പ്രശസ്‌ത കഥാകാരി ആർ രാജശ്രീ നാളെ മുംബൈയിൽ

പ്രശസ്‌ത കഥാകാരി ആർ രാജശ്രീ  നാളെ മുംബൈയിൽ

മുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ സാഹിത്യ സദസ്സായ 'അക്ഷരസന്ധ്യ'യുടെ 11-ാം വാർഷികം  പ്രശസ്ത നോവലിസ്റ്റ് ആർ. രാജശ്രീ ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം 6 മണിക്ക് നെരൂൾ സമാജം ഹാളിൽ നടക്കുന്ന പരിപാടിയിൽ 'കാലം ദേശം എഴുത്ത് 'എന്ന വിഷയത്തിൽ ആർ . രാജശ്രീ പ്രഭാഷണം നടത്തും.മുഖാമുഖം, നോവൽചർച്ച, മറുകുറി, കഥാഖ്യാനങ്ങൾ എന്നിവയും അരങ്ങേറും.എഴുത്തുകാരി, അധ്യാപിക, കോളമിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായ രാജശ്രീ മികച്ച പ്രഭാഷക കൂടിയാണ്.   ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’, ‘ആത്രേയകം’, എന്നീ നോവലുകളിലൂടെ സാഹിത്യരംഗത്ത് വലിയ സ്വീകാര്യത ലഭിച്ചു.  രാജശ്രീയുടെ ആദ്യ നോവൽ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'സമൂഹമാധ്യമത്തിലൂടെ  ഒരു പരമ്പരയായി പുറത്തു വരികയായിരുന്നു. നോവൽ പിന്നീട് പുസ്തകമാവുകയും നിരവധി പതിപ്പുകളിലൂടെ സാഹിത്യചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തു. ആഖ്യാനത്തിന്റെ വ്യത്യസ്തതകൊണ്ടും പാത്രസൃഷ്ടിയുടെ സവിശേഷതകൾകൊണ്ടും  ഗ്രാമീണജീവിതത്തിന്റെ ആർജ്ജവം കൊണ്ടും നാട്ടുഭാഷകളുടെ സൂക്ഷ്‌മാവതരണം കൊണ്ടുമാണ് നോവൽ ശ്രദ്ധേയമായത്. പ്രകാശനത്തിനു മുമ്പെ ആദ്യപതിപ്പ് വിറ്റുതീർന്ന  ഈ നോവലിന് 2021-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്  ലഭിച്ചു. 

പരിപാടിയെകുറിച്ചുള്ള വിവരങ്ങൾക്ക് :  9821424978

ആർ. രാജശ്രീ

 കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ജനനം. പയ്യന്നൂർ കോളേജ്, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി, ഗവ. ട്രെയിനിംഗ് കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഡോ. കെ.. പി. മാലതിയുടെ കീഴിൽ "സ്ത്രീ സ്വത്വനിർമ്മിതി സ്ത്രീരചനകളിൽ" എന്ന വിഷയത്തെ മുൻനിർത്തി നടത്തിയ പഠനത്തിന് കണ്ണൂർ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചു. 2000 മുതൽ 2005 വരെ കോഴിക്കോട് സെൻ്റ് ജോസഫ്‍സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച് എസ് എസിലും പിന്നീട് വിവിധ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളുകളിലും അദ്ധ്യാപികയായി പ്രവർത്തിച്ചു. തുടർന്ന് കോഴിക്കോട് ഗവ. ആർട്സ് കോളേജ്, കണ്ണൂർ കെ. എം. എം. ഗവ. വനിതാ കോളേജ്, ഗവ. കോളേജ്, കാസറഗോഡ് എന്നീ കലാലയങ്ങളിൽ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള പഠനവിഭാഗം - ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.