാതിൽപ്പാളിയിലൂടെ
തെറിച്ചുവീഴുന്ന ദ്രവിച്ചപൊടികൾ.
മുറ്റത്തെയതിരുലംഘിച്ച്
പരിച്ചൊകവും
തൊട്ടാവാടിയും. ഒതുങ്ങാതെ പടർന്ന കാട്ടുമുല്ലകൾ
വാട്ടം തളർത്തിയ
റോസാക്കമ്പുകൾ,
മന്ദാരയിലകൾ കൂട്ടിത്തുന്നി
നീറിൻകൂട്ടങ്ങൾ.
തറയോടുചേർന്ന്
നൂറായിരം
കുഴിയാനക്കുഴികൾ.
പുറംവാതിൽ അമർത്തിയടച്ച് ഓടമ്പലിട്ടിറങ്ങുമ്പോൾ
കൊളുത്തടർന്ന
ഇടനാഴിജനാലയുടെ
മാറാലവിടവിലൂടെ
നാലുകണ്ണുകൾ
നാലായിരം കഥപറയുന്നു
കാഴ്ചയ്ക്കറ്റം വരെയവ
കൂടെപ്പോരുന്നു.
പകൽവറ്റി
സന്ധ്യകനക്കുന്നു
ചാറ്റൽ പൊടിയുന്നു!