വീരപ്പൻ കേസിലെ ഉദ്യോഗസ്ഥർക്ക് മൂന്ന് മാസത്തിനുള്ളില്‍ പാരിതോഷികം കൈമാറാൻ ഹൈക്കോടതി ഉത്തരവ്

വീരപ്പൻ കേസിലെ ഉദ്യോഗസ്ഥർക്ക് മൂന്ന് മാസത്തിനുള്ളില്‍ പാരിതോഷികം കൈമാറാൻ ഹൈക്കോടതി ഉത്തരവ്

 ബെംഗളൂരു : വീരപ്പനെ പിടികൂടിയ സംഭവത്തില്‍ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകാൻ ഉത്തരവിട്ട് ബെംഗളൂരു ഹൈക്കോടതി. വീരപ്പൻ വേട്ടയ്ക്കായി നിയോഗിച്ച സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൽ (എസ്‌ടി‌എഫ്) ഭാഗമായിരുന്ന 72 പേർക്ക് മൂന്ന് മാസത്തിനുള്ളിൽ പാരിതോഷികം നൽകണമെന്നാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോടും വനം വകുപ്പിനോടും നിർദേശിച്ചത്. നിലവില്‍ ഈ ഉദ്യോഗസ്ഥരെല്ലാം വിരമിച്ചവരാണ്.വീരപ്പൻ കേസിലെ എസ്‌ടി‌എഫിന്‍റെ ഭാഗമായിരുന്ന വിരമിച്ച ഫോറസ്റ്റ് ഗാർഡ് എസ് ശ്രീനിവാസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹർജി പരിഗണിച്ച ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദത്തിന്‍റെ സിംഗിൾ ബെഞ്ച് ഏപ്രിൽ 21 ന് ഈ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 2005 ജൂലൈ 8 ലെ സർക്കാർ ഉത്തരവ് പ്രകാരം പട്ടികയിലുള്ള അർഹരായ എല്ലാ ഉദ്യോഗസ്ഥർക്കും പാരിതോഷിക തുക ഉടൻ വിതരണം ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.വീരപ്പൻ ഓപ്പറേഷനിൽ സജീവമായി പങ്കാളികളായ ഉദ്യോഗസ്ഥർക്കാണ് പാരിതോഷികം. അവരുടെ പേരുകൾ സർക്കാരിന്‍റെ ഔദ്യോഗിക പട്ടികയിൽ ഉണ്ട്. പ്രസ്‌തുത ഉദ്യോഗസ്ഥർക്ക് ഇതിനകം നഷ്‌ടപരിഹാരം ലഭിച്ചതിനാൽ അവർക്ക് പാരിതോഷികത്തിന് അർഹതയുണ്ടെന്നും കോടതി പറഞ്ഞു. കോടതി കേസ് ഇതിനകം തീർപ്പാക്കി നഷ്‌ടപരിഹാരം നൽകിയിട്ടുള്ളതിനാൽ, വീണ്ടും കോടതിയെ സമീപിക്കാൻ അവസരം നൽകാതെ ആവശ്യമായത് ചെയ്യേണ്ടത് സർക്കാരിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ബെഞ്ച് പറഞ്ഞു.

2024 ഓഗസ്റ്റ് 12-ന് 17 പേർക്ക് നഷ്‌ടപരിഹാരം അനുവദിക്കാൻ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പ്രകാരം, നഷ്‌ടപരിഹാരം ലഭിച്ചവരും നിലവിലെ ഹർജിക്കാരും തമ്മിൽ യാതൊരു വിവേചനവും പാടില്ലെന്നും ബെഞ്ച് പറഞ്ഞു. പാരിതോഷിക തുക കുറച്ച് പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയ സംസ്ഥാന സർക്കാരിന്‍റെ നടപടിയിൽ ബെഞ്ച് നേരത്തെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. നൽകിയ വാഗ്‌ദാനം പാലിക്കണമെന്നും ലംഘിക്കരുതെന്നും കോടതി പറഞ്ഞു. വീരപ്പനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ നിരവധി ഉദ്യോഗസ്ഥർ ജീവൻ പണയപ്പെടുത്തി ഓപ്പറേഷനിൽ പങ്കെടുത്തിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

കേസിന്‍റെ പശ്ചാത്തലം

2005 ജനുവരി 24-ന്, വീരപ്പൻ ഓപ്പറേഷനിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകാൻ പൊലീസ് ഡയറക്‌ടർ ജനറൽ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. 2005 ജൂലൈ 8 ന് സർക്കാർ ഇത് അംഗീകരിച്ചു. സർക്കാർ ഉത്തരവ് പ്രകാരം, മൂന്ന് വർഷത്തിൽ കൂടുതൽ എസ്‌ടിഎഫിൽ ജോലി ചെയ്‌തവർക്ക് 3 ലക്ഷം രൂപയും, രണ്ടോ മൂന്നോ വർഷം ജോലി ചെയ്‌തവർക്ക് 2 ലക്ഷം രൂപയും, ഒന്നോ രണ്ടോ വർഷം ജോലി ചെയ്‌തവർക്ക് 1 രൂപയും, ഒരു വർഷത്തിൽ താഴെ ജോലി ചെയ്‌തവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രഖ്യാപിച്ചു.ഇൻസ്പെക്‌ടർ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥർക്ക് 30x40 പ്ലോട്ടും, ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് 40x60 പ്ലോട്ടും നൽകാൻ ശുപാർശ ചെയ്‌തു. അതേസമയം, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് യോഗ്യരായ 259 വനം ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ, അവരുടെ പദവി, സേവന സ്ഥലം, എസ്‌ടിഎഫിലെ അവരുടെ സേവനം എന്നിവ നൽകിയിരുന്നു. എന്നാല്‍ റിവാർഡ് തുക കുറവായതിനാല്‍ വീരപ്പനെ വേട്ടയാടിയ ദിവസം സ്ഥലത്തുണ്ടായിരുന്ന ആറ് എസ്‌ടിഎഫ് ഉദ്യോഗസ്ഥർക്ക് മാത്രമേ പാരിതോഷികം നൽകൂ എന്ന് സംസ്ഥാന സർക്കാർ പറഞ്ഞിരുന്നു. ഈ വാദം തള്ളിയ ഹൈക്കോടതി, സർക്കാരിന്‍റെ വാദം വിവേചനപരമാണെന്ന് പറയുകയും ചെയ്‌തു.