പ്രണയ ശലഭചിറകുകൾ (കവിത)

പ്രണയ ശലഭചിറകുകൾ (കവിത)

 

1.അക്ഷരങ്ങളൊ-രുന്നാളൊരു കവിതയായി മാറി...

ഒരിക്കലെങ്ങനെയോ കവിതയും പ്രണയവും കണ്ടുമുട്ടി...

അവരങ്ങനെ സ്നേഹിച്ചു...

കവിതകൾ മുഴുവനും പ്രണയത്തിനായി പൂത്തു...

പ്രണയമാവട്ടെ കവിതകളായി മാറി...

ചെമ്പകപ്പൂവിലും,.. പനിനീർപ്പൂവിലു-

മെന്തിനാ മണൽതീരത്തു

പോലും പ്രണയം പടർന്നുവത്രെ...!

കവിതകളാകുവാൻ വേണ്ടി...

ചിത്രശലഭത്തിന്റെയി-

രുചിറകറ്റത്തു കൂടിയവർ

പറന്നകലയ്ക്കെ-വിടെയോ...

എന്നിട്ട്...?!

ഒരുനാൾ ദൈവത്തിനസൂയ-മൂത്തത്രെ...

പ്രണയത്തെ മൃതിയെന്ന തേരിലേറ്റിയവൻ...

കവിതയോ കണ്ടില്ല...

പ്രണയമോ അറിഞ്ഞില്ല...

ഒടുവിൽ പ്രണയവും മരിച്ചോപ്പമാ

കവിതയും...!


 2. കവിതകൾ അധികവും അവളുടെ

  പ്രണയത്തിന്റെ ആഴം മാത്രമാണറിഞ്ഞത്...

 ഒരുദിനം അവ അവന്റെപ്രണയം അളക്കുവാൻ ആഗ്രഹിച്ചു...

. ഒടുവിൽ,

 കവിതകള-

 വിടെകണ്ടത്

 അവളുടെ പ്രിയപ്പെട്ട

 ഓർക്കിഡ്പൂക്കളുടെ 

 ഒരു പൂന്തോട്ടം 

 ആയിരുന്നുവത്രെ!


3. ഒരുനാൾ ഭൂമിയിൽ 

 ജാതിയും പ്രണയവും

 തമ്മിലൊരു ഘോരയുദ്ധമുണ്ടായി

 ജാതിയുടെ താണ്ഡവത്തിൽ 

 ദൈവം പോലും ഭയന്നുമാറിയത്രെ....!

  മനുഷ്യൻ തൻ അഹങ്കാരത്തിലു

- ടലെടുത്ത ജാതിയാൽ തന്നെ

   മനുഷ്യരൊരു പറ്റം ചത്തൊടുങ്ങി!

  കഴുകന്മാർ അതിനുചുറ്റും 

  വട്ടമിട്ടു പറന്നു...

  രക്തമിറ്റിറ്റു വീഴുമാ-

 വാളുകൾ വീണ്ടും വീണ്ടും ഏറ്റുമുട്ടി...

  മിന്നൽപിളർപ്പുകൾ 

 ഇരുണ്ട ആകാശത്തെയും പിളർത്തി

 ഭൂമിയിലേക്ക് ആഞ്ഞിടിച്ചു....

 ഭയന്നോടിയ ദൈവങ്ങളെല്ലാം

 സ്വർഗത്തിലൊളിച്ചു... 

 ഒടുവിൽ പ്രണയം യുദ്ധഭൂമിയിൽ മുട്ടുകുത്തി....

ആ യുദ്ധത്തിൽ ജാതി ജയിച്ചു...

 പ്രണയം വീണ്ടും തോറ്റു!


4.     ഒരു നാൾ ജീവനിൽ അലിഞ്ഞ പ്രണയമേ

        ഒരു നാൾ നീ തന്നെയെന്തിന് 

        ചതിയുടെ മഴത്തുള്ളികളായി പെയ്‌തിറങ്ങി? 

        നീയെന്ന പ്രണയത്തിൽ വിശ്വസിച്ചപ്പോൾ 

         നീ തന്ന സ്നേഹത്തിൽ ആശ്വസിച്ചപ്പോൾ 

         മരണം വിതയ്ക്കും രൗദ്രഭാവത്തോടെ 

        എന്തിന് നീ എന്നെ കവർന്നു കളഞ്ഞേൻ-

         കപടപ്രണയമേ?