രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും 'രക്തരക്ഷസ്സ്' : ഏപ്രിൽ 18 മുതൽ

കോഴിക്കോട്: രണ്ട് പതിറ്റാണ്ടിന് ശേഷം 'രക്തരക്ഷസ്സ്' നാടകം വീണ്ടും കോഴിക്കോട്ട് അവതരിക്കുന്നു. കാണികളെ അമ്പരപ്പിക്കുന്ന ദൃശ്യ-ശബ്‌ദ വിസ്‌മയത്തോടെയാണ് തിരിച്ച് വരവ്. ഏരീസ് കലാനിലയത്തിൻ്റെ 'ലൈവ് സിനിമ' ആണിതെന്ന് സംവിധായകൻ അനന്തപത്മനാഭൻ പറഞ്ഞു.
ടാഗോർ ഹാളിന് പിൻവശത്ത് കോൺവൻ്റ് റോഡിൽ ആംഗ്ലോ ഇന്ത്യൻ സ്‌കൂളിന് സമീപത്തെ മൈതാനത്താണ് നാടകവേദി. 7.1 ശബ്‌ദ സംവിധാനമാണ് നാടകത്തിൽ ഉപയോഗിക്കുന്നത്. തത്സമയ ഡയലോഗുകളും പശ്ചാത്തല സംഗീതവും സ്പെഷൽ ഇഫക്‌റ്റുമൊക്കെ അതീവശ്രദ്ധയോടെയാണ് അവതരിപ്പിക്കുന്നത്. നാടകവേദി പൂർണമായുംഎസിയാണ്. പുഷ്ബാക്ക് സീറ്റുകളടക്കമുള്ള സംവിധാനവുമുണ്ട്.ഏപ്രിൽ 18 മുതലാണ് പ്രദർശനം. തിങ്കൾ മുതൽ വെള്ളിവരെ വൈകിട്ട് ആറിനും ഒൻപതിനുമാണ് നാടകം. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടിന് രക്തരക്ഷസ് ഇറങ്ങും. വിദ്യാർഥികൾക്കായി പകൽ പ്രത്യേക പ്രദർശനങ്ങളും കലാനിലയം ഒരുക്കും. 500, 400, 200 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഓൺ ലൈൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി.
50 വർഷങ്ങൾക്കു മുൻപ് ആദ്യമായി വേദിയിലെത്തിയ നാടകം ഇക്കാലത്തും ഹൗസ് ഫുള്ളായി പ്രേക്ഷകരെ ആകർഷിക്കുന്നുവെന്ന പ്രത്യേകത ഏഷ്യയിൽ തന്നെ കലാനിലയത്തിനു സ്വന്തമാണ്. ജഗതി എൻകെ ആചാരിയുടെ രചനയിൽ കലാനിലയം കൃഷ്‌ണൻ നായർ സംവിധാനം ചെയ്‌ത രക്തരക്ഷസ്സ് മുൻകാലങ്ങളിൽ വേദിയിൽ വിമാനവും കാറും അടക്കമുള്ളവ അവതരിപ്പിച്ച് കാണികളെ ഞെട്ടിച്ചിരുന്നു. പുതിയ കാലത്ത് സിനിമയിൽ കാണുന്ന അതേ സാങ്കേതിക മാറ്റങ്ങൾ നാടകത്തിലേക്കും കൊണ്ടുവന്നിട്ടുണ്ടെന്ന് കലാനിലയം കൃഷ്‌ണൻ നായരുടെ മകനും സംവിധായകനുമായ അനന്തപത്മനാഭൻ പറഞ്ഞു.
