കർണ്ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേറ്റു : സത്യപ്രതിഞ്ജ ആത്മീയഗുരുവിൻ്റെ നാമത്തിൽ

ബെംഗളൂരു: കർണാടക സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച ബെംഗളൂരുവിലെ ലോക് ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് അദ്ദേഹത്തിന് ഔദ്യോഗിക പദവിയുടെയും രഹസ്യസ്വഭാവത്തിന്‍റെയും സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവകുമാറിനൊപ്പം മുതിർന്ന നേതാവ് ജി. പരമേശ്വര ഉൾപ്പെടെയുള്ള 13 എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയുടെ ഭാഗമായി.

എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഡി.കെ. ശിവകുമാർ തന്‍റെ ആത്മീയ ഗുരുവായ ഗംഗാധര അജ്ജയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. കൈയിൽ ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കാനിരിക്കുന്ന ജി. പരമേശ്വര ഡോ. ബി.ആർ. അംബേദ്കറുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.ഡി.കെ. ശിവകുമാറിനും ജി. പരമേശ്വരയ്ക്കും പുറമെ കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, രാമലിംഗ റെഡ്ഡി, സതീഷ് ജാർക്കിഹോളി, കൃഷ്ണ ബൈരഗൗഡ, പ്രിയങ്ക് ഖാർഗെ, യു.ടി. ഖാദർ, ഈശ്വർ ഖണ്ഡ്രെ, യതീന്ദ്ര സിദ്ധരാമയ്യ, ബൈരതി സുരേഷ്, ശരൺ പ്രകാശ് പാട്ടീൽ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മറ്റു ജനപ്രതിനിധികൾ. ഇതിൽ യു.ടി. ഖാദർ, യതീന്ദ്ര സിദ്ധരാമയ്യ എന്നിവരൊഴികെ ബാക്കിയെല്ലാവരും മുൻപത്തെ സിദ്ധരാമയ്യ സർക്കാരിലും മന്ത്രിമാരായി സേവനമനുഷ്ഠിച്ചവരാണ്.

മുൻപ് കർണാടക നിയമസഭയുടെ സ്പീക്കറായിരുന്ന യു.ടി. ഖാദറും നിയമനിർമാണ കൗൺസിൽ അംഗവും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളാണ്. സിദ്ധരാമയ്യ മെയ് 28-ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് മെയ് 30-നാണ് 64-കാരനായ വൊക്കലിഗ സമുദായത്തിന്‍റെ കരുത്തുറ്റ നേതാവ് ഡി.കെ. ശിവകുമാറിനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. നേരത്തെ സിദ്ധരാമയ്യ സർക്കാരിൽ ഉപമുഖ്യമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല എന്നിവരും കോൺഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാർട്ടിയിലെ പ്രമുഖ നേതാക്കളും വിശിഷ്ടാതിഥികളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. വിവിധ മഠാധിപതികൾ ഉൾപ്പെടെ പ്രമുഖ മതസമുദായങ്ങളിലെ സന്യാസിവര്യന്മാരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.ഡി.കെ. ശിവകുമാറിന്‍റെ ജന്മനാടായ കനകപുരയിലെ ദൊഡ്ഡആലഹള്ളിയിലുള്ള സർക്കാർ സ്കൂളിലെ വിദ്യാർഥികളും ഔദ്യോഗിക ക്ഷണിതാക്കളായി ചടങ്ങിൽ പങ്കെടുത്തത് ശ്രദ്ധേയമായി. തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കർഷക നേതാക്കൾ, വനിതാ സ്വയംസഹായ സംഘങ്ങൾ, കന്നഡ അനുകൂല സംഘടനകൾ തുടങ്ങിയ സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള പ്രതിനിധികളും പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സജീവമായി പങ്കെടുത്തു.