"എന്ത് ചെയ്യുമ്പോഴും അത് സമൂഹത്തിൻ്റെയും വരുംതലമുറയുടേയും നന്മ ആയിരിക്കണം ലക്ഷ്യം ": രവീന്ദ്ര ചവാൻ

"എന്ത് ചെയ്യുമ്പോഴും സമൂഹത്തിൻ്റെയും വരുംതലമുറയുടേയും നന്മ ആയിരിക്കണം ലക്ഷ്യം ": രവീന്ദ്ര ചവാൻ
മുംബൈ: സംഘടനയ്ക്കുള്ളിൽ നിന്ന് പരസ്‌പരം പോരാടിയാലും ഏത് സേവന പ്രവർത്തത്തിൻ്റെയും ആത്യന്തികമായ ലക്‌ഷ്യം സമാജ നന്മയും വരുംതലമുറയ്ക്ക് ഗുണകരമാകുന്നതുമായിരിക്കണമെന്ന് മുൻ മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി രവീന്ദ്ര ചവാൻ . വിദ്യഭ്യാസരംഗത്തുള്ള കേരള സമാജത്തിൻ്റെ പ്രവർത്തനത്തിലും മുന്നേറ്റത്തിലും തനിക്കേറെ അഭിമാനമുണ്ടെന്നും ഡോംബിവ്‌ലിയുടെ ജനപ്രതിനിധികൂടിയായ ചവാൻ പറഞ്ഞു. കേരളീയസമാജം ഡോംബിവ്‌ലിയുടെ ഓണോത്സവം -2025 ൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം .
നമുക്കെല്ലാം നൽകിയത് ഡോംബിവ്‌ലിയും ഈ നഗരവുമാണെന്നകാര്യം പ്രത്യേകം ഓർക്കണമെന്നും അതുകൊണ്ടുതന്നെ ഈ നഗരത്തിൻ്റെ വികസനവും നമ്മുടെ ലക്ഷ്യമായിരിക്കണമെന്നും അദ്ദേഹം പ്രത്യേകം ഓർമ്മപ്പെടുത്തി . മുംബൈ സർവകലാശാലയുടെ 2024 -25ലെ 'ബെസ്റ്റ് കോളേജ് ' അവാർഡ്, സമാജത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ കോളേജിന് ലഭിച്ചതിൽ അദ്ധേഹം പ്രത്യേകം അഭിനന്ദിച്ചു.വർഷങ്ങളായി ഡോംബിവ്‌ലിയിലെ മലയാളി സമൂഹത്തിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന തനിക്ക് സമാജത്തിൻ്റെ ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്നും സർക്കാർ തലത്തിൽ എന്താവശ്യങ്ങൾ വരുമ്പോഴും അതിനുവേണ്ടി പ്രവർത്തിക്കാൻ എല്ലാ കാലത്തും താനുണ്ടാകുമെന്നും അദ്ദേഹം സദസ്സിന് ഉറപ്പു നൽകി.
മോഡൽ കോളേജ് അങ്കണത്തിൽ അരങ്ങേറിയ ഓണാഘോഷ സംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ഇ.പി .വാസു അധ്യക്ഷത വഹിച്ചു .പ്രമുഖ നടൻ കോട്ടയം രമേശ് ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.ഓണം ജാതിമതഭേദമന്യേ എല്ലാവരും ഒരുമിച്ചുചേർന്ന് ആഘോഷിക്കുന്ന ഒരു ദേശീയോത്സവമാണെന്നും നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തേയും ചേർത്തുപിടിച്ചുകൊണ്ടാണ് മലയാളികൾ എവിടെയും പോകാറുള്ളതെന്നും ഓണാഘോഷങ്ങളിലെല്ലാം അത് പ്രതിഫലിക്കാറുണ്ട് എന്നും ഇപി വാസു പറഞ്ഞു.
കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ കാലത്ത് എല്ലാവരും ഒരുമിച്ചു ചേർന്ന് ആഘോഷിക്കാറുള്ള ഓണം അതെ സംസ്‌കാരത്തേയും പൈതൃകത്തേയും പിന്തുടർന്നുകൊണ്ട് സമാജം അംഗങ്ങളെല്ലാം ഒരുകുടുംബമായിമാറി ആഘോഷിക്കുന്നതാണ് ഡോംബിവ്‌ലി സമാജത്തിൻ്റെ ഓണമെന്ന് സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയൽ പറഞ്ഞു.തുടർന്നദ്ദേഹം പഠനരംഗത്ത് മോഡൽ കോളേജ് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും വികസനപ്രവർത്തനങ്ങളെക്കുറിച്ചും സമാജം അംഗങ്ങൾക്കായി ചെയ്തുവരുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കുറിച്ചും വിശദീകരിച്ചു. അഭിനയരംഗത്തുള്ള തന്റെ കടന്നുവരവിനെക്കുറിച്ചും ആ മേഖലയിൽ തനിക്കു വളരാൻ കരുത്തുനൽകിയ ആത്മവിശ്വാസത്തെയും നിശ്ചദാർഢ്യത്തെയും പ്രയത്നങ്ങളെക്കുറിച്ചും വളരുന്ന കലാകാരന്മാർക്ക് പ്രചോദനം നൽകുന്ന വിധം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് കോട്ടയം രമേശ് സംസാരിച്ചു.അദ്ദേഹത്തെ സമാജം ഭാരവാഹികൾ വേദിയിൽ ആദരിച്ചു.
മോഡൽകോളേജ് പ്രിൻസിപ്പൽ ഡോ. രവീന്ദ്ര ബംബാദ്ക്കർ ,'രാത്രി ച പവസ് ' എന്ന മറാഠി സിനിമയിലൂടെ അന്താരാഷ്ട അംഗീകാരങ്ങൾ നേടിയ സമാജം അംഗം കൂടിയായ ഷൈൻരവി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.കലാ-സാംസ്‌കാരിക വിഭാഗം സെക്രട്ടറി കെ കെ.സുരേഷ്ബാബു ആമുഖമായി സംസാരിച്ചു .സെക്രട്ടറി രാജശേഖരൻ നായർ സ്വാഗതവും ഫൈനാൻസ് സെക്രട്ടറി ബിനോയ് തോമസ് നന്ദിയും പറഞ്ഞു . കോർപ്പറേറ്റർ ആശിഷ് ഷേലാർ ഗവേർണിംഗ് കൗൺസിൽ അംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
പ്രൗഢഗംഭീരമായ സദസ്സോടെ രാവിലെ മുതൽ രാത്രിവരെ നീണ്ടു നിന്ന ഓണാഘോഷം സമാജം കുടുംബാംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളാൽ സമ്പന്നമായിരുന്നു . വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.