താനെ മന്ദിരസമിതിയിൽ വനിതാദിനം ആഘോഷിച്ചു

താനെ മന്ദിരസമിതിയിൽ വനിതാദിനം  ആഘോഷിച്ചു

താനെ: ശ്രീനാരായണ മന്ദിരസമിതി താനെ യൂണിറ്റ്  വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം  ആഘോഷിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളുടെ സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി.മന്ദിര സമിതി  പ്രസിഡന്റ് എം. ഐ. ദാമോദരൻ വിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ. മോഹൻദാസ് ആശംസകൾ നേർന്നു.

ചടങ്ങിൽ താനെ മേയർ ശർമിള പിംബ്ലാക്കർ ഗായ്ക്ക്വാഡ് മുഖ്യാതിഥിയായിരുന്നു.“വനിതാദിനം ആഗോളതലത്തിൽ സ്ത്രീകളുടെ ശക്തിയെയും ആത്മവിശ്വാസത്തെയും കുറിച്ച് ഓർമിപ്പിക്കുന്ന  ദിനമാണെന്നും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയിൽ സ്ത്രീകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും  താനെ നഗരസഭാ മേയർ ശർമിള പിംബ്ലാക്കർ ഗായ്ക്ക്വാഡ് അഭിപ്രായപ്പെട്ടു. . താനെയിലെ മലയാളി സമൂഹത്തോട്  തനിക്ക് അടുത്ത ബന്ധമുണ്ട്. അവരുടെ വിവിധ പരിപാടികളിലും അയ്യപ്പ പൂജകളിലും വർഷങ്ങളായി താൻ നിറഞ്ഞ സന്തോഷത്തോടെയാണ് പങ്കെടുക്കുന്നതെന്നും എല്ലാ വനിതകൾക്കും  ഹൃദയം നിറഞ്ഞ വനിതാദിനാശംസകൾ നേരുന്നുവെന്നും അവർ തുടർന്ന് പറഞ്ഞു. കോർപ്പറേറ്റർ ഡോ. ദർശന യോഗേഷ് ജാൻകർ, മുൻ കോർപ്പറേറ്റർ സംഗീത പാട്ടിൽ എന്നിവർ വിശിഷ്ടാതിഥികളായിപങ്കെടുത്തു .

പരിപാടിയുടെ ഭാഗമായി യൂണിറ്റിലെ വനിതാ കൗൺസിലർമാരെയും മുതിർന്ന വനിതാ അംഗങ്ങളെയും ആദരിച്ചു. സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തെയും സേവനത്തെയും ആദരിക്കുന്ന രീതിയിലായിരുന്നു ഈ ചടങ്ങ്. സമിതിയിലെ വനിതാ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രശസ്ത കഥകളി കലാകാരി താര വർമ്മയുടെ  ‘നവരസം’ പ്രേക്ഷകരുടെ കൈയടി നേടി.വനിത വിഭാഗം കൺവീനർ ജയശ്രീ ബാലൻ അധ്യക്ഷത വഹിച്ചു. ബിന്ദു ഷിജുകുമാർ പരിപാടി ഏകോപിപ്പിച്ചു.പ്രമീള സുരേന്ദ്രൻ, സാലി മണി, നോബി പ്രദീപ്, പ്രസീത ഉണ്ണികൃഷ്ണൻ, പബിത ലാൽ രാജ് എന്നിവർ അതിഥികളെ ആദരിച്ചു. സമിതിയിലെ വനിതാ അംഗങ്ങൾ ചേർന്നാണ് ഉച്ചഭക്ഷണം ഒരുക്കിയത്. പരിപാടി പൊതുവെ വനിതകൾ തന്നെയായിരുന്നു  നിയന്ത്രിച്ചത്.