ആരവല്ലിമലനിരകളുടെ വ്യാപ്തി ഓഗസ്റ്റ് 31നകം നിർവചിക്കാൻ സുപ്രീം കോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചു.

ന്യുഡൽഹി :രാജ്യത്തെ ഏറ്റവും പുരാതനമായ പര്‍വത നിരകളായ ആരവല്ലിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനം കൈകൊണ്ട് സുപ്രീംകോടതി. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിനായി ആരവല്ലി മലനിരകളുടെയും പർവതനിരകളുടെയും ഏകീകൃത നിർവചനവും അതിർത്തി നിർണയവും രൂപപ്പെടുത്താൻ അഞ്ചംഗ ഉന്നതാധികാര സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സമിതി ഈ വർഷം ഓഗസ്റ്റ് 31 നകം വിശദമായ സംരക്ഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശാസ്ത്രീയമായ വിലയിരുത്തലും വിദഗ്‌ധ പഠനവും അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ ആരവല്ലി മലനിരകളെ നിർവചിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് സുപ്രീംകോടതി ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു. രണ്ട് അല്ലെങ്കിൽ അതിലധികം ആരവല്ലി കുന്നുകൾക്കിടയിൽ 500 മീറ്റർ പരിധിക്കുള്ളിൽ വരുന്ന ഭൂമിയെ മാത്രമാണ് നിലവിൽ ആരവല്ലി മേഖലയായി കണക്കാക്കുന്നത്. ഈ നിർവചനം മൂലം പരിസ്ഥിതിപരമായി പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന നിരവധി പ്രദേശങ്ങൾ “ആരവല്ലി അല്ലാത്ത ഭൂമി” എന്ന വിഭാഗത്തിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.
അങ്ങനെ സംഭവിച്ചാൽ ഇത്തരം പ്രദേശങ്ങളിൽ ഖനന പ്രവർത്തനങ്ങൾക്കും മറ്റ് പരിസ്ഥിതി നാശം വരുത്തുന്ന വികസന പദ്ധതികൾക്കും അനുമതി ലഭിക്കാൻ സാധ്യതയുണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ ദീർഘകാലാടിസ്ഥാനത്തിൽ പ്രകൃതിദുരന്തങ്ങൾക്കും ജലക്ഷാമത്തിനും ജൈവവൈവിധ്യ നഷ്‌ടത്തിനും കാരണമാകാമെന്ന് കോടതി ചൂണ്ടിക്കാട്ടി.രാജസ്ഥാനിലെ ആരവല്ലി മേഖലയിലെ കുന്നുകൾ സംബന്ധിച്ച നിലവിലെ മാനദണ്ഡവും കോടതി പരിശോധിക്കാൻ നിർദേശിച്ചിരുന്നു. നിലവിലെ ചട്ടപ്രകാരം 100 മീറ്ററിലധികം ഉയരമുള്ള കുന്നുകൾക്കാണ് സംരക്ഷണ പരിധിയിൽ ഉൾപ്പെടാൻ കഴിയുക.എന്നാൽ രാജസ്ഥാനിലുള്ള 12,081 കുന്നുകളിൽ വെറും 1,048 എണ്ണം മാത്രമാണ് ഈ മാനദണ്ഡം പാലിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ പതിനായിരത്തിലധികം കുന്നുകൾ പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ പരിധിക്ക് പുറത്താകാൻ സാധ്യതയുണ്ട്. ഇത് വലിയ തോതിലുള്ള ഭൂമിശാസ്ത്രപരവും പരിസ്ഥിതിപരവുമായ ആഘാതങ്ങൾക്ക് കാരണമാകുമോയെന്ന് സമിതി പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ഒരു പ്രദേശത്തിൻ്റെ ഉയരം മാത്രം അടിസ്ഥാനമാക്കി സംരക്ഷണം നിശ്ചയിക്കുന്നത് ശാസ്ത്രീയമാണോ എന്നും സമിതി വിലയിരുത്തും.
വിദഗ്‌ധ സമിതിക്ക് വിപുലമായ ചുമതലകൾ
ആരവല്ലി സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ സംവിധാനങ്ങൾ പുനഃപരിശോധിക്കാനാണ് സമിതിക്ക് കോടതി ചുമതല നൽകിയിരിക്കുന്നത്. പരിസ്ഥിതി, ഭൂമിശാസ്ത്രം, വനസംരക്ഷണം, ജൈവവൈവിധ്യം, ജലസ്രോതസുകൾ, ഖനന പ്രവർത്തനങ്ങളുടെ ആഘാതം തുടങ്ങിയ വിഷയങ്ങളിൽ സമഗ്ര പഠനം നടത്തേണ്ടതുണ്ട്.
സമിതിയുടെ അധ്യക്ഷ കാഞ്ചൻ ദേവി
സമിതിയുടെ അധ്യക്ഷയായി ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജ്യുക്കേഷനൻ്റെ ഡയറക്‌ടർ ജനറൽ കാഞ്ചൻ ദേവിയെ നിയമിച്ചു. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്‌ടർ ജനറൽ ഡോ. സുഭാഷ് അശുതോഷ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്‌ടർ ഡോ. രാജേന്ദ്ര കുമാർ ശർമ,പരിസ്ഥിതി, വനം മന്ത്രാലയത്തിലെ മുൻ ജോയിന്റ് സെക്രട്ടറി ബ്രിജ് മോഹൻ സിങ് റാത്തോർ ഡൽഹി സർവകലാശാല ബോട്ടണി വിഭാഗം മുൻ മേധാവി പ്രൊഫ അശോക് കെ. ഭട്നാഗർ എന്നിവരും സമിതിയിൽ ഉണ്ടാവും.ഇതുകൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെറ്റിൽമെന്റ്സിലെ പ്രൊഫസർ ജഗദീഷ് കൃഷ്‌ണസ്വാമിയെയും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹരിയാനയിലെ പ്രൊഫസർ ലക്ഷ്മികാന്ത് ശർമയെയും പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തി. പരിസ്ഥിതി മന്ത്രാലയത്തിലെ ഡയറക്‌ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ സെക്രട്ടറിയായും പ്രവർത്തിക്കും.
എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം തേടും
ആരവല്ലി വിഷയത്തിൽ വിവിധ വിഭാഗങ്ങളുടെ താൽപര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങളും പരാതികളും സ്വീകരിക്കാൻ സമിതി പൊതുനോട്ടീസ് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.ഡൽഹി, രാജസ്ഥാൻ, ഹരിയാന സംസ്ഥാന സർക്കാരുകൾ, പരിസ്ഥിതി സംഘടനകൾ, ഖനന കമ്പനികൾ, ഖനന തൊഴിലാളികൾ, കർഷകർ, പ്രാദേശിക ജനവിഭാഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകും. ഇതുവഴി സമിതിയുടെ റിപ്പോർട്ട് കൂടുതൽ സമഗ്രവും ജനകീയവുമായിരിക്കുമെന്ന് കോടതി പ്രതീക്ഷ പ്രകടിപ്പിച്ചു.
അരവല്ലി മലനിരകളുടെ പ്രാധാന്യം
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവതനിരകളിലൊന്നാണ് ആരവല്ലി. ഗുജറാത്ത് മുതൽ രാജസ്ഥാൻ, ഹരിയാന, ഡൽഹി വരെ വ്യാപിച്ചു കിടക്കുന്ന ഈ മലനിരകൾ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ പരിസ്ഥിതി സുരക്ഷാകവചമായാണ് അറിയപ്പെടുന്നത്.ഥാർ മരുഭൂമിയുടെ വ്യാപനം തടയുന്നതിലും ഭൂഗർഭജല ശേഖരണത്തെ സഹായിക്കുന്നതിലും അരവല്ലി നിർണായക പങ്ക് വഹിക്കുന്നു. കൂടാതെ നിരവധി വന്യജീവികളുടെയും അപൂർവ സസ്യജാലങ്ങളുടെയും ആവാസകേന്ദ്രവുമാണ് ഈ പ്രദേശം.ആരവല്ലി മലനിരകൾ ഇല്ലാതാകുന്നത് രാജസ്ഥാൻ, ഹരിയാന, ഡൽഹി മേഖലകളിൽ വായു മലിനീകരണം രൂക്ഷമാകാനും ജലലഭ്യത കുറയാനും കാരണമാകുമെന്ന് വിദഗ്‌ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശാസ്ത്രീയ പഠനം കൂടാതെ തീരുമാനം പാടില്ല
പരിസ്ഥിതിയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കാൻ സാധ്യതയുള്ള തീരുമാനങ്ങൾ വിദഗ്‌ധ പഠനമില്ലാതെ എടുക്കാൻ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരിക്കൽ പരിസ്ഥിതി നാശം സംഭവിച്ചാൽ അത് പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.അതുകൊണ്ട് തന്നെ അരവല്ലി മേഖലയെ സംബന്ധിച്ച ഭാവി തീരുമാനങ്ങൾ എല്ലാം ശാസ്ത്രീയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് കോടതി നിർദേശിച്ചു. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഒരുപോലെ ഉറപ്പാക്കുന്ന സമതുലിത സമീപനമാണ് ആവശ്യമായതെന്നും കോടതി അഭിപ്രായപ്പെട്ടു.ആരവല്ലി മലനിരകളുടെ നിർവചനവുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റർ ചെയ്‌ത കേസിലാണ് കോടതി ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ അടുത്ത വാദം സെപ്റ്റംബർ 7 ന് നടക്കും. ഇതിനുമുമ്പ് ആരവല്ലി മേഖലയിലെ ഖനന പ്രവർത്തനങ്ങൾക്ക് സുപ്രീംകോടതി സ്റ്റേ അനുവദിച്ചിരുന്നു.ആരവല്ലി സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ പുതിയ ഇടപെടൽ രാജ്യത്തെ പരിസ്ഥിതി സംരക്ഷണ ചരിത്രത്തിലെ നിർണായക വഴിത്തിരിവായി മാറുമെന്നാണ് വിലയിരുത്തൽ.