'ആദ്യം ഗ്യാസ്, ഇനി പെട്രോള്‍ - ഡീസലിന് വില കുത്തനെക്കൂടും' :രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ കുത്തനെയുള്ള വിലവര്‍ധനയ്ക്കു പിറകേ, രാജ്യത്ത് ഇന്ധനവിലയും ഉയരുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 'ആദ്യം ഗ്യാസ്, ഇനി പെട്രോള്‍ - ഡീസലിന് വില കുത്തനെക്കൂടും' എന്നാണ് രാഹുലിന്റെ പ്രതികരണം.തെരഞ്ഞെടുപ്പ് കാലത്ത് വിലവര്‍ധന നിയന്ത്രിച്ച സര്‍ക്കാര്‍, വോട്ടെടുപ്പ് കഴിഞ്ഞതോടെ ജനങ്ങള്‍ക്ക് മേല്‍ വിലക്കയറ്റഭാരം ചുമത്തുകയാണ് എന്നാണ് രാഹുലിന്റെ ആരോപണം. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ വിലക്കയറ്റത്തിന്റെ ചൂട് അനുഭവിക്കേണ്ടി വരുമെന്ന് നേരത്തേ പറഞ്ഞിരുന്നതായും രാഹുല്‍ പ്രതികരിച്ചു.ഫെബ്രുവരി മുതല്‍ മൂന്നു മാസത്തിനുള്ളില്‍ 1,380 രൂപവരെ എല്‍പിജി വില ഉയര്‍ന്നതായും, 81 ശതമാനത്തോളം വര്‍ധനവാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വാണിജ്യ എല്‍പിജി സിലിണ്ടറിന് ഒറ്റദിവസം കൊണ്ട് 993 രൂപ വര്‍ധിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ചരിത്രത്തിലാദ്യമായാണ് രാജ്യത്ത് ഒറ്റത്തവണ ഇത്രവലിയ വര്‍ധനവുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഇന്ധനവിലകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പെട്രോള്‍ - ഡീസല്‍ വിലയും ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളും നിലനില്‍ക്കുന്നുണ്ട്.എന്നാല്‍, ഇന്ധനവില ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പശ്ചമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിലക്കയറ്റം വീണ്ടും ശക്തമാകുമെന്ന ആശങ്ക ഉയരുന്നതിനിടെ, വാണിജ്യ എല്‍പിജി വിലവര്‍ധനവ് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.