തമിഴ്നാട് മുഖ്യമന്ത്രി ,രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി

ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി  സി. ജോസഫ് വിജയ് ഡൽഹി സന്ദർശനത്തിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി  സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിൽ നടന്ന കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിന്റെ ഭാഗമായാണ് വിജയ് ദേശീയ തലത്തിലെ പ്രമുഖ നേതാക്കളെ സന്ദർശിച്ചത്. വ്യാഴാഴ്ച നടക്കുന്ന നീതി ആയോഗ് ഗവർണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം ദേശീയ തലസ്ഥാനത്തെത്തിയത്.തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള വിജയ്‌യുടെ രണ്ടാമത്തെ ഡൽഹി സന്ദർശനമാണിത്. സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സഖ്യസമവാക്യങ്ങൾക്ക് സാധ്യതയുണ്ടെന്ന ചർച്ചകൾക്കിടെയാണ് കോൺഗ്രസ് നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.വിജയ് നയിക്കുന്ന ടിവികെ സർക്കാരിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ മന്ത്രിമാരായി പ്രവർത്തിക്കുന്നതും ശ്രദ്ധേയമാണ്. ഏകദേശം 59 വർഷങ്ങൾക്ക് ശേഷമാണ് തമിഴ്നാട്ടിൽ കോൺഗ്രസ് പ്രതിനിധികൾക്ക് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചതെന്ന പ്രത്യേകതയും ഇതിനുണ്ട്.ഡൽഹി സന്ദർശനത്തിനിടെ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുമായും വിജയ് കൂടിക്കാഴ്ച നടത്തി. വിവിധ രാഷ്ട്രീയ വിഷയങ്ങളും ദേശീയ തലത്തിലെ സഹകരണ സാധ്യതകളും ചർച്ചയായതായാണ് സൂചന.