യുക്രൈനിലെ നഗരങ്ങളിൽ റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 9 പേർ കൊല്ലപ്പെട്ടു.

കീവ് :യുക്രെയ്നിൽ റഷ്യയുടെ അതിരൂക്ഷമായ വ്യോമാക്രമണം. തലസ്ഥാനമായ കീവിലും ഖാർകീവിലുമുണ്ടായ ആക്രമണങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു . ചരിത്രപ്രസിദ്ധമായ യുനെസ്കോ പൈതൃക കേന്ദ്രമായ കീവ് പെച്ചേർസ്ക് ലാവ്ര ആശ്രമത്തിന് നേരെ റഷ്യൻ മിസൈൽ ആക്രമണമുണ്ടാവുകയും ആശ്രമത്തിൽ വൻ തീപിടുത്തം ഉണ്ടാവുകയും ചെയ്തു. ആക്രമണത്തിൽ കീവിൽ നാല് പേരും ഖാർകീവിൽ അഞ്ച് രക്ഷാപ്രവർത്തകരുമാണ് മരിച്ചത്. 23 പേർക്ക് പരിക്കേറ്റു. കീവിലെ 1,40,000ത്തോളം ആളുകൾക്ക് വൈദ്യുതി ബന്ധം നഷ്ടമായി.റഷ്യൻ നഗരമായ തുലയിലും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. ഇതിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ആക്രമണം രൂക്ഷമായത്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ചർച്ച ചെയ്തതായി സെലെൻസ്‌കി വ്യക്തമാക്കി. മധ്യേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നതിനിടെയാണ് ഇരുരാജ്യങ്ങളും കനത്ത ആക്രമണങ്ങൾ തുടരുന്നത്.