"ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വൈകാരികതയുടെ ഏറ്റവും പ്രധാന കണ്ണികളാണ് മുംബൈയിലെ ഭാഷാപ്രവര്‍ത്തകർ": മുരുകൻ കാട്ടാകട

"ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വൈകാരികതയുടെ ഏറ്റവും പ്രധാന കണ്ണികളാണ് മുംബൈയിലെ  ഭാഷാപ്രവര്‍ത്തകർ": മുരുകൻ കാട്ടാകട

മുംബൈ : ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന അതിബൃഹത്തായ ഒരു വൈകാരികതയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളാണ് മുംബൈയിലെ ഭാഷാപ്രവര്‍ത്തകരുടെ സംഘമെന്നും മുംബൈ ചാപ്റ്റര്‍ ഗംഭീരമായി നടത്തി വരുന്ന ഗൃഹസന്ദര്‍ശന പരിപാടി ലോകത്തിലെ മറ്റൊരു ചാപ്റ്ററും  നടത്താന്‍ ധൈര്യപ്പെട്ടിട്ടില്ലെന്നും പ്രശസ്ത കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ  മുരുകന്‍ കാട്ടാക്കട.കൃത്യവും മാതൃകാപരവുമായ ഒരു വലിയ ഭാഷാ പ്രവര്‍ത്തനത്തിന്‍റെ ഉത്തമമായ അടയാളപ്പെടുത്തലുകള്‍ നടത്തുന്ന മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ പ്രവര്‍ത്തകരേയും അദ്ധ്യാപകരേയും  മുരുകന്‍ കാട്ടാക്കട അഭിനന്ദിച്ചു.

“മലയാളികളുടെ ഹൃദയത്തില്‍ ആഴ്ന്നു കിടക്കുന്ന തുല്യതക്ക്, സമത്വ ഭാവനക്ക് ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ ദേശീയോത്സവമായ ഓണം.  മനുഷ്യരെല്ലാരുമൊന്നുപോലെ എന്ന സ്ഥിതിസമത്വത്തിന്റെ ആശയം വച്ചുകൊണ്ട് ദേശീയോത്സവം കൊണ്ടാടുന്നവരാണ് നാം മലയാളികള്‍. നമ്മളെല്ലാം ഒത്തുകൂടിയിരിക്കുന്നത് മതത്തിന്റെയോ ജനിച്ച സ്ഥലത്തിന്റെയോ പേരിലല്ല; നമ്മുടെ അതിബൃഹത്തായ സാംസ്കാരിക മൂല്യത്തിന്റെ, നമ്മുടെ അമ്മഭാഷയുടെ തണലിലാണ് .” അദ്ദേഹം പറഞ്ഞു .  വയനാടിന് വേണ്ടി മലയാളം മിഷൻ ആഹ്വാനം ചെയ്ത വയനാടിന് ഒരു ഡോളർ എന്ന കാരുണ്യ  പ്രവർത്തനത്തില്‍ ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ വിദ്യാര്‍ഥികള്‍ 25 ദിവസംകൊണ്ട്  53.5 ലക്ഷം രൂപ പിരിച്ചെന്നും  അതില്‍ ഏറ്റവും കൂടുതല്‍  തുക പിരിച്ച ചാപ്റ്ററാണ് മുംബൈ ചാപ്റ്ററെന്നും മുരുകൻകാട്ടാക്കട പറഞ്ഞു. ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ നടന്ന  മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്‍റെ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ്‌  ആര്‍.ഡി.ഹരികുമാര്‍ അധ്യക്ഷം വഹിച്ചു.. അദ്ധ്യാപകര്‍ ആലപിച്ച മലയാണ്മഗീതത്തോടെ നാന്ദി കുറിച്ച ചടങ്ങില്‍ ചാപ്റ്റര്‍ കണ്‍വീനര്‍ ജീവരാജന്‍ സ്വാഗതമാശംസിച്ചു. ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ.വേണുഗോപാലന്‍, ഉപദേശക സമിതി ചെയർമാൻ രുഗ്മിണി സാഗര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.  ചാപ്റ്ററിൻ്റെ പന്ത്രണ്ട് മേഖലകളിലെ പഠന കേന്ദ്രങ്ങളില്‍ നിന്നുള്ള മലയാളം മിഷൻ അധ്യാപകർ, പഠനകേന്ദ്ര പ്രവർത്തക സമിതി അംഗങ്ങൾ, ജനറൽ കൗൺസിൽ അംഗങ്ങൾ, മേഖല പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവര്‍  യോഗത്തില്‍ സംബന്ധിച്ചു. ഉദ്ഘാടനത്തിന് ശേഷം ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍  മഞ്ചറമ്പത്ത് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു. 

തുടര്‍ന്ന്, അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ചാപ്റ്റര്‍ പ്രവര്‍ത്തക സമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. ഡോ.എ.പി.ജയരാമന്‍ (ചെയർമാൻ), ആർ ഡി.ഹരികുമാർ (പ്രസിഡന്റ്), കെ. കെ. പ്രദീപ് കുമാർ (വൈസ് പ്രസിഡന്റ്), ജയ കുറുപ്പ് (വൈസ് പ്രസിഡന്റ്), റീന സന്തോഷ് (സെക്രട്ടറി),  മോഹൻകുമാർ കെ.എസ്. (ജോയിന്റ് സെക്രട്ടറി), നിഷ പ്രകാശ് (ജോയിന്റ് സെക്രട്ടറി),  ജീവരാജൻ (കൺവീനർ) രാമചന്ദ്രൻ മഞ്ചറമ്പത്ത് (ഉപദേശക സമിതി ചെയർമാൻ), എൻ. ഹരി (വിദഗ്ധ സമിതി കൺവീനർ),  നന്ദകുമാർ ടി. വിജയമ്മ (സാങ്കേതിക സമിതി കൺവീനർ) എന്നിവരെ  ചാപ്റ്റര്‍ ഭാരവാഹികളായി തിരഞ്ഞെടുത്തു.

മേഖല കോ- ഓര്‍ഡിനേറ്റര്‍മാരായി ബാബു ജോൺ (നാസിക്ക് ), സജിനി സുരേന്ദ്രൻ (കൊങ്കൺ ), സിന്ധു വിജയൻ നായർ (കല്യാൺ-ബദലാപ്പൂർ), കെ. രാഘവൻ (മുംബ്ര-കല്യാൺ ), വിനോദ് കുമാർ (മഹാഡ്‌-കാമോഠെ ), മിനി അനിൽ (ഖാര്‍ഘര്‍-ഐരോളി ),  മോഹൻ കുമാർ (നല്ലസൊപ്പാര-ബോയ്സര്‍ ), ഷൈനി ജയൻ (മീര-വസായ്), ആശ മേനോൻ (ബാന്ദ്ര-ദഹിസർ ), ലതിക ബാലകൃഷ്ണൻ (കൊളാബ-മാന്‍ഖുര്‍ദ് ), കണ്ണൻ തങ്കപ്പൻ (പവായ്- സാക്കിനാക്ക - ), പ്രകാശൻ നായർ (താന ) എന്നിവരെയും തിരഞ്ഞെടുത്തു.മലയാളം മിഷന്‍ ഡയറക്ടര്‍  ചാപ്റ്ററിലെ അദ്ധ്യാപകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍  വിതരണം ചെയ്തു. 2025 ലെ പഠനോത്സവങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍  മേഖല ഭാരവാഹികള്‍ക്ക് കൈമാറി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചാപ്റ്റര്‍ സെക്രട്ടറി റീന സന്തോഷ്‌ നന്ദിപറഞ്ഞു.