വൈറ്റ് ഹൗസിന് മുൻപിൽ തോക്കുമായി അക്രമി; നേരിട്ട് സുരക്ഷാ സേന

വൈറ്റ് ഹൗസിന് മുൻപിൽ തോക്കുമായി അക്രമി; നേരിട്ട് സുരക്ഷാ സേന

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്. തോക്കുമായി എത്തിയ അക്രമിയെ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വെടിവച്ചു വീഴ്ത്തി. വൈറ്റ് ഹൗസിൽനിന്ന് ഒരു കിലോമീറ്ററോളം മാത്രം അകലെ വാഷിങ്ടൺ സ്മാരകത്തിന് സമീപമുള്ള 15-ാം സ്ട്രീറ്റിലും ഇൻഡിപെൻഡൻസ് അവന്യൂവിലുമാണ് അപ്രതീക്ഷിത സംഭവങ്ങൾ.അക്രമിക്കും സമീപത്തുണ്ടായിരുന്ന ഒരു കുട്ടിക്കും വെടിയേറ്റിട്ടുണ്ട്. അമേരിക്കൻ തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിലുണ്ടായ വെടിവയ്പ്പ് പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇടയിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

സീക്രട്ട് സർവീസിൻ്റെ ഇടപെടൽ

സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ വ്യക്തിയെ നിരീക്ഷിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയതെന്ന് യുഎസ് സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ മാറ്റ് ക്വിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംശയം തോന്നിയ വ്യക്തിയുടെ പക്കൽ ആയുധമുണ്ടെന്ന്, ഇക്കാര്യങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളെ സമീപിച്ചപ്പോൾ അക്രമി വേഗത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കൈയിലുണ്ടായിരുന്ന തോക്കെടുത്ത് സീക്രട്ട് സർവീസ് ഏജൻ്റുമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നേരെ ഇയാൾ തുടർച്ചയായി വെടിയുതിർത്തു.ഉദ്യോഗസ്ഥർ നിലയുറപ്പിച്ച് പെട്ടെന്ന് തിരിച്ചടിക്കുകയും അക്രമിയെ വെടിവച്ചു വീഴ്ത്തുകയുമായിരുന്നു. പരിക്കേറ്റ അക്രമി ജീവനോടെയുണ്ടെന്നാണ് പ്രമുഖ അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇയാളെ ഉടനടി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ ആരോഗ്യനില സംബന്ധിച്ച മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അക്രമിയെ കീഴ്പ്പെടുത്തിയതോടെ പ്രദേശത്ത് നിലവിൽ മറ്റ് ഭീഷണികളില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കുട്ടിക്ക് പരിക്ക്, ലക്ഷ്യം ട്രംപോ?

അക്രമിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവസ്ഥലത്ത് നിൽക്കുകയായിരുന്ന ഒരു കുട്ടിക്ക് അബദ്ധത്തിൽ വെടിയേറ്റത്. കുട്ടിയുടെ പരിക്ക് ജീവന് ഭീഷണിയാകുന്ന തരത്തിലുള്ളതല്ലെന്നും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും മാറ്റ് ക്വിൻ അറിയിച്ചു. അതിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണോ അക്രമി എത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യമായി പ്രതികരിച്ചില്ല.ഇക്കാര്യത്തിൽ ഇപ്പോൾ ഒരു നിഗമനത്തിലെത്താൻ കഴിയില്ലെന്നും, നിർണായകമായ ഈ ആക്രമണം ട്രംപിനെ ലക്ഷ്യമിട്ടാണോ എന്ന് വരുംദിവസങ്ങളിൽ വിശദമായി അന്വേഷിച്ച് കണ്ടെത്തുമെന്നും സീക്രട്ട് സർവീസ് പ്രതിനിധി വ്യക്തമാക്കി. വൈറ്റ് ഹൗസ് പരിസരത്ത് സുരക്ഷാ ഏജൻ്റുമാർ രാപകൽ വ്യത്യാസമില്ലാതെ കനത്ത നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ക്വിൻ കൂട്ടിച്ചേർത്തു.അക്രമമുണ്ടായ സമയത്തിന് തൊട്ടുമുൻപാണ് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസിൻ്റെ വാഹനവ്യൂഹം ഇതുവഴി കടന്നുപോയത്. എന്നാൽ അക്രമവും വാഹനവ്യൂഹം കടന്നുപോയതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഉദ്യോഗസ്ഥർ പ്രത്യേകം സ്ഥിരീകരിച്ചു.

പൊലീസ് അന്വേഷണം ഊർജിതം

അക്രമ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി വാഷിങ്ടൺ ഡിസിയിലെ മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്മെൻ്റ് സ്ഥിരീകരിച്ചു. പ്രദേശത്തിൻ്റെ നിയന്ത്രണം പൂർണ്ണമായും സുരക്ഷാ സേന ഏറ്റെടുത്തിട്ടുണ്ട്. റോഡുകൾ അടച്ചിടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ഈ പ്രദേശം പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.അടിയന്തര സഹായ വിഭാഗങ്ങൾ സ്ഥലത്ത് ഇപ്പോഴും സേവനം തുടരുകയാണ്. എക്സ് പ്ലാറ്റ്ഫോമിലൂടെ സീക്രട്ട് സർവീസ് കമ്മ്യൂണിക്കേഷൻസ് ഓഫിസും നേരത്തെതന്നെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. അതിസുരക്ഷാ മേഖലയിൽ സായുധനായ ഒരാൾ എത്തിയത് സുരക്ഷാവീഴ്ചയാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്.