എട്ടാം ശമ്പള കമ്മീഷൻ അന്തിമ സമയപരിധി വീണ്ടും നീട്ടി; പുതിയ നിരക്കുകൾ ഉടൻ

ന്യുഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട എട്ടാം ശമ്പള കമ്മീഷൻ നടപടികളിൽ നിർണായകമായ പുതിയ തീരുമാനങ്ങൾ പുറത്തുവന്നു. കമ്മീഷന് മുന്നിൽ വിവിധ ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ യൂണിയനുകൾക്കും തങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി നൽകിയിരിക്കുകയാണ്. സംഘടനകൾക്ക് ആവശ്യങ്ങൾ കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കാൻ അവസരമൊരുക്കുന്നതിനായി ഇത് രണ്ടാം തവണയാണ് കമ്മീഷൻ സമയപരിധി നീട്ടി നൽകുന്നത്. നിലവിൽ 18,000 രൂപയായ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്തണമെന്നതടക്കമുള്ള വൻ ശുപാർശകളാണ് കമ്മീഷന് മുന്നിലുള്ളത്.
പുതിയ ഉത്തരവ് പ്രകാരം നിർദ്ദേശങ്ങൾ അടങ്ങിയ മെമ്മോറാണ്ടം സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 15 വരെയാണ് നീട്ടിയിരിക്കുന്നത്. ഇത് അന്തിമ സമയപരിധിയാണെന്നും ഇതിന് ശേഷം ഇനി സമയം നീട്ടിനൽകില്ലെന്നും കമ്മീഷൻ പുതിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ 8cpc.gov.in’വഴി മാത്രമേ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇമെയിലുകളോ പിഡിഎഫ് ഫയലുകളോ ഹാർഡ് കോപ്പികളോ യാതൊരു കാരണവശാലും സ്വീകരിക്കില്ല. മുൻപ് മെയ് 31 വരെ നീട്ടിയിരുന്ന സമയപരിധിയാണ് ഇപ്പോൾ ജൂൺ പകുതി വരെ കമ്മീഷൻ വീണ്ടും നീട്ടിനൽകിയത്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘടനകളുമായി കമ്മീഷൻ നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. ശമ്പളം, പെൻഷൻ, മറ്റ് അലവൻസുകൾ എന്നിവയിലെ ആവശ്യങ്ങൾ ജീവനക്കാരിൽ നിന്ന് ശേഖരിച്ചുവരികയാണ്. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. അതനുസരിച്ച് അടുത്ത വർഷം (2027) പകുതിയോടെ അന്തിമ റിപ്പോർട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പരിഷ്കാരങ്ങൾ 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ശമ്പള നിർണ്ണയത്തിനായി 3.83 ഫിറ്റ്‌മെന്റ് ഫാക്ടർ ഉപയോഗിക്കാനും, വാർഷിക ശമ്പള വർദ്ധനവ് നിലവിലെ നിരക്കിൽ നിന്നും ആറ് ശതമാനമായി ഉയർത്താനും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷൻ നടപടികൾ വൈകുന്നത് ജീവനക്കാരുടെ ശമ്പള കുടിശ്ശിക വർദ്ധിക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ബാധ്യത ഉയരുന്നതിനും കാരണമാകും.