7വർഷം ബിജെപി അധ്യക്ഷ പദവി; ആവശ്യങ്ങൾ നേതൃത്വo അംഗീകരിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് അണ്ണാമലൈ

7വർഷം ബിജെപി അധ്യക്ഷ പദവി; ആവശ്യങ്ങൾ നേതൃത്വo അംഗീകരിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് അണ്ണാമലൈ

ന്യുഡൽഹി: തമിഴ്‌നാട് ബിജെപിയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുമായി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. പാർട്ടി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ കർശന ഉപാധികളുമായി രംഗത്തെത്തിയ അണ്ണാമലൈ, താൻ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ പാർട്ടി വിടുമെന്ന സൂചനയാണ് നൽകുന്നത്. തമിഴ്‌നാട്ടിൽ ദീർഘകാലത്തേക്ക് തന്നെ അധ്യക്ഷനായി നിയമിക്കണമെന്നും, ചുരുങ്ങിയത് ഏഴ് വർഷം തുടർച്ചയായി അധികാരം നൽകണമെന്നുമാണ് അണ്ണാമലൈയുടെ ആവശ്യം. ഇത് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ പാർട്ടി വിട്ടുപോകാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഒരു പുതിയ പാർട്ടി രൂപീകരിക്കാനാണ് അണ്ണാമലൈയുടെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.അണ്ണാമലൈയുടെ കടുത്ത തീരുമാനത്തിൽ ആശങ്കയിലായ ബിജെപി കേന്ദ്ര നേതൃത്വം, പാർട്ടി വിടരുതെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. അണ്ണാമലൈ പാർട്ടി വിട്ടാൽ തമിഴ്‌നാട് ബിജെപിയിൽ വലിയൊരു കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന ഭയം പാർട്ടി നേതൃത്വത്തിനുണ്ട് .

ചൊവ്വാഴ്ച ദേശീയ അധ്യക്ഷ നിതിൻ നബിന്ന്  അണ്ണാമലൈ രാജിക്കത്ത് സമർപ്പിച്ചിരുന്നു . നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ചുള്ള റിപ്പോർട്ടും ഇതിനോടൊപ്പം അദ്ദേഹം നൽകിയിട്ടുണ്ട്. രാജിക്കത്ത് നൽകിയ ശേഷം ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അണ്ണാമലൈയോട് ഡൽഹിയിൽ തന്നെ തുടരാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, തമിഴ്‌നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ പാർട്ടി അധ്യക്ഷൻ  ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ 11 ശതമാനമുണ്ടായിരുന്ന ബിജെപിയുടെ വോട്ടുവിഹിതം നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് എഐഎഡിഎംകെയുമായുള്ള സഖ്യം മൂലമാണെന്ന് അണ്ണാമലൈ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. നിയമസഭയിലെ പാർട്ടി പ്രാതിനിധ്യം നാലിൽ നിന്ന് ഒന്നിലേക്ക് ചുരുങ്ങിയതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അമിത് ഷായുമായുള്ള ചർച്ചകൾക്ക് ശേഷം അണ്ണാമലൈ നിലപാടിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. എന്നാൽ, രാജിവെക്കാനുള്ള തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.