കുരുക്ക് മുറുകുന്നു ! വീണാ വിജയൻ ഉൾപ്പെടെ 9 പേർക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നോട്ടീസ്

എറണാകുളം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കിടയാക്കിയ മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). പിണറായി വിജയൻ്റെ മകളും ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിൻ്റെ ഉടമയുമായ വീണ വിജയന് ഇഡി സമൻസ് അയച്ചു. വരും ദിവസങ്ങളിൽ കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകാൻ സാധ്യതയുള്ള നീക്കമാണിത്. വരുന്ന വെള്ളിയാഴ്ച (ജൂണ് 12) രാവിലെ കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.വീണ വിജയൻ ഉൾപ്പെടെ ആകെ ഒമ്പത് പേർക്കാണ് നിലവിൽ ഇഡിയുടെ നോട്ടീസ്. വിവാദ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൻ്റെ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയോടും ഇതേ ദിവസം കൊച്ചി ഓഫിസിൽ ഹാജരാകാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്.
പരമാവധി തെളിവുകൾ ശേഖരിച്ച് ഇഡി
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ലഭ്യമായ പരമാവധി തെളിവുകളും രേഖകളും ശേഖരിച്ച ശേഷമാണ് ഇഡി ഇപ്പോൾ ആരോപണവിധേയരെ നേരിട്ട് ചോദ്യം ചെയ്യുന്നതിലേക്ക് കടക്കുന്നത്. മാസപ്പടി ആരോപണം ഉയർന്നത് മുതൽ വിവിധ ഏജൻസികൾ അന്വേഷണം നടത്തിവരികയായിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി നടത്തുന്ന ഈ നീക്കം കേസിൽ വളരെ നിർണായകമാണ്.എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽ രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കമ്പനികൾ തമ്മിലുള്ള കരാറുകൾ എന്നിവയെല്ലാം ഇഡി വിശദമായി പരിശോധിച്ചിരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥരിൽ നിന്നും നേരത്തെ ശേഖരിച്ച മൊഴികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വീണ വിജയനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഇഡി ഡയറക്ടറുടെ നേരിട്ടുള്ള മേൽനോട്ടം
കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് കേന്ദ്ര ഏജൻസി നീങ്ങുന്നത്. ഇഡി ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ നേരിട്ടെത്തിയിരുന്നു. കൊച്ചിയിലെത്തിയ ഡയറക്ടർ അന്വേഷണ ഉദ്യോഗസ്ഥരുമായി മണിക്കൂറുകൾ നീണ്ട വിശദമായ ചർച്ച നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു.ലഭ്യമായ തെളിവുകൾ നിയമപരമായി എത്രത്തോളം ശക്തമാണെന്ന് വിലയിരുത്തിയ ശേഷമാണ്, ഉന്നത ഉദ്യോഗസ്ഥരുടെ പൂർണ്ണ അനുമതിയോടെ സമൻസ് അയക്കാൻ ഇഡി തീരുമാനിച്ചത്. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള കേസ് ആയതിനാൽ പൂർണ്ണമായ തെളിവുകളുടെ ബലത്തിലാണ് ഇഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് എക്സാലോജിക് കമ്പനിക്കും വീണ വിജയനും നൽകാത്ത സേവനങ്ങൾക്ക് പണം നൽകിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദങ്ങൾക്ക് വഴിവച്ചത്.
ഇതിന് പിന്നാലെയാണ് ഇഡിയും എസ് എഫ്ഐഒയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചത്. വെള്ളിയാഴ്ച വീണ വിജയൻ ഇഡിക്ക് മുന്നിൽ ഹാജരാകുമോ അതോ കൂടുതൽ സമയം ആവശ്യപ്പെടുമോ എന്നതും അറിയേണ്ടിയിരിക്കുന്നു. വരും ദിവസങ്ങളിൽ ഈ സമൻസിനെച്ചൊല്ലിയും ചോദ്യം ചെയ്യലും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കും സമരങ്ങൾക്കും കാരണമായേക്കാം.
ഇതിനെല്ലാം വഴിതുറന്നത് കഴിഞ്ഞ വെള്ളിയാഴ്ച (ജൂൺ 5) കേരള ഹൈക്കോടതി നൽകിയ വിധിയാണ്. ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎൽ കമ്പനിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പൂർണമായും തള്ളി. ഒരു ക്രിമിനൽ കേസോ എഫ്.ഐ.ആറോ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഇഡിക്ക് പൂർണ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.കഴിഞ്ഞ മാസം അവസാനം മുഖ്യമന്ത്രിയുടെയും മന്ത്രി മുഹമ്മദ് റിയാസിൻ്റെയും വീടുകളിലടക്കം ഇഡി വിപുലമായ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ വീണാ വിജയൻ്റെയും എക്സാലോജിക് കമ്പനിയുടെയും ഉൾപ്പെടെ 242 ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിക്കുകയും 18.36 കോടി രൂപ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനും ഇഡി പദ്ധതിയിടുന്നുണ്ട്. എക്സാലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്ന് സേവനം നൽകാതെ 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇടിയുടെ പ്രധാന കണ്ടെത്തൽ. വരും ദിവസങ്ങളിൽ വീണയെയും സിഎംആർഎൽ ഉദ്യോഗസ്ഥരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.