കങ്കണ റണാവത്തിന്റെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നത്; മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: ഭൂമിയിലെ മാലാഖമാരായ നഴ്‌സുമാരെ അത്യന്തം അപമാനിക്കുന്ന തരത്തിൽ ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ . നഴ്‌സുമാരും അവരുടെ വസ്ത്രധാരണവുമാണ് ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെട്ടിട്ടുള്ള തൊഴിൽ മേഖല എന്ന കങ്കണയുടെ പ്രസ്താവന സമൂഹത്തിനായി ജീവൻ സമർപ്പിക്കുന്ന ഒരു ജനവിഭാഗത്തോടും സ്ത്രീത്വത്തോടും തന്നെയുള്ള കടുത്ത അവഹേളനമാണെന്ന് മന്ത്രി പറഞ്ഞു.ലോകത്തിന് തന്നെ മാതൃകയായ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അടക്കമുള്ള മഹത് വ്യക്തികൾ സമൂഹത്തിനായി നടത്തിയ ത്യാഗപൂർണമായ സേവനങ്ങളെയും ചരിത്രത്തെയും പൂർണ്ണമായി വിസ്മരിച്ചുകൊണ്ടാണ് ഒരു ജനപ്രതിനിധി ഇത്തരമൊരു പരാമർശം നടത്തിയിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ഒരു പദവിയിലിരിക്കുന്ന ഒരാൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തരംതാണ പ്രസ്താവന നടത്തിയതെന്നത് വലിയ സംശയത്തോടെ മാത്രമേ കാണാനാകൂവെന്നും മന്ത്രി വിമർശിച്ചു.ലോകമെമ്പാടും രോഗികളെ പരിചരിക്കുന്ന ആതുരശുശ്രൂഷാ രംഗം ഏറ്റവും പവിത്രമായ ജോലികളിലൊന്നാണ്. കാലാനുസൃതമായി നഴ്‌സുമാരുടെ യൂണിഫോമിൽ ആവശ്യമായ പരിഷ്കാരങ്ങളും മാറ്റങ്ങളും വരുത്തുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. അതിനെ വികലമായ രീതിയിൽ വ്യാഖ്യാനിച്ച എംപിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.worldm.news/mumbai/jojothomas-against-kanganas--28693