ജബൽപൂർ ബോട്ടപകടം : മരണസംഖ്യ 9,കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

ജബൽപുർ:മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ ഇന്നലെ 40 ഓളം പേരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് മുങ്ങിയ സംഭവത്തിൽ മരണം ഒമ്പതായി .സംഭവം നടന്ന സമയത്ത് നാലുപേരുടെ മൃതദേഹമായിരുന്നു കണ്ടെടുത്തിരുന്നത്.നിരവധിപേരെ കാണതായിട്ടുണ്ട്. 15 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.വിനോദ സഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലാണ് അപകടം.അമിത ഭാരമാണ് ബോട്ട് മുങ്ങാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാന ദുരന്ത നിവാരണസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.രക്ഷപ്പെട്ടവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും, കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

മരണത്തിലും മകനെ കൈവിടാതെ നെഞ്ചോടു ചേര്‍ത്ത് അമ്മ
അപകടത്തിൽ കാണാതായ ഒരു അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മരണത്തിലും നാലുവയസ്സുകാരനായ മകനെ നെഞ്ചോടുചേര്‍ത്തുനിര്‍ത്തിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാകാം മരണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.ഇന്നു രാവിലെ നടത്തിയ തിരച്ചിലിലാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നുള്ള കുടുംബത്തിലെ അംഗങ്ങളായിരുന്നു അവര്‍. ഒപ്പമുണ്ടായിരുന്ന പിതാവും മകളും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
സഹായധനം പ്രഖ്യാപിച്ചു
ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് പ്രാദേശിക ഭരണകൂടം സഹായം നൽകുന്നുണ്ടെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ നൽകും.