"2006 ലാണ് അവസാനമായി കോഴിക്കോട് രക്തരക്ഷസ് കളിച്ചത്. അടിമുടി മാറ്റത്തോടെയാണ് നാടകം വീണ്ടും കോഴിക്കോട് എത്തുന്നത്. കാലഘട്ടം മാറിയതോടെ അതിനനുസരിച്ചുള്ള എല്ലാ മാറ്റങ്ങളും വരുത്തി. 1973 ലാണ് പിതാവ് കലാനിലയം കൃഷ്‌ണൻ നായർ രക്തരക്ഷസിന് തുടക്കം കുറിച്ചത്. പിതാവിൻ്റെ മരണശേഷം 2003ലാണ് ഞാൻ ഏറ്റെടുക്കുന്നത്. അന്നത്തെ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം ആ സമയത്ത് തന്നെ വരുത്തി. സിനിമ പോലെയല്ലല്ലോ നാടകത്തിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരുത്താമല്ലോ. അത് ഓരോ സമയത്തും അങ്ങനെ അപ്ഗ്രേഡ് ചെയ്‌ത് കൊണ്ടിരുന്നു. അതുകൊണ്ടാണ് രക്തരക്ഷസിനെ ഇപ്പോഴും ആളുകൾ സ്വീകരിക്കുന്നത്. അതിബുദ്ധിപരമായിട്ടാണ് കലാനിലയം കൃഷ്‌ണൻ നായർ നാടകങ്ങൾക്ക് തുടക്കം കുറിച്ചത്. കാലത്തിന് അതീതമായിരുന്നു ഓരോ പ്രമേയവും. ആളുകളെ പിടിച്ചിരുത്തുന്ന ഒരു പ്രമേയം രക്തരക്ഷത്തിലുമുണ്ട് അനന്തപത്മനാഭൻ വ്യക്തമാക്കി".
ജഗതി ശ്രീകുമാറുമൊത്താണ് രണ്ടാമത് രക്തരക്ഷസ് ആരംഭിച്ചത്. എന്നാൽ അമ്പിളി ചേട്ടന് അപകടം സംഭവിച്ചതോടെ താൻ ഒറ്റക്ക് ഏറ്റെടുത്തു. കൊവിഡ് സമയത്ത് എല്ലാ നിലച്ചു. സാമ്പത്തികമായി വലിയ ബാധ്യതയും വന്നു. അപ്പോഴാണ് ഈ രീതിയിൽ മുന്നോട്ട് പോയാൽ പോരാ എന്ന് ചിന്തിച്ചത്. നിലവിൽ ലൈവ് സിനിമ കാണുന്ന എഫക്റ്റാണ് ഒരുക്കിയിരിക്കുന്നത്. 120 ഓളം കലാകാരന്മാർ അരങ്ങത്തും അണിയറയിലുമായി ഒരേ സമയം പ്രവർത്തിക്കുന്നുണ്ട്. അതിൽ 60 പേർ അഭിനേതാക്കളാണ്"

രണ്ടുമാസമായി കോഴിക്കോട്ട് സ്‌റ്റേജിൻ്റെ പണിയും അനുബന്ധ ഒരുക്കങ്ങളും തുടങ്ങിയിട്ട്. ഇപ്പോൾ ഇത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റി. മൾട്ടി നാഷണൽ കമ്പനിയായ ഏരീസിന് 50% ഷെയറുമുണ്ട്. ഏറ്റെടുത്ത് ഒപ്പമാണ് ഇപ്പോൾ നാടകം നടത്തുന്നത്. ഏരീസിൻ്റെ സോഹൻ റോയിയും ലാഭം കണ്ടിട്ടല്ല ഇതിനോടൊപ്പം ചേർന്നതെന്നും കലാനിലയം നാടകങ്ങൾ അദ്ദേഹത്തിന് ഒരു പാഷനാണെന്നും അനന്തപത്മനാഭൻ പറഞ്ഞു.ചെലവിനെപ്പറ്റി ചിന്തിക്കാതെയാണ് നാടകം സ്‌റ്റേജിലേക്ക് എത്തുന്നത്. അതേക്കുറിച്ച് ചിന്തിച്ചു കഴിഞ്ഞാൽ ഭ്രാന്തായി പോകും. പത്തു രൂപ ടിക്കറ്റ് നിരക്കിൽ ആരംഭിച്ച നാടകമാണ് രക്തരക്ഷസ്. അന്നത്തെക്കാൾ നൂറിരട്ടി ചെലവ് കൂടിയിട്ടുണ്ട്. അപ്പോഴാണ് മൂന്ന് മണിക്കൂർ നാടകത്തിന് താങ്ങാൻ പറ്റുന്ന നിരക്ക് ഈടാക്കുന്നത്. ഇതുവരെ നാടകം കാണുകയോ അഭിനയിക്കുകയോ ചെയ്യാത്ത പുതുമുഖങ്ങളടക്കം ഇതിൽ വേഷം ചെയ്യുന്നുണ്ട്.
