വയനാട് കുടുംബശ്രീയിൽ 50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്:

വയനാട് കുടുംബശ്രീയിൽ 50 ലക്ഷം രൂപയുടെ  സാമ്പത്തിക തട്ടിപ്പ്:

വയനാട്: വയനാട്ടിൽ കുടുംബശ്രീയിൽ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 'വൻ ധൻ വികാസ്' പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളും പല സ്ഥലങ്ങളിലും ഇല്ലാതിരുന്നിട്ടും ലക്ഷങ്ങൾ ചെലവഴിച്ചതായാണ് കണ്ടെത്തൽ. ഗൂഗിൾ പേ വഴിയടക്കമുള്ള സാമ്പത്തിക ഇടപാടുകളിലൂടെ ഫണ്ട് കൈക്കലാക്കിയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയിലാണ് ഇത്രയും വലിയ അഴിമതി നടന്നിരിക്കുന്നത്.2021 മുതൽ 2023 വരെയുള്ള കാലയളവിൽ കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ രജിസ്റ്റർ ചെയ്ത എട്ട് 'വൻ ധൻ വികാസ്' കേന്ദ്രങ്ങൾക്കായി അനുവദിച്ച ഫണ്ടുകളിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, പദ്ധതിയുമായി ബന്ധപ്പെട്ട മൂന്ന് ജീവനക്കാർ നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ ഇടപാടുകളിലൂടെയും ഏകദേശം 50 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. 

വനവിഭവങ്ങൾ ശേഖരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിലൂടെ ആദിവാസി സമൂഹത്തിന് വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. എന്നാൽ ഈ തുക അർഹരായവരിലേക്ക് എത്തിയില്ല.ക്രമക്കേട് നടന്നതായി കണ്ടെത്തിയ ചില പഞ്ചായത്തുകളിൽ വൻ ധൻ വികാസ് കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നതിൻ്റെ തെളിവുകൾ പോലും ലഭിച്ചിട്ടില്ല. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയും ആവശ്യമായ രേഖകളും ബില്ലുകളും വൗച്ചറുകളും ഹാജരാക്കാതെയുമാണ് ഫണ്ട് വിനിയോഗം നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പല ഇടങ്ങളിലും ലഭ്യമല്ല. വനവിഭവ ശേഖരണത്തിനും വിപണനത്തിനുമായി അനുവദിച്ച തുകയുടെ കണക്കുകൾ വ്യക്തമല്ല. പദ്ധതിയുടെ ചുമതല വഹിച്ചിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട അംഗങ്ങളെയും പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് ക്രമക്കേടുകൾ നടന്നതെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. പാവപ്പെട്ട ആദിവാസി ജനവിഭാഗങ്ങളെ കബളിപ്പിച്ചാണ് ഉദ്യോഗസ്ഥർ പണം തട്ടിയെടുത്തിരിക്കുന്നത്.

കർശന നടപടിയെന്ന് മന്ത്രി

ഇതിനിടെ, വിഷയത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നടന്നത് ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കൃഷി മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. കുടുംബശ്രീയുടെ കീഴിലുള്ള അതിപ്രധാനമായ എട്ട് വൻ ധൻ വികാസ് കേന്ദ്രങ്ങളിലെ സാമ്പത്തിക വിനിയോഗത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നും അതൊരു ചെറിയ കാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ മൂന്ന് പേരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടെന്നും ഈ വിഷയത്തിൽ എല്ലാ അർഥത്തിലുമുള്ള നടപടികളും തുടർപ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലാ മിഷൻ പ്രോഗ്രാം മാനേജറുടെ നിർദേശപ്രകാരമാണ് ഫണ്ടുകൾ കൈമാറിയതെന്നാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. വനവിഭവങ്ങൾ ശേഖരിക്കുകയും വിൽപ്പന നടത്തുകയും ചെയ്തിരുന്നുവെങ്കിലും ലഭിച്ച വരുമാനത്തിൻ്റെ ചെറിയൊരു ഭാഗം മാത്രമാണ് പദ്ധതിയുടെ അക്കൗണ്ടുകളിലേക്ക് തിരിച്ചെത്തിയതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സാമ്പത്തിക ക്രമക്കേടിൻ്റെ പശ്ചാത്തലത്തിൽ മൂന്ന് ജീവനക്കാരെ നേരത്തെ പുറത്താക്കിയിട്ടുണ്ട്. ഇവരിൽ രണ്ട് പേർ പ്രാദേശിക സിപിഎം നേതൃനിരയുമായി ബന്ധപ്പെട്ടവരാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളാനാണ് സാധ്യത.