ഇന്ന് ലോകനാടക ദിനം : അനശ്വരമായ അഭിനയത്തിൻ്റെ അരങ്ങുകൾ

മുംബൈ: ഇന്ന് ലോകനാടക (തീയേറ്റർ) ദിനം.എല്ലാ വർഷവും മാർച്ച് 27 ന് ആഘോഷിക്കുന്ന വേൾഡ് തിയേറ്റർ ഡേ, പെർഫോമിംഗ് ആർട്സിനോടുള്ള അഭിനിവേശം കൊണ്ട് സമ്പന്നമായ ഒരു ചരിത്രമുണ്ട്. ഗ്രീക്കുകാരിൽ നിന്നാണ് തിയേറ്റർ എന്ന വാക്ക് നമുക്ക് കിട്ടിയത് . 'കാണുന്ന സ്ഥലം' എന്നാണ് അർത്ഥം. ജീവിതത്തെയും സാമൂഹിക സാഹചര്യത്തെയും കുറിച്ചുള്ള സത്യങ്ങൾ കാണാൻ ആളുകൾ വരുന്ന സ്ഥലമാണിത്. നാടകം ഒരുകാലത്തു ലോകമെമ്പാടും ഉള്ള ജനതയുടെ ഒരു വികാരമായിരുന്നു. പാശ്ചാത്യ നാടകവേദിയുടെ ഉത്ഭവം ഗ്രീസിലെ ഏഥൻസ് നഗരമെന്നത് ആർക്കും നിഷേധിക്കാൻ കഴിയാത്ത ചരിത്രമാണ്. ഗ്രീസിന്റെ സാംസ്കാരിക ഒത്തുകൂടലുകളുടെ ഒഴിവാക്കാൻ കഴിയാത്ത ഭാഗമായിരുന്നു നാടകങ്ങൾ. എല്ലാ ആഘോഷങ്ങളും ഓരോ സമൂഹങ്ങളെ ഒരുമിച്ചു ചേർത്തുനിർത്തി അവരിൽ ഐക്യവും സന്തോഷവും ഊട്ടിവളർത്താൻ വേണ്ടി ഒരുകാലത്തു ഉണ്ടാക്കിയെടുത്ത ചട്ടക്കൂടുകൾ ആയിരുന്നിരിക്കാം. നാടകങ്ങൾ ഓരോ സന്ദേശങ്ങൾ ഒരുകൂട്ടം ജനതയുടെ മനസിലേക്ക് എളുപ്പത്തിൽ എത്തിക്കാനുള്ള ഉപാധികൾ കൂടി ആയിരുന്നു.
1000 BC –146BC കാലഘട്ടത്തിലാണ് പുരാതന ഗ്രീക്ക് തിയേറ്ററുകളുടെ ഉത്ഭവം. ഇവയെ 'ആംഫി തിയേറ്ററുകൾ' എന്ന് വിളിക്കുന്നു. കുന്നിൻചരുവുകളിൽ അർദ്ധവൃത്താകൃതിയിൽ വെട്ടിനിരപ്പാക്കി ഇരിപ്പിടങ്ങൾ ഒരുക്കി ആയിരുന്നു ഇത്തരം തീയേറ്ററുകൾ നിർമിച്ചിരുന്നത്. 753BC - AD476 കാലഘട്ടത്തിൽ റോമാക്കാർ ഗ്രീക്ക് നാടക പാരമ്പര്യം പിന്തുടർന്ന് പുരാതന റോമൻ തിയേറ്ററുകൾ സ്ഥാപിച്ചു .ഗ്രീക്ക് ആംഫി തിയേറ്ററുകളോട് സാമ്യമുണ്ട് അവരുടെ തിയേറ്ററുകൾക്ക് ന്നിരുന്നാലും ഗ്രീക്കുകാരുടെ പോലെ തുറന്ന കുന്നിൻചരുവിലെ തീയേറ്ററുകൾ ആയിരുന്നില്ല പാരമ്പര്യ റോമൻ വാസ്തുശില്പകലയുടെ പ്രതിഫലം കൂടി ആയിരുന്നു റോമൻ കൊളോസിയം.ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നാടക രംഗം ന്യൂയോർക്കിലെ ബ്രോഡ്വേയിലെയും ലണ്ടനിലെ വെസ്റ്റ് എൻഡിലെയും ഉള്ള വൻ ബജറ്റ് മ്യൂസിക്കലുകളും നാടകങ്ങളും മുതൽ കേരളത്തിലെ KPCC യുടെ നാടക പ്രസ്ഥാനങ്ങൾ വരെ വ്യാപിച്ചുകിടക്കുന്നു. നാടകം ജനങ്ങളെ ബോധവത്കരിക്കാനും, രസിപ്പിക്കാനും, ഞെട്ടിക്കാനും, അഭിപ്രായം പറയാനും വിദ്യാഭ്യാസം നൽകാനുമാണ് ഉപയോഗിക്കുന്നത്. കെപിസിസി നാടകങ്ങളിലൂടെ കേരളത്തിൽ വിപ്ലവപ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചതും നമ്മൾ കണ്ടു. അത് സാധാരണക്കാരിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്.
