അമേരിക്ക - ഇറാൻ യുദ്ധത്തിന് വിരാമം: കരാർ ജൂൺ 19ന്; സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ

വാഷിങ്ടൺ: മാസങ്ങൾ നീണ്ട അമേരിക്ക - ഇറാൻ യുദ്ധത്തിന് വിരാമമിട്ട് ഇരുരാജ്യങ്ങളും തമ്മിൽ 60 ദിവസത്തെ ചരിത്രപരമായ വെടിനിർത്തൽ കരാറിലെത്തി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലും കരാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂൺ 19ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വച്ച് ഇരുരാജ്യങ്ങളും കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്ക്കും.
ഇറാൻ്റെ ഉപവിദേശകാര്യ മന്ത്രി കാസെം ഗരീബാബാദിയും അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസുമാണ് കരാറിൽ ഒപ്പുവയ്ക്കുക. ചടങ്ങിൽ ഡൊണാൾഡ് ട്രംപും പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കരാറിൻ്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറന്നുകൊടുക്കാനും ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പിൻവലിക്കാനും തീരുമാനമായി. എണ്ണ നീക്കം പുനരാരംഭിക്കാമെന്ന് ട്രൂത്ത് സോഷ്യലിലൂടെ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ്റെ ആണവ പദ്ധതികൾ, മറ്റ് ഉപരോധങ്ങൾ എന്നിവ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ 60 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ നടക്കുന്ന തുടർചർച്ചകളിൽ കൈക്കൊള്ളും.പാകിസ്ഥാൻ്റെയും ഖത്തറിൻ്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ യാഥാർഥ്യമായത്. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലെയും സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. എന്നാൽ യുദ്ധം അവസാനിപ്പിക്കുക, ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക എന്നീ വാഗ്ദാനങ്ങൾ അമേരിക്ക പാലിച്ചാൽ മാത്രമേ അന്തിമ കരാറിനായുള്ള ചർച്ചകളിലേക്ക് കടക്കൂ എന്ന് ഇറാൻ്റെ ഉപവിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി. അമേരിക്കയുടെ നടപടികൾ നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ പിന്മാറണമെന്ന് ഇറാൻ
ഇസ്രയേൽ ലെബനനിൽ നടത്തിയ ബോംബാക്രമണങ്ങളെ തുടർന്ന് കരാർ ചർച്ചകൾ വലിയ പ്രതിസന്ധിയിലായിരുന്നു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3500ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ലെബനൻ മണ്ണിൽ നിന്നും ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറണമെന്ന കർശന നിബന്ധന ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ ഇസ്രയേലോ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവോ നേരിട്ട് പങ്കാളികളായിട്ടില്ല. അതിനാൽ ഹിസ്ബുല്ല ആക്രമണം തുടർന്നാൽ ഇസ്രയേൽ ശക്തമായി തിരിച്ചടിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
സമാധാന കരാറിലെത്താൻ ശ്രമിക്കുന്നതിനിടെ ബെയ്റൂത്തിലെ ദാഹിയ മേഖലയിലുള്ള ഹിസ്ബുല്ല കമാൻഡ് സെൻ്ററിൽ ഇസ്രയേൽ പ്രതിരോധ സേന ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിന് നേരെ വ്യോമാക്രമണം ഉണ്ടായതിന് മറുപടിയായാണ് നടപടിയെന്ന് സൈന്യം വിശദീകരിച്ചു. എന്നാൽ തെക്കൻ ലെബനനിലെ ഖാന്തറയിൽ ഇസ്രയേൽ സൈനികർക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുല്ലയും അവകാശപ്പെട്ടു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുള്ള ആക്രമണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ആക്രമണത്തിന് മുൻപ് ഇസ്രയേൽ അമേരിക്കയെ വിവരം അറിയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
വെടിനിർത്തൽ നിലനിൽക്കെയുള്ള ഇസ്രയേൽ ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് അപലപിച്ചു. പരമാവധി സംയമനം പാലിക്കാൻ എല്ലാ കക്ഷികളും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ബെയ്റൂത്തിലെ ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബഗർ സോൽഗാദർ മുന്നറിയിപ്പ് നൽകി.
സ്വാഗതം ചെയ്ത് ലോകനേതാക്കൾ
ഹോർമുസ് കടലിടുക്ക് തുറക്കാനും മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടുള്ള കരാറിനെ ലോകനേതാക്കൾ ഒന്നടങ്കം സ്വാഗതം ചെയ്തു. സുസ്ഥിര സമാധാനം ഉറപ്പാക്കുന്നതിനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പാണ് കരാറെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി പ്രതികരിച്ചു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള സുപ്രധാന തീരുമാനമാണിതെന്ന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുമുള്ള വലിയ ചുവടുവയ്പാണ് കരാറെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ വ്യക്തമാക്കി. ആഗോള സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന നയതന്ത്ര നേട്ടമാണിതെന്ന് ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസും ഹോർമുസ് കടലിടുക്ക് അടിയന്തരമായി തുറക്കണമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നത് ഇന്ത്യക്കാർക്കും മലയാളികൾക്കും ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.