നായിക സി എ വിദ്യാർഥിനിയായ പാലക്കാട്ടുകാരിയാണ്. ചായക്കട നടത്തുന്നപ്പോൾ പൊറോട്ട അടിക്കാൻ അറിഞ്ഞില്ലെങ്കിൽ പ്രശ്‌നമാകുമെന്ന് പറഞ്ഞത് പോലെ; നാടകത്തിൻ്റെ ഏതു ഭാഗത്തും ഒരാളുടെ അഭാവം വന്നാൽ താൻ അവിടെ ഇറങ്ങും. നാടകം ആരംഭിച്ച് ഒരാഴ്‌ച കഴിഞ്ഞാൽ പിന്നെ ട്രാക്കില്‍ ആയിക്കോളും. പിന്നീട് മുന്നിൽ നിന്ന് വളയം നിയന്ത്രിച്ചാൽ മാത്രം മതി. അനന്തപത്മനാഭൻ പറഞ്ഞു.നാടകങ്ങളെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുകയും പുകഴ്ത്തുകയും ചെയ്‌തവർ കലാനിലയത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. കലാനിലയം കൃഷ്‌ണൻ നായരെ ഓർത്തിട്ടില്ല. മറ്റുള്ള നാടകങ്ങളെക്കുറിച്ചും നാടക സമിതികളെക്കുറിച്ചും പറയാൻ നിരവധി പേരുണ്ട്. അവിടെയും കലാനിലയം പരിഗണിക്കപ്പെട്ടിട്ടില്ല. കലാസ്വാദകരും ജനങ്ങളും ഏറ്റെടുത്തതാണ് കലാനിലയത്തെ. അതിന് മറ്റാരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. വിദേശരാജ്യങ്ങളിൽ പോലും കാണാത്ത ഒരു കലാരൂപം എൻ്റെ മാതാപിതാക്കൾ പണ്ട് ചെയ്‌തു.ഇന്നത്തെ പുതിയ തലമുറയെ അതിൻ്റെ മാഹാത്മ്യം അറിയിക്കുക മാത്രമാണ് തൻ്റെ ലക്ഷ്യം. ഇത് ഒരു പ്രതികാരമാണ് കലാനിയവും കൃഷ്‌ണൻ നായരും ആരായിരുന്നു എന്നറിക്കുന്ന പ്രതികാരം. കേരളത്തിലെ പല നാടകക്കാരുടെയും പ്രതിമ പലസ്ഥലത്തും ഉയർന്നിട്ടുണ്ട്. അതിലൊക്കെ പക്ഷികൾ കാഷ്ഠിക്കുന്നുണ്ടാകും. എന്നാൽ എൻ്റെ പിതാവിന് അവരുടെ ഔദാര്യത്തിൽ ഒന്നും വേണ്ട. 120 പേരെയും വച്ച് ഇത് കൊണ്ടുപോകാൻ പറ്റുമെങ്കിൽ അത് കലാനിലയത്തിൻ്റെയും അച്ഛൻ്റെയും പേര് നിലനിർത്താനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.53 വർഷം പിന്നിട്ടിട്ടും കലാനിലയത്തിൻ്റെ രക്തരക്ഷസ്സ് ഇപ്പോഴും ഓടുന്നു. നാല് തലമുറയാണ് ഈ നാടകം കണ്ടത്. ഇതൊരു യാത്രയാണ്. അതിനിടയിൽ പണ്ടുകാലം തൊട്ടേ കണ്ടവരുടെ അഭിപ്രായങ്ങൾ ആശീർവാദങ്ങൾ എല്ലാം കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. അതിനൊപ്പം തമിഴിൽ നേരത്തെ അവതരിപ്പിച്ച രക്തരക്ഷസ്സ് തെലുങ്കിലേക്കും കന്നടയിലേക്കും മൊഴിമാറ്റി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അനന്തപത്മനാഭൻ പറഞ്ഞു.