ഇന്ത്യൻ തിയേറ്ററുകളെ കീഴടക്കി ഹോളിവുഡ് ചിത്രം ഒബ്‌സെഷൻ

 ഇന്ത്യൻ തിയേറ്ററുകളെ കീഴടക്കി ഹോളിവുഡ് ചിത്രം ഒബ്‌സെഷൻ

ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്‌ടിക്കുകയാണ് ഹോളിവുഡ് ചിത്രമായ ഒബ്‌സെഷന്‍ (Obsession). സൈക്കോളജിക്കല്‍ ത്രില്ലറില്‍ എത്തിയ ഈ ഹൊറര്‍ ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ കോടികളാണ് കൊയ്‌തെടുത്തത്. കൊമേഡിയനും യൂട്യൂബറുമായ കറി ബാര്‍ക്കര്‍ സംവിധാനം ചെയ്‌ത ഈ സിനിമയ്ക്ക് ഇന്ത്യയിലും കേരളത്തിലും വന്‍ സ്വീകാര്യതായാണ് ലഭിക്കുന്നത്.വമ്പന്‍ താരങ്ങളൊന്നുമില്ലാതെ വളരെ കുറഞ്ഞ ചെലവിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫിസില്‍ മികച്ച പ്രകടനം കാഴ്‌ച വച്ച് ഈ ചിത്രം മുന്നേറുമ്പോള്‍ ഇങ്ങ് കേരളക്കരയിലും വലിയ തരംഗമാകുകയാണ് ഈ ചിത്രം. രണ്ട് കോടി രൂപയ്ക്ക് മുകളിലാണ് ഈ ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത്. ആദ്യവാരത്തില്‍ മെല്ലെപോക്കാണ് കണ്ടെതെങ്കില്‍ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോഴേക്കും സിനിമ കൂടുതല്‍ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കുന്നതാണ് കണ്ടത്. ഓരോ ദിവസവും ചിത്രത്തിനായുള്ള തിരക്കും വര്‍ധിക്കുകയാണ്.

മെയ് 15 തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രം ഏകദേശം ഒന്‍പത് കോടി രൂപയ്ക്കടുത്താണ് ബജറ്റ് എന്നാണ് വിവരം. എന്നാല്‍ സിനിമ റിലീസായി മൂന്നാം വാരത്തിലേക്ക് എത്തുമ്പോള്‍ 100 കോടിക്ക് മുകളില്‍ നേടിയിരിക്കുകയാണ്. ഹോളിവുഡിൽ ഇത്രയും കുറഞ്ഞ ബജറ്റിൽ സിനിമകൾ നിർമിക്കപ്പെടുന്നത് അപൂര്‍വമാണ്.നമ്മള്‍ കണ്ട് പരിചയിച്ച ഹൊറര്‍ സിനിമകളില്‍ തികച്ചും വ്യത്യസ്‌തമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായി മാറുകയാണ് ഒബ്സെഷന്‍. മനസിനെ നിയന്ത്രിക്കാന്‍ കഴിയാതെ ഒരാളെ സ്നേഹിച്ചാലുള്ള കാര്യങ്ങളാണ് ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. സിനിമയുടെ അവതരണ രീതിയെ കുറിച്ചാണ് പലരും എടുത്തു പറയുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇൻഡീ നവരെറ്റ, മൈക്കിൾ ജോൺസ്റ്റൺ എന്നിവരുടെ പ്രകടനങ്ങളും മികവുറ്റതാണ്.2024 ലാണ് കറി ബാർക്കറുടെ ആദ്യ ചിത്രമായിരുന്ന മിൽക്ക് ആന്‍റ് സീരിയൽ പുറത്തിറങ്ങിയത്. 800 ഡോളർ മാത്രം ചെലവിൽ ഒരുങ്ങിയ ചിത്രം യൂട്യൂബിലായിരുന്നു റിലീസ് ചെയ്‌തിരുന്നത്. ഈ സിനിമയ്ക്കും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഹൊറര്‍ ജോണറില്‍ തന്നെയാണ് ഈ സിനിമയും ഒരുക്കിയിരിന്നത്. കറി ബാർക്കറുടെ അടുത്ത സിനിമയും ഹൊറർ ഴോണറിൽ തന്നെയാണ് ഒരുങ്ങുന്നതെന്നാണ് വിവരം. ആരോൺ പോളാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുക.ടൊറന്‍റോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ വെച്ചായിരുന്നു ഒബ്‌സെഷന്റെ പ്രീമിയർ നടന്നത്. അവിടെ നിന്നും വലിയ തുകയ്ക്ക് ചിത്രം ഫോക്കസ് ഫീച്ചേഴ്‌സ് വിതരണത്തിനായി ഏറ്റെടുത്തു. പിന്നീട് തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രം ആദ്യദിവസം തന്നെ മികച്ച കലക്ഷനാണ് നേടിയത്. വാരാന്ത്യത്തിലും വലിയ കുതിപ്പ് നടത്തി. ദി ഡെവില്‍ വിഴേസ് പ്രദയെയടക്കം പിന്തള്ളിയാണ് ചിത്രം വലിയ കുതിപ്പ് നടത്തിയത്.സെന്‍സര്‍ ബോര്‍ഡ് ചില രംഗങ്ങള്‍ വെട്ടിമാറ്റിയിട്ടും ഇന്ത്യയില്‍ മികച്ച ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ മൈക്കിള്‍ ജോണ്‍സ്റ്റണ്‍ പ്രേക്ഷക മനസിലേക്ക് തറഞ്ഞു കയറിയ കഥാപാത്രമാണ്.ചിത്രത്തിന്റെ ദൈനംദിന ബോക്‌സ് ഓഫീസ് ട്രെൻഡ് അസാധാരണമാംവിധം ശക്തമായി തുടരുകയാണ്. പ്രേക്ഷകര്‍ ഈ ചിത്രം ഏറ്റെടുത്തുവെന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. പ്രധാന നഗരങ്ങളിലുടനീളമുള്ള മൾട്ടിപ്ലക്സ് ശൃംഖലകൾ, പ്രത്യേകിച്ച് വൈകുന്നേരങ്ങളിലും രാത്രി ഷോകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.