ശവമുറിയിലെ ചിത്രം (കഥ )

ഓട്ടോപ്സി മുറിയിൽ തൂങ്ങി കിടക്കുന്ന ഈ ചുമർചിത്രത്തിൽ ചോരപ്പാടുകൾ പതിഞ്ഞതെങ്ങിനെയാണ്!?.
ചോദ്യങ്ങളുടെ ഒരു പ്രളയം തന്നെ പോലിസ് സർജ്ജൻ കിഷൻ കുമാർ ശ്രീവാസ്തവയുടെ ഉള്ളിലൂടെ ഒഴുകിയിറങ്ങി. അദൃശ്യമായ എന്തോ ഒന്നിനെ തേടി അയാളുടെ കണ്ണുകൾ ആ മുറിയാകെ പരതി നടന്നു. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ആ പകൽ മുഴുവനും അയാളുടെ സ്വസ്ഥത കെടുത്തി. ദിവസങ്ങൾ കഴിഞ്ഞിട്ടും അതിന്റെ പൊരുൾ അയാളെ തേടി വന്നില്ല.
താൻ ഇവിടെ വന്നതിന് ശേഷം ഈ മുറിയിൽ നടക്കുന്ന ആദ്യ സംഭവമൊന്നുമല്ല ഇത്. മുമ്പും ഇത്തരം അനുഭവങ്ങൾക്ക് ഈ മുറിയും താനും സാക്ഷിയായിട്ടുണ്ട്. കൊറോണേഴ്സ് കോർട്ടിനുള്ളിൽ തങ്ങിനിൽക്കുന്ന നിതാന്തമായതണുപ്പിൽ നിന്നും ഉതിരുന്ന ചോദ്യമാണത്. ഉത്തരം ലഘു വാണെങ്കിലും ചോദ്യം വലുതാണ്.മരണത്തോടെ മനുഷ്യജീവിതം തീരുന്നുവെങ്കിലും എന്തോ ഒന്ന് മരണേതരമായി ബാക്കിവയ്ക്കുന്നുണ്ടെന്ന് അത് പറയുന്നു. ഈ അന്തരീക്ഷവും അതിനുള്ളിലെ സാഹചര്യങ്ങളുമായിരിക്കാം അതിന് ആധാരം.
ചിത്രകാരനും ജൂനിയർ ഡോക്ടറുമായ വസന്ത് നർഭാഗെ വരച്ച ഈ ചിത്രത്തിനുള്ളിലെ രക്തദാഹിയായ മനുഷ്യൻ ആരായിരുന്നു?.
അതവിടെ തൂക്കിയതിന്റന്ന് സൂപ്രണ്ട് വസന്തുമായി കൊമ്പുകോർത്തതിന്റെ അർത്ഥം എന്തായിരുന്നു?. ഉത്തരങ്ങളിൽ അടങ്ങിയിരിക്കുന്ന ദുരൂഹതകൾ കുറച്ചൊക്കെ വെളിവാകുന്നുണ്ട്.'ഇതൊരു പ്രദർശനശാലയല്ല. പോസ്റ്റുമോർട്ടം സെന്റർ ആണെന്നും ചിത്രങ്ങൾ വരച്ചു തൂക്കേണ്ടത് ഇവിടെയല്ലെന്നും
ആ ചിത്രം അവിടെ നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് സൂപ്രണ്ട് വസന്തിനോട് കയർത്തത് എന്തിനായിരുന്നു?. തന്നെ ബാധിക്കുന്ന എന്തോ ഒന്ന് ആ ചിത്രത്തിൽ അയാൾ കണ്ടിരുന്നില്ലേ?. തന്റെ ഇടപെടൽ തൽക്കാലത്തേക്ക് അതിനൊരു ശമനം നല്കിയെങ്കിലും അവർ തമ്മിലുള്ള വാക്പോര് തുടർന്നു പോന്നു. 'ആ ചിത്രത്തിലെ പച്ചമാംസം ഭുജിക്കുന്ന രക്തദാഹിയായ മനുഷ്യൻ വേറാരുമല്ല. സൂപ്രണ്ടാണ്. അതുകൊണ്ടാണ് അയാൾ ആ ചിത്രത്തെ എതിർക്കുന്നത്.'ഡ്യൂട്ടിറൂമിൽ ഇരിക്കുമ്പോൾ വസന്ത് നർഭാഗെ ഒരു ദിവസം അയാൾക്കെതിരെ ശബ്ദിച്ചു. 'പുറംലോകം അതറിയുന്നത് എന്റെ നിലനിൽപ്പിന് അപകടമാണെങ്കിലും ചിലതൊക്കെ പറയാതെ എനിക്ക് വയ്യെന്ന് വസന്ത് പറഞ്ഞു.
കൊലപാതകം ആത്മഹത്യയും, ആത്മഹത്യ കൊലപാതകവും ആക്കാൻ പ്രാപ്തിയുള്ള ഒരു ജാലവിദ്യക്കാരനെപ്പറ്റി പറയുമ്പോൾ സ്വഭാവികമായും ഒരു മാഫിയയുടെ കഥകൂടി തെളിഞ്ഞു വരേണ്ടതുണ്ട്. ആഴത്തിൽ അതിനെപ്പറ്റി എനിക്കറിവില്ലെങ്കിലും ചില ധാരണകൾ ഉള്ളിൽ ഉണ്ട്. എന്തു ചെയ്യാനും മടിക്കാത്ത ഒരു ദുഷ്ടമൃഗത്തിന്റെ മനസ്സാണ് അയാളുടേത്. തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് ഞാൻ അയാളുടെ ശത്രു വാണ്. അക്കാരണത്താൽ എന്റെ പിറകെ ഒരു നിഴൽപോലെ അയാളുടെ കണ്ണുകൾ ഉണ്ട്. എന്റെ ജീവൻ തന്നെ അത് അപകടത്തിൽ ആക്കുന്നു.'
പിന്നെയും എന്തൊക്കെയോ കൂടി വെളിപ്പെടുത്താൻ വസന്ത് തുനിഞ്ഞെ ങ്കിലും ഫ്ലഷ് ഡോർ തുറന്ന് സൂപ്രണ്ടും തൊട്ടുപിന്നാലെ മോർഗ് കീപ്പറും യാതൊരു മുന്നറിയിപ്പുമില്ലാതെ അകത്തേക്ക് കയറി വന്നു. തന്റെ രഹസ്യങ്ങൾ ചോർത്തുകയായിരുന്ന ജൂനിയർ ഡോക്ടറെ തറപ്പിച്ചു നോക്കി അധിക്ഷേപങ്ങളുടെ ഒരു പെരുമഴ അയാൾ വർഷിച്ചു.
'മൈ ലാസ്റ്റ് വാണിംഗ്. അധികം അഹങ്കരിച്ചാൽ പിടിച്ച് ഞാൻ പോലീസിൽ ഏല്പിക്കും. കുറച്ചുകാലം അകത്തു കിടക്കുമ്പോൾ നേരെയാ യിക്കൊള്ളും.'
പല്ലുഞെരിച്ചു കൊണ്ടാണ് അയാൾ മുറിവിട്ടു പോയത്.മോർഗ് കീപ്പറുടെ മുഖത്ത് വിജയഭാവം സ്ഫുരിച്ചു.വലിയവരോട് കളിച്ചാൽ ഇതാവും താഴെയുള്ളവരുടെ ഗതിയെന്ന്പറയാതെ അവന്റെ ചുണ്ടുകൾ പറഞ്ഞു.ജൂനിയർ ഡോക്ടറുടെ ഉള്ളിൽ ഭയാശങ്കകളുടെ കാറ്റിരമ്പി.
'അയാൾ തിരിച്ചടിക്കും. ഉറപ്പാണ്. ഒരു മറുപടി ഏതുരൂപത്തിലും എന്നെ തേടിവരാം. അയാൾ പോറ്റുന്ന മാഫിയയാവും എന്നെ തകർക്കാൻ പോവുക.'
മാനസികനില തകരാറിലായ ഒരു മനുഷ്യനെപോലെ വസന്ത് പെരുമാറുവാൻ തുടങ്ങി. അങ്ങനെ പാതിഭ്രാന്തിന്റെ വക്കിൽ എത്തിയ അയാൾ ഡ്യൂട്ടിവേഷത്തിൽ മരണപ്പെട്ടനിലയിൽ അന്ന് കാണപ്പെട്ടു.പോലിസ് സർജ്ജൻ കിഷൻ കുമാർ ശ്രീവാസ്തവ ചാർജ്ജ് എടുത്ത് ഏതാണ്ട് മൂന്ന് മാസമെ കഴിഞ്ഞിട്ടു ഉണ്ടായിരുന്നുള്ളു.നല്ല മഞ്ഞുള്ള ഒരു രാത്രിയായിരുന്നുവത്. മദ്യലഹരിയിൽ മോർച്ചറി ഭാഗത്ത് ഉറക്കം തൂങ്ങുകയായിരുന്നു മോർഗ് കീപ്പർ.
എന്തോ ഒച്ചകേട്ട് അവൻ ഞെട്ടി ഉണർന്നു. ആദ്യം ആ കാഴ്ച പതിഞ്ഞത് അവനിൽ ആയിരുന്നു.കണ്ണുകൾ തുറന്ന് കസേരയിൽ വസന്ത് നർഭാഗെ മരിച്ചു കിടക്കുന്നു. ഒരുതരത്തിലും ജീവിതത്തിൽ പിന്നീടങ്ങോട്ട് അവന് കണ്ണടയ്ക്കാനെ കഴിഞ്ഞില്ല. അത്രയേറെ ഭയവും ആശങ്കയും അവനെ കാർന്നു തിന്നിരുന്നു. പോലിസ് ആദ്യം ചോദ്യം ചെയ്തത് അവനെയായിരുന്നു.എന്തോ ഒരു സംശയം അവർക്ക് അവനിൽ ജനിച്ചു.മരണത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് ഇൻസ്‌പെക്ടർ ശ്രീപദ്ഷെവാളെ ആരോപിച്ചു.പോലിസ് സർജ്ജൻ കിഷൻ കുമാർ ശ്രീവസ്തവ നെറ്റിചുളിച്ചു.
'മരിച്ചവ്യക്തി ഡിപ്പാർട്ട്മെന്റിൽ ഒരുപാട് സമ്മർദ്ധങ്ങൾ അനുഭവിച്ചുവെന്നത് നേരാണ്. അതുപക്ഷെ ഒരു ആത്മഹത്യയോളം ചെല്ലുമെന്ന് ഞാൻ കരുതുന്നില്ല.'
'പിന്നെ എന്താണ് സംഭവിച്ചത്, അതൊരു കൊലപാതകമാണെന്നാണോ താങ്കൾ പറയുന്നത്.'ഇൻസ്‌പെക്ടർ ഷെവാളെ കണ്ണുതുറിച്ച് പോലിസ് സർജ്ജനെ നോക്കി.'അങ്ങനെ തറപ്പിച്ച് പറയാൻ ഞാൻ ആളല്ലെങ്കിലും ചില സംശയങ്ങൾ ഉള്ളിൽ ഊറി കൂടുന്നുണ്ട്.'
'ശരി സമ്മതിക്കുന്നു. പുറമെ ഞങ്ങൾക്ക് വിട്ടുതരേണ്ട വിഷയത്തിലാണ് ഇടപെടുന്നതെങ്കിലും താങ്കൾ പറഞ്ഞത് ഞാൻ നോട്ട് ചെയ്യുന്നു. ഞരമ്പിൽ വിഷം കുത്തിവെച്ചാണ് വിക്ടിം മരിച്ചിരിക്കുന്നത്. നമ്മൾ കരുതുമ്പോലെ അതയാൾ ഒരുപക്ഷെ സ്വയം ചെയ്തതാവാം. നേരെ മറിച്ച് നിങ്ങൾ കരുതും വിധം മറ