രാജ്യസഭാ തിരഞ്ഞെടുപ്പ്: മധ്യപ്രദേശിൽ 3 സീറ്റുകളിലും BJP സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ഭോപ്പാൽ: മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കോൺഗ്രസ് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ മൂന്ന് ബി.ജെ.പി സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം മത്സരരംഗത്തുണ്ടായിരുന്ന ബി.ജെ.പി സ്ഥാനാർത്ഥികൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇന്ന് മൂന്ന് മണി വരെയായിരുന്ന പത്രിക പിൻവലിക്കാനുള്ള സമയം. ആരും പത്രിക പിൻവലിക്കാത്തതിനെത്തുടർന്ന് റിട്ടേണിംഗ് ഓഫീസർ ഇവരെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ, മുൻ സ്റ്റേറ്റ് ഫിഷർമാൻ വെൽഫെയർ ബോർഡ് ചെയർമാൻ മഹേഷ് കേവത് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.നേരത്തെ, കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയതിനെതിരെ അവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി സമ്മതിച്ചെങ്കിലും, തിരഞ്ഞെടുപ്പ് പ്രക്രിയ നിർത്തിവെക്കാനോ ഫലപ്രഖ്യാപനം തടയാനോ ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, അതുൽ എസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ കോടതികൾ ഇടപെടുന്നത് ഒഴിവാക്കണമെന്നതാണ് നിയമമെന്ന് ബെഞ്ച് നിരീക്ഷിച്ചു.