ഒരു കാലത്ത് നാടകങ്ങൾ സമൂഹത്തിന് തുറന്ന് നേരെ പിടിച്ച കണ്ണാടിയായിരുന്നു. മനുഷ്യന്റെ വളർച്ചയെ, അവന്റെ മുന്നോട്ടുള്ള പ്രയാണത്തെ അടയാളപ്പെടുത്തുമ്പോൾ അതിൽ നാടകങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. രംഗത്ത് അവതരിപ്പിക്കുന്ന കഥകളെല്ലാം ജീവൻ തുടിക്കുന്ന സാഹിത്യ സൃഷ്‌ടികളായിരുന്ന മുൻകാലത്തെ അപേക്ഷിച്ച് ഇന്ന് അവയ്ക്ക് ആഴം കുറഞ്ഞിരിക്കുന്നു. ജി ശങ്കരപ്പിള്ള, തോപ്പിൽ ഭാസി, കാവാലം നാരായണപണിക്കർ, കെടി മുഹമ്മദ് തുടങ്ങി പ്രഗത്ഭരുടെ നിര മലയാള നാടക വേദികൾക്ക് നിറം നൽകിയ പഴയ കാലത്തിൽ നിന്ന് വ്യത്യസ്‌തമായി ഇന്ന് ജനകീയ മുഖങ്ങൾ കുറവാണ്. കെപിഎസി, കാളിദാസ കലാകേന്ദ്രം തുടങ്ങിയ വലിയ സമിതികൾ അന്ന് നമുക്കുണ്ടായിരുന്നു. ഇത്രയൊക്കെ ആണെങ്കിലും ഇന്നും നാടകത്തിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതങ്ങൾ നമ്മളറിയാതെ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ അർഹിച്ച അംഗീകാരമോ, വേദികളോ അവർക്ക് മുന്നിൽ തുറന്നിടുന്നില്ലെന്ന് മാത്രം. വേദികൾ കീഴടക്കിയ ചിലരാകട്ടെ ഭൂതകാലസ്‌മരണകൾ അയവിറക്കി, അവശതയുടെ കിടപ്പുമുറികളിൽ തടവിലാക്കപ്പെട്ടിരിക്കുന്നു .

നാടകങ്ങൾ ഉത്സവ പറമ്പുകളിൽ നിന്ന് പോലും അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും അതിന്റെ അങ്ങേത്തലയ്ക്കൽ നാടകത്തിനെ അങ്ങേയറ്റം ഗൗരവമായി സമീപിക്കുന്ന അരുൺലാലിനെപ്പോലുള്ള ഒരു കൂട്ടം ചെറുപ്പക്കാർ ഇവിടെയുണ്ടെന്നത് ഏറെ ആശ്വാസകരമാണ്. അരുൺലാലിൻ്റെ 'ലിറ്റിൽ എർത്ത് സ്ക്കൂൾ ഓഫ് തിയ്യറ്ററിൽ നിന്നും വരുന്ന നാടകങ്ങൾ അതിൻ്റെ സാമൂഹികവും കാലികവുമായ പ്രസക്തികൊണ്ടും ആവിഷ്‌കാരത്തിലെ പുതുമകൊണ്ടും വ്യത്യസ്ത അനുഭവമായി പ്രേക്ഷകരിൽ മാറുന്നുണ്ട് .നാടകം എന്ന കലയുടെ അനശ്വരതയുടെ അടയാളങ്ങൾകൂടിയാണ് നിറഞ്ഞസദസ്സിനുമുന്നിലെ ഇവരൊരുക്കുന്ന രംഗവേദികൾ.
'കുഹു 'നാളെ മുതൽ മുംബൈയിൽ
ലിറ്റിൽ എർത്ത് സ്ക്കൂൾ ഓഫ് തിയ്യറ്ററിൻ്റെ ഏറ്റവും പുതിയ നാടകമായ 'കുഹൂ' നാളെ മുംബൈ വേദിയിലെത്തും . ജീവകാരുണ്യപ്രവർത്തനത്തിൻ്റെ ഭാഗമായി ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന നാടകം മാർച്ച് 28ന്, (ശനി) വൈകുന്നേരം 7 മണിക്ക് കല്യാൺ വെസ്‌റ്റിലുള്ള കെ സി ഗാന്ധി മെമ്മോറിയൽ ആഡിറ്റോറിയത്തിലും, മാർച്ച് 29ന് ( ഞായർ)വൈകുന്നേരം 7 മണിക്ക് സിഡ്കോ എക്സിബിഷൻ സെൻ്റർ വാഷിയിലും അരങ്ങേറും.
.ഇന്ത്യയുടെ ചരിത്രത്തിന് നെടുകെയും കുറുകെയും 'കൂ...കി' കൊണ്ട് പായുന്ന ഒരു ട്രെയിനിനെ കേന്ദ്രകഥാപാത്രമാക്കി ആവിഷ്‌ക്കരിച്ച ഈ നാടകം അതിൻ്റെ കാലികപ്രസക്തിയും അവതരണമികവുംകൊണ്ട് ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.അവതരിപ്പിച്ച വേദികളിൽനിന്നെല്ലാം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ് സംവിധായകൻ അരുൺലാലും സംഘവും മുംബൈയിലെത്തുന്നത്.
നിരവധി വേദികളിൽ അവതരിപ്പിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്ന കു..ഹു നിർമ്മിച്ചത് പ്രശസ്‌ത നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിൻ്റെ 'പ്രകാശ്‌രാജ് ഫൗണ്ടേഷൻ 'ആണ്.
നാടകകലയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനും, അതോടൊപ്പം ദുരിതമനുഭവിക്കുന്ന പഴയകാല നാടക കലാകാരന്മാർക്ക് ഒരു കൈത്താങ്ങാവാനുമാണ് മുംബൈയിലെ 'കേരളീയ കേന്ദ്ര സംഘടന ' കുഹു' വിനെ മുംബൈയിലെത്തിച്ചിരിക്കുന്നത് .
എല്ലാ നാടകാസ്വാദകർക്കും 'വേൾഡ് എം ന്യൂസി'ൻ്റെ ലോകനാടകദിന ആശംസകൾ