കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

കര്‍ണാടകയില്‍  ഡി കെ ശിവകുമാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ബെംഗളൂരു: കര്‍ണാടകയില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ലോക്ഭവനില്‍ വൈകിട്ട് 4.05നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഡി കെ ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ പ്രധാന വകുപ്പുകളിലൊന്നില്‍ മന്ത്രിയാകും. ആഭ്യന്തര മന്ത്രിയായിരുന്ന ഡോക്ടര്‍ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. എം ബി പാട്ടീല്‍, കൃഷ്ണ ബൈരേ ഗൗഡ, സതീഷ് ജാര്‍ക്കഹോളി, യു ടി ഖാദര്‍, കെ എച്ച് മുനിയപ്പ, കെ ജെ ജോര്‍ജ്, പ്രിയങ്ക് ഖാര്‍ഗെ, ഡോക്ടര്‍ യതീന്ദ്ര സിദ്ധരാമയ്യ, രാമലിംഗ റെഡ്ഡി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാര്‍. ജൂണ്‍ 18ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ വികസനം ഉണ്ടാകും.

പുതിയ സംസ്ഥാന മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കഴിഞ്ഞ ദീവസം ഡല്‍ഹിയിലെത്തിയിരുന്നു. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ വിഡി സതീശന്‍, രേവന്ത് റെഡ്ഡി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

മന്ത്രിസഭയില്‍ രണ്ടു മലയാളികളും

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ കാര്യത്തില്‍ ധാരണയായി. . മലയാളികളായ  ജെ ജോര്‍ജും യു ടി ഖാദറുമാണ്  ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.സിദ്ധരാമയ്യ സര്‍ക്കാരില്‍ ഊര്‍ജ്ജമന്ത്രിയായിരുന്നു കെ ജെ ജോര്‍ജ്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയാണ്. ഏറെക്കാലമായി കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവമായ നേതാവാണ് ജോര്‍ജ്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമായും അടുത്ത ബന്ധമുള്ള നേതാവു കൂടിയാണ് കെ ജെ ജോര്‍ജ്.

സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് നിയമസഭ സ്പീക്കറായിരുന്നു യു ടി ഖാദര്‍. കാസര്‍കോട് ജില്ലയിലെ ഉള്ളാല്‍ സ്വദേശിയാണ്. മംഗലൂരു നിയമസഭ മണ്ഡലത്തില്‍ നിന്നും നാലാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സിദ്ധരാമയ്യ കോൺ​ഗ്രസ് പ്രവർത്തക സമിതിഅംഗം 

സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് തീരുമാനം പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് നിയമനം.സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം നൽകാമെന്ന് കോൺ​ഗ്രസ് ദേശീയ നേതൃത്വം വാ​ഗ്ദാനം ചെയ്തിരുന്നു. സിദ്ധരാമയ്യ ദേശീയ തലത്തിൽ പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. എന്നാൽ രാജ്യസഭാം​ഗത്വം നിരസിച്ച സിദ്ധരാമയ്യ സംസ്ഥാനത്ത് പ്രവർത്തിക്കാനാണ് താൽപ്പര്യമെന്ന് അറിയിക്കുകയായിരുന്നു.രണ്ടു തവണ കർണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യ, 2019 മുതൽ 2023 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവ് പദവി വഹിച്ചു. രണ്ട് തവണ കർണാടക ഉപ-മുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. 1977-ൽ ലോക്ദളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സിദ്ധരാമയ്യ, 2005 ലാണ് കോൺ​ഗ്രസിൽ ചേർ‌ന്നത്.