"സർഗ്ഗവിശുദ്ധിയിലൂടെ മത്സരിച്ചൊഴുകുന്ന ഒരു കാട്ടുചോലപോലെയാണ് വയലാർ ": വി.സുരേന്ദ്രബാബു

 

മുംബൈ:  വയലാർ കവിതയുടെ മുഖമുദ്ര അതിൻ്റെ രാഷ്ട്രീയ തീവ്രതയും, അതിലോലമായ കാവ്യസൗന്ദര്യവുമാണെന്ന് സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ സുരേന്ദ്രബാബു. കവി, ഗാനരചയിതാവ്, എന്നീ തലങ്ങളെയും വേർതിരിച്ചു കണ്ടുകൊണ്ട്   സർഗ്ഗപരമായ കഴിവുകളെ പരിശോധിക്കുവാൻ  കഴിയാത്ത വിധം വേർതിരിക്കാനാകാത്ത സർഗ്ഗവിശുദ്ധിയിലൂടെ മത്സരിച്ചൊഴുകുന്ന ഒരു കാട്ടുചോലപോലെയാണ് വയലാർ എന്ന പ്രതിഭാസമെന്നും അദ്ദേഹംപറഞ്ഞു.  വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച്  ഇപ്റ്റ കേരള- മുംബൈ ഘടകം ഡോംബിവിലിയിൽ സംഘടിപ്പിച്ച  'സത്യത്തിനെത്ര വയസ്സായി' എന്ന വയലാർ സ്മൃതിസന്ധ്യയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയലാറിൻ്റെ പ്രണയഗാനങ്ങളിൽ സവിശേഷമായ ഒരു പച്ചമനുഷ്യൻ്റെ സ്പർശമുണ്ടെന്നും കവിതയിൽ വിപ്ലവത്തിൻ്റെ അഗ്നി ഉണ്ടായിരുന്നെങ്കിലും, പ്രണയത്തിൽ അതിലോലമായ വികാരമായി അത് രൂപാന്തരപ്പെട്ടിരുന്നുവെന്നും പറഞ്ഞ സുരേന്ദ്രബാബു, ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ കാല്പനികതയുടെ നിഴൽപ്പാടുകൾ ഉണ്ടായിരുന്ന കവിതകൾ ആദ്യകാലത്ത് രചിച്ചിരുന്ന വയലാർ  വളരെ വേഗത്തിൽഅത് വിട്ട് സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കും വിപ്ലവ ചിന്തകളിലേക്കും തന്റെ കവിതകളെ  പറിച്ചുനട്ടുവെന്നും പറഞ്ഞു.

പച്ചമണ്ണിലെ ശാശ്വത സത്യത്തെ സ്വര്‍ണം കൊണ്ടു മൂടിയ സത്യാനന്തര കാലത്തു സ്വര്‍ഗവാതില്‍ പക്ഷിയെ കൊണ്ട് ഭൂമിയില്‍ സത്യത്തിനെത്ര വയസായി എന്ന് ചോദിപ്പിച്ച വിശ്വമാനവികതയുടെ കവിയായ വയലാറിനെ ഓർത്തു കൊണ്ടേയിരിക്കേണ്ടത് ധാർമ്മിക പ്രതിരോധമാണെന്നു സ്മൃതിസന്ധ്യയുടെ ഏകോപനം നടത്തിയ  ആർ നാരായണൻ കുട്ടി പറഞ്ഞു. ശ്രീ നാരായണ ഗുരു എന്ന വയലാർ കവിത ആലപിച്ചു കൊണ്ട്, വയലാറിൻ്റെ രാഷ്ട്രീയ സാംസ്കാരിക കാഴ്ചപ്പാടിൽ  ഗുരു ചെലുത്തിയ സ്വാധീനം  പ്രധാനമാണെന്നും അദ്ദേഹത്തിലെ  രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ കവിയാണ് വയലാറെന്നും ഇപ്റ്റ കേരള മുംബൈ ഘടകം പ്രതിനിധി  ജി.വിശ്വനാഥൻ പറഞ്ഞു.

സാബു സബാസ്റ്റ്യൻ, പദ്മനാഭൻ നായർ, അനന്യ ദിലീപ്, വൈശാഖ് നായർ, ശേഷാദ്രിനാഥൻ അയ്യർ, അഭിരാമി ബിനീഷ്, ശ്രീറാം ശ്രീകാന്ത്, പദ്മനാഭ്, ശിൽപ ഹരീഷ് നായർ, ഉണ്ണി ആചാരി, രാധിക മനോജ്, ഗ്രീഷ്മ ഷേണായ്, മനോജ്, സന്ധ്യ, അനയ്, ആദ്യ, മനോജ് ഐ . ജി, ശിവറാം എന്നിവർ കവിതകൾ ആലപിച്ചും വയലാർ സിനിമഗീതങ്ങൾ പാടിയും അവ വയലിനിൽ വായിച്ചും ഏകോപനം നടത്തിയും വയലാർ ഓർമ്മകളെ താരാട്ടു പാടിയുണർത്തി.

ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ പ്രസിഡണ്ട് ബിജു കോമത് സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരളീയ സമാജം (ഡോംബിവിലി) പ്രസിഡണ്ട് ഇ പി വാസു ആശംസകൾ അർപ്പിച്ചു.ബിജു കോമതും വി സുബ്രഹ്മണ്യനും ചേർന്ന് സുരേന്ദ്ര ബാബുവിന് ഫലകം നൽകി ആദരിച്ചു. ജോയിന്റ് സെക്രട്ടറി എൻ കെ ബാബു നന്ദി പറഞ്ഞു.