"വേലോത്സവം" - കൃഷിയുടെ നിലനിൽപ്പിനെ കുറിച്ചുള്ള മികച്ച സിനിമ (സിനിമ ആസ്വാദന കുറിപ്പ് ): മോഹൻ സി നായർ

 "വേലോത്സവം" - കൃഷിയുടെ നിലനിൽപ്പിനെ കുറിച്ചുള്ള  മികച്ച സിനിമ (സിനിമ ആസ്വാദന കുറിപ്പ് ): മോഹൻ സി നായർ

 "പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാർ തിരക്കഥയും  സംവിധാനവും നിർവഹിച്ച് പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത "വേലോത്സവം" എന്ന സിനിമയുടെ പ്രിവ്യൂ ഷോ  ഡോംബിവിലിയിൽ മധുബൻ തിയേറ്ററിൽ നടന്നു. ചിത്രം ഫേസ് ഗുരു ഫിലിം അക്കാദമിയാണ് നിർമിച്ചത്. തിയേറ്റർ പൂർണമായും നിറഞ്ഞിരുന്നു. ഇത്രയും ആളുകളെ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഷോ കഴിഞ്ഞശേഷം  സംവിധായകൻ തന്നെ പറഞ്ഞത്.

കോർപറേറ്റുകളുടെ ആധുനിക വ്യവസായ  താല്പര്യങ്ങൾക്ക് മുൻപിൽ ഇല്ലാതായേക്കാവുന്ന മണ്ണും, കൃഷി വ്യവസായവും, ഗ്രാമത്തിന്റെ ഭംഗിയും തിരിച്ചു പിടിക്കുന്നതാണ് കഥ. സംവിധായകന്റെ പഴയ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങൾ. കുടുംബത്തിലെ ഒരംഗം തമിഴ് നാട്ടിലാണെന്ന് കാണിച്ചത് കൊല്ലംകോടിന്റെ അയൽ നാടായ തമിഴ് നാട്ടിലും ചിത്രം പ്രദര്ശിപ്പിക്കുന്നതിന് വേണ്ടിയാകാം. അതും ഒരു ടിപ്പിക്കൽ തമിഴ് സ്റ്റൈൽ ഡാൻസുകാരി. 

സംവിധായകൻ്റെ  നാടുകൂടിയായ പാലക്കാട്ടെ കൊല്ലങ്കോട് എന്ന ഗ്രാമം ഛായാഗ്രാഹകൻ മുരളീകൃഷ്‌ണ അതിമനോഹരമായാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത് .ഇവിടെയാണ്  സിനിമയിലെ കേന്ദ്രകഥാപാത്രമായ മന്നാടിയാരുടെ മനോഹരമായ മാളികവീട്. നെൽവയലുകളും പനകളും മലകളും നിറഞ്ഞ ദൃശ്യ ഭംഗി. 

 സിനിമയിൽ  മനോഹരമായ  മൂന്നുഗാനങ്ങളാണുള്ളത് . ഗാനങ്ങൾ ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു . ശ്രീ പരംജ്യോതിയാണ് ഗാനരചനയും  സംഗീതസംവിധാനവും . തമിഴിൽ "പുത്തൻ പുതു നേരവും" എന്ന പേരിൽ റിലീസായ ഇതേ ചിത്രത്തിലെ ഗാനത്തിന്  മികച്ച ഗായികയ്ക്കുള്ള അവാർഡും ലഭിച്ചു കഴിഞ്ഞു . 

 കേരളത്തിലെ അഭിനേതാക്കളോടോപ്പം നാടകത്തിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള ചില മുംബൈ താരങ്ങളും സിനിമയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു എന്നതാണ് 'വേലോത്സവ'ത്തിൻ്റെ    മറ്റൊരു സവിശേഷത. സിനിമയിൽ പുതുമുഖങ്ങളാണെങ്കിലും എല്ലാവരും തങ്ങളുടെ വേഷങ്ങൾ മികച്ചരീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. അഡ്വ. പാലൂർ രാജ് കുമാർ, കൃഷ്ണനുണ്ണി മേനോൻ, അനില വിജയൻ, അനിത നമ്പ്യാർ, രാജൻ നമ്പ്യാർ, ഷാജിൻ കല്പക, അമൃതജ്യോതി ഗോപാലകൃഷ്ണൻ, സതി ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് സിനിമയിലെ മുംബൈ മുഖങ്ങൾ . കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.. ചെറിയ റോളുകളിൽ അഭിനയിച്ചവർ പോലും അവരുടെ റോളുകളോട് നീതി പുലർത്തി.

നിരവധി അഭിനേതാക്കളെയും സംവിധായകരേയും  മലയാള സിനിമയ്ക്ക്  സംഭാവനചെയ്ത പി.ചന്ദ്രകുമാറിനെപ്പോലുള്ള   ചലച്ചിത്രമേഖലയിലെ  പരിണിതപ്രജ്ഞനായ  ഒരു സംവിധായകൻ്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച  എല്ലാവർക്കും അഭിനന്ദനങ്ങളും ആശംസകളും നേരുകയാണ് .കൂടുതൽ അവസരങ്ങൾ  ഇനിയും നിങ്ങളെ തേടിയെത്തട്ടെ..! 

MOHAN C NAIR -DOMBIVLI