കവിയും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. എ സി ശ്രീഹരി അന്തരിച്ചു

കണ്ണൂര്‍:കവിയും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. എ സി ശ്രീഹരി (56) അന്തരിച്ചു. പയ്യന്നൂര്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു. ഹൃദയാഘാതം ആണ് മരണ കാരണം.
1969 നവംബര്‍ 24 ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് ആലപ്പടമ്പ് ഗ്രാമത്തില്‍ എസി ദാമോദരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനായിട്ടാണ് ശ്രീഹരി ജനിച്ചത്. പയ്യന്നൂര്‍ കോളജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ദേവഗിരിയിലെ സെന്റ് ജോസഫ്സ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും എംഫിലും വിജയകരമായി പൂര്‍ത്തിയാക്കി. 2015-ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍നിന്ന് ‘മലയാള ജനപ്രിയ കലാസിനിമയിലെ ആണത്തനിര്‍മ്മാണം’ എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി.
ശ്രീഹരിയുടെ കവിതകള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ver 5.25 എന്ന സിനിമയിലെ ‘ഓമല്‍ പൂവെ പോരൂ ആരും കാണാതോണ്‍ലൈന്‍ ചാറ്റിന്‍ കാറ്റില്‍…’ എന്ന ഗാനം രചിച്ചത് ഇദ്ദേഹമാണ്. എന്‍എന്‍ കക്കാട് അവാര്‍ഡ് (1996), വിടി കുമാരന്‍ അവാര്‍ഡ് (1997), വൈലോപ്പിള്ളി അവാര്‍ഡ് (1999) എന്നിവ ലഭിച്ചിട്ടുണ്ട്. കെ സംഗീത ആണ് ഭാര്യ. എസി ശ്രീഹര്‍ഷന്‍ ആണ് മകൻ.