എണ്ണവില കുതിച്ചുയരുന്നു, രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യം 35 പൈസ ഇടിഞ്ഞ് 95.63 ആയി. ഇറാനുമായുള്ള വെടിനിർത്തൽ കരാർ പ്രതിസന്ധിയിലാണെന്നും സമാധാന ചർച്ചകളിലെ പ്രതീക്ഷകൾ മങ്ങുകയാണെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രസ്‌താവിച്ചതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരി വിപണിയില്‍ വ്യാപാരത്തിൻ്റെ തുടക്കത്തിൽ രൂപയുടെ മൂല്യം 35 പൈസ ഇടിഞ്ഞ് റെക്കോഡ് താഴ്‌ചയായ 95.63-ൽ എത്തിയത്.ഇന്നലെ 95.28 എന്ന നിരക്കിൽ വ്യാപാരം അവസാനിച്ച രൂപ, ഇന്ന് 35 പൈസ കൂടി ഇടിഞ്ഞ് 95.63 എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് കൂപ്പുകുത്തി. ഇറാൻ്റെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 10 ആഴ്ച്ചയോളം നീണ്ടുനിൽക്കുന്ന സംഘർഷം ആഗോള സാമ്പത്തിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന ആശങ്കയാണ് വിപണിയെ സ്വാധീനിച്ചത്.
ഇൻ്റർബാങ്ക് വിദേശനാണ്യ വിപണിയിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ വില 95.57 ൽ തുറന്നപ്പോൾ, ഗ്രീൻബാക്കിനെതിരെ 95.63 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് രൂപ ഇടിഞ്ഞു. തിങ്കളാഴ്ച രൂപ 79 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 95.28 എന്ന റെക്കോഡ് താഴ്ന്ന നിലയിലെത്തി.
"കഴിഞ്ഞ തവണ ഏകദേശം 3 ശതമാനം ഉയർന്നതിന് ശേഷം ചൊവ്വാഴ്ച ഏഷ്യൻ വ്യാപാരത്തിൽ എണ്ണവില വലിയതോതിൽ ഉയർന്നു. ഇറാനുമായുള്ള വെടിനിർത്തൽ അനശ്ചിതാവസ്ഥയിലാണെന്ന് ട്രംപ് പറഞ്ഞതിനാൽ, സംഘർഷത്തിന് പെട്ടെന്ന് പരിഹാരം കാണാൻ സാധിക്കില്ല . ഇത് വിപണി പ്രതിസന്ധികളെ പിടിച്ചുനിർത്തുമെന്ന പ്രതീക്ഷകൾ ഇല്ലാതാക്കി" ഫിൻ്റെക്‌സ് ട്രഷറി അഡ്വൈസേഴ്‌സ് എൽഎൽപിയുടെ ട്രഷറി മേധാവിയും എക്സിക്യൂട്ടീവ് ഡയറക്‌ടറുമായ അനിൽ കുമാർ ബൻസാലി പറഞ്ഞു.അതേസമയം ഡോളർ വില 0.19 ശതമാനം ഉയർന്ന് 98.14 ൽ വ്യാപാരം നടത്തി. ആഗോള എണ്ണ വില നിശ്ചയിക്കുന്നതിൻ് മാനദണ്ഡങ്ങളായ ബ്രെൻ്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ 0.85 ശതമാനം കുത്തനെ ഉയർന്ന് ബാരലിന് 105.10 ഡോളറിലെത്തി. ആഭ്യന്തര ഇക്വിറ്റി മാർക്കറ്റ് രംഗത്ത്, സെൻസെക്‌സ് 525.44 പോയിൻ്റ് ഇടിഞ്ഞ് 75,489.84 ലെത്തി, നിഫ്റ്റി 164.5 പോയിൻ്റ് ഇടിഞ്ഞ് 23,651.35 ലെത്തി. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ തിങ്കളാഴ്‌ച 8,437.56 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
വിപണിയുടെ തകർച്ചയ്ക്ക് കാരണം ഇറാൻ
ഇറാൻ്റെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ ഓവൽ ഓഫിസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇറാനെതിരെ കടുത്ത നിലപാട് വ്യക്തമാക്കിയത്. "സമാധാന കരാർ അതിൻ്റെ ഏറ്റവും ദുർബലമായ അവസ്ഥയിലാണ്" ട്രംപ് പറഞ്ഞു. താൻ സമ്മർദത്തിന് വഴങ്ങില്ലെന്നും തങ്ങൾക്ക് പൂർണ വിജയം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ആഗോള സാമ്പത്തിക വിപണിയില്‍ അസ്ഥിരത ഉടലെടുത്തത്.അതേസമയം, ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാന്‍റെ നിയന്ത്രണത്തിൽ അമേരിക്ക അസ്വസ്ഥമാണ്. നയതന്ത്ര ഇടപെടലുകളിലെ പുരോഗതിക്ക് ഇത് തടസമാകുന്നുമെന്ന് ട്രംപ് വ്യക്തമാക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഹോർമുസ് കടലിടുക്കിൽ ഇന്ത്യയുടെയടക്കം നിരവധി രാജ്യങ്ങളുടെ കപ്പലുകൾ ആഴ്ച്ചകളായി കുടുങ്ങിക്കിടക്കുകയാണ്. ഇവയുടെ നിയന്ത്രണം ഉടൻ പുനഃസ്ഥാപിച്ചില്ലങ്കിൽ പെട്രോൾ, ഡീസൽ വിലവർധന, വിലക്കയറ്റം, തൊഴിൽ നഷ്‌ടം, ഓഹരി വിപണിയിലെ തകർച്ച, ഇന്ധനക്ഷാമം തുടങ്ങിയവ മൂലം ഇന്ത്യ കടുത്ത സാമ്പത്തിക തകർച്ചയിലേക്കെത്തുമെന്ന് സാമ്പത്തിക വിദഗ്‌ധര്‍ വിലയിരുത്തുന്നു.