മെഡിക്കൽ പ്രവേശന പരീക്ഷ: സംസ്ഥാനങ്ങള്‍ക്ക് അധികാരം നൽകണമെന്ന് സ്‌റ്റാലിൻ
ചെന്നൈ: നീറ്റ് പരീക്ഷ വിവാദങ്ങള്‍ക്കിടെ കേന്ദ്രത്തോട് അഭ്യർഥനയുമായി തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും, ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ. പ്രവേശന പരീക്ഷകളുടെ സത്യസന്ധത നഷ്‌ടപ്പെട്ട സാഹചര്യത്തിൽ 2026-2027 വർഷത്തെ നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നും, പ്രവേശന പരീക്ഷകളിൽ വിദ്യാർഥികളുടെ യോഗ്യതാ മാർക്കിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് പ്രവേശനം നടത്താൻ അനുമതി നൽകണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ, ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് സ്റ്റാലിൻ്റെ ഇടപെടൽ. അതേസമയം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തിരുന്നു.''നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റി ആവർത്തിച്ച് നടക്കുന്ന വീഴ്‌ചകളും ക്രമക്കേടുകളും പൊതുജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്,'' - എന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട്ടിൽ നീറ്റ് നിലവിൽ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന പോലെ പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന സംവിധാനം തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡെൻ്റൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാനങ്ങൾക്ക് അധികാരം തരുന്ന ഓർഡിനൻസ് പാസാക്കണമെന്നും അദ്ദേഹം കത്തിൽ പരാമർശിച്ചു.