നിർണായക ഘട്ടത്തിൽ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭ ശക്തമായിഅപലപിച്ചു

ബെയ്റൂത്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ലെബനൻ തലസ്ഥാനമായ ബെയ്റൂതിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ. വെടിനിർത്തൽ കരാർ നിലനിൽക്കെ നടത്തിയ ആക്രമണം സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.നിലവിലെ സംഘർഷങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിലെത്താൻ സാധ്യതയുള്ള നിർണായക സമയത്താണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇത് ലോകത്തിൻ്റെ സാമ്പത്തിക മേഖലയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഈ സാഹചര്യത്തിൽ എല്ലാ വിഭാഗങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും, അമേരിക്കയും ഇറാനും നടത്തുന്ന സമാധാന ശ്രമങ്ങൾ വിജയത്തിലെത്തുമെന്ന് ശക്തമായി പ്രതീക്ഷിക്കുന്നതായും എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ഗുട്ടെറസ് കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ചരക്കുനീക്കമടക്കം തടസ്സപ്പെട്ടത് ആഗോള വിപണിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.
തിരിച്ചടിക്കുമെന്ന് ഇറാൻ
ബെയ്റൂതിലെ ആക്രമണത്തിന് ഇസ്രയേലിന് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഘെർ സോൽഘദർ മുന്നറിയിപ്പ് നൽകി. ഇസ്‌ലാമിക് റിപ്പബ്ലിക്കിൻ്റെ ലക്ഷ്മണരേഖ ലംഘിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലെബനൻ ഇറാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നും, മേഖലയുടെ പ്രതിരോധത്തിനായി വിവിധ മുന്നണികളുടെ ഐക്യം ഒരു സുരക്ഷാ ശൃംഖല തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവിയോട് പറഞ്ഞു.
ബെയ്റൂതിലെ ദാഹിയ മേഖലയിലുള്ള ഹിസ്ബുല്ലയുടെ കമാൻഡ് സെൻ്ററാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) ആക്രമിച്ചത്. ഇസ്രയേൽ പ്രദേശത്തേക്ക് ഹിസ്ബുല്ല വ്യോമാക്രമണം നടത്തിയതിന് മറുപടിയായാണ് തങ്ങളുടെ നടപടിയെന്ന് സൈന്യം വിശദീകരിച്ചു. തെക്കൻ ലെബനനിൽ നിലയുറപ്പിച്ചിട്ടുള്ള ഇസ്രയേൽ സൈനികർക്കും സാധാരണക്കാർക്കുമെതിരെ ആക്രമണം നടത്താൻ ഹിസ്ബുല്ല ഈ കേന്ദ്രമാണ് ഉപയോഗിച്ചിരുന്നതെന്ന് ഐഡിഎഫ് ടെലിഗ്രാമിലൂടെ അറിയിച്ചു. അതേസമയം, തെക്കൻ ലെബനനിലെ ഖാൻ്ററയിൽ ഇസ്രയേൽ സൈനികർക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുല്ലയും അവകാശപ്പെട്ടു.
ആക്രമണം പാടില്ലായിരുന്നുവെന്ന് ട്രംപ്
ഇസ്രയേൽ നടപടിയെ വിമർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. ഇറാനുമായുള്ള സമാധാന ചർച്ചകൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ബെയ്റൂതിൽ ഇസ്രയേൽ ആക്രമണം നടത്താൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്ര ശ്രമങ്ങളെ അപകടത്തിലാക്കുന്ന ഇത്തരം നീക്കങ്ങൾ ഒഴിവാക്കണമെന്നും, എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അഭ്യർഥിച്ചു. അതിനിടെ, ബെയ്റൂതിൽ ആക്രമണം നടത്തുന്നതിന് മുൻപ് ഇസ്രയേൽ അമേരിക്കയെ വിവരം അറിയിച്ചിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന തിരിച്ചടി നേരിടാൻ ഇസ്രയേൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.