കേരളീയസമാജം ഡോംബിവ്‌ലിയുടെ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി : ഇന്ന്, നടൻ അശോകൻ മുഖ്യാതിഥി

മുംബൈ : കേരളീയസമാജം ഡോംബിവ്‌ലിയുടെ  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തിനും  വാർഷികാഘോഷത്തിനും(വജ്ര പ്രഭ )ഡോംബിവ്‌ലി ഈസ്റ്റിലുള്ള എംഐഡിസി ഗ്രൗണ്ടിൽ തുടക്കമായി.

 ശനിയാഴ്ച്ച  നടന്ന സാംസ്‌കാരികസമ്മേളനം വിശിഷ്ടാതിഥികളായ ഡെപ്യൂട്ടി മേയർ രാഹുൽ ദാമ്പെ ,കോപ്പറേറ്റർ  ശാരദചൗധരി ,സമാജം ഭരണസമിതി അംഗങ്ങൾ എന്നിവർ   ചേർന്ന് ഭദ്രദീപം തെളിച്ച്‌  ഉദ്ഘാടനം ചെയ്‌തു .  പ്രസിഡൻറ് ഇ പി വാസുവിൻ്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി രാജശേഖരൻ നായർ സ്വാഗതംപറഞ്ഞു .സമാജം നടത്തിവരുന്ന  വിവിധ ക്ഷേമ -സേവന പ്രവർത്തനങ്ങളെക്കുറിച്ചും സമാജത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ നേടിയ നേട്ടങ്ങളെക്കുറിച്ചും വിദ്യാഭ്യാസരംഗത്ത് നേടിയ അസൂയാവഹമായ മുന്നേറ്റങ്ങളെക്കുറിച്ചും ചെയർമാൻ വർഗീസ് ഡാനിയൽ ആശംസ പ്രഭാഷണത്തിൽ  വിശദീകരിച്ചു.  സമാജത്തിൻ്റെ  സ്കൂളുകളിൽ അയ്യായിരത്തിൽ പരംവിദ്യാർത്ഥികളും  200 ഓളം സ്റ്റാഫുകളും കോളേജിൽ 6800 ൽ പരം വിദ്യാർത്ഥികളും 300 ൽ അധികം സ്റ്റാഫുകളും ഉണ്ടെന്നറിയിച്ച  വർഗ്ഗീസ് ഡാനിയൽ  മഹാരാഷ്ട്രയിലെ   മികച്ച കോളേജിനുള്ള അവാർഡ് ഈ വർഷം  സമാജത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽകോളേജിനാണ്   ലഭിച്ചതെന്ന സന്തോഷ വാർത്തയും സദസ്സുമായി പങ്കുവെച്ചു.  കേരളീയ സമാജം  അംഗങ്ങൾക്കായി ,സ്വയംതൊഴിൽ ചെയ്യുന്നതിനായി  പലിശരഹിതവായ്പയായി ഒരു ലക്ഷം രൂപ സ്ത്രീകളുടെ ഉന്നമനത്തിന് നൽകുന്നുണ്ടെന്നും ഒരു കോടിരൂപ  കലയ്ക്കും കലാകാരന്മാരുടെ പ്രവർത്തനങ്ങൾക്കും  മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മാതൃഭാഷാ ദിനത്തിൽ തന്നെ സമാജത്തിൻ്റെ  വാർഷികാഘോഷം നടത്താൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും സമാജം ഒരു  സാംസ്കാരിക വിളക്കുമാടം ആണെന്നും  കലാ സാംസ്കാരിക വിഭാഗം സെക്രട്ടറി  സുരേഷ് ബാബു പറഞ്ഞു. തുടർന്ന് സ്മരണികയുടെ പ്രകാശനം വിശിഷ്ടാതിഥിയും കെഡിഎംസി ഡെപ്യുട്ടി മേയറുമായ  രാഹുൽ  ദാമ്പെ നിർവഹിച്ചു. ട്രഷർ മനോജ്  നായർ നന്ദി പറഞ്ഞു . തുടർന്ന്  സമാജത്തിൻ്റെ  മുൻകാല ഭരണസമിതി അംഗങ്ങളെ   ആദരിച്ചു . സമാജംഅംഗങ്ങൾ  അവതരിപ്പിച്ച  വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു. 

ഇന്ന് വൈകുന്നേരം 5മണിക്ക്  ആരംഭിക്കുന്ന  സാംസ്‌കാരിക സമ്മേളനത്തിൽ ചലച്ചിത്ര നടൻ അശോകൻ മുഖ്യാതിഥിയായിരിക്കും.ചടങ്ങിൽ കല്യാൺ എംപി ഡോ.ശ്രീകാന്ത് ശിന്ദേ, ഡോംബിവ്‌ലി എംഎൽഎ മാരായ  രവീന്ദ്രചവാൻ, രാജേഷ് മോറെ എന്നിവർ വിശിഷ്ടാഥികളായി പങ്കെടുക്കും. പ്രശസ്‌ത പിന്നണിഗായകൻ അൻവർ സാദത്ത് നയിക്കുന്ന മ്യുസിക്കൽ കോമഡിനൈറ്റും അരങ്ങേറും . സാമൂഹ്യസാംസ്‌കാരികരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.