വയലാർ അവാർഡ് ഇ.സന്തോഷ് കുമാറിന്

തിരുവനന്തപുരം: 49-ാമത് വയലാർ സാഹിത്യ പുരസ്‌കാരം ഇ സന്തോഷ് കുമാറിന്.2024-ൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'തപോമയിയുടെ അച്ഛൻ' എന്ന നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡൻ്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്‌ത ശിൽപവുമാണ് പുരസ്ക്കാരം .

024 ൽ മാധ്യമം വീക്കിലിയിലാണ് തപോമയിയുടെ അച്ഛൻ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഡി.സി ബുക്ക്സ് ഇത് പുസ്തകമാക്കുകയായിരുന്നു.അവാർഡ് വർഷത്തിന് തൊട്ടുമുമ്പുള്ള അഞ്ചു വർഷങ്ങളിൽ പ്രസിദ്ധീകരിച്ച രചനകളിൽ നിന്നാണ് ഇത്തവണ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ടി ഡി രാമകൃഷ്ണൻ, ഡോ. എൻ പി ഹാഫീസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27-ന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും.തൃശൂർ ജില്ലയിലെ പട്ടിക്കാട് സ്വദേശിയായ ഇ സന്തോഷ് കുമാർ നോവലുകളിലൂടെയും ചെറുകഥകളിലൂടെയുമാണ് മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ളത്. നാഷണൽ ഇൻഷുറൻസ് കമ്പനിയിലെ ജോലിയിൽ നിന്ന് സ്വയം വിരമിച്ചാണ് അദ്ദേഹം സാഹിത്യരചനയിൽ സജീവമായത്. 'ഗാലപാഗോസ്' ആണ് അദ്ദേഹത്തിന്റെ ആദ്യ ചെറുകഥ.വയലാർ പുരസ്‌കാരം നേടുമ്പോൾ സന്തോഷ് കുമാർ ഇതിനകം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.2012: 'അന്ധകാരനഴി' എന്ന നോവലിന് മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം.2006: 'ചാവുകളി' എന്ന ചെറുകഥാ സമാഹാരത്തിന് ആദ്യമായി കേരള സാഹിത്യ അക്കാദമി പുരസ്‌കാരം.2011: 'കാക്കര ദേശത്തെ ഉറുമ്പുകൾ' എന്ന കൃതിക്ക് ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരം.

ഇദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ നോവലാണ് ഇപ്പോൾ വയലാർ പുരസ്‌കാരത്തിന് അർഹമായ 'തപോമയിയുടെ അച്ഛൻ'.അന്ധകാരനഴിയുടെ ഇംഗ്ലിഷ് പരിഭാഷ 2016–ലെ ക്രോസ് വേഡ് പുരസ്‌കാരത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ‘ആറടി’ എന്ന ചലച്ചിത്രത്തിന് ആധാരമായ ‘ഒരാൾക്ക് എത്ര മണ്ണുവേണം’ എന്ന കഥയ്ക്ക് 2017–ലെ കേരള ചലച്ചിത്ര പുരസ്‌കാരസമിതിയുടെ സ്പെഷ്യൽ ജൂറി പരാമർശം നേടിയിരുന്നു. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കഥ അവാർഡ്, പത്മരാജൻ കഥാപുര സ്‌കാരം, ഫൊക്കാന കഥാപുരസ്‌കാരം, പ്രൊഫ. സി വി എൻ സാഹിത്യപുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും സന്തോഷ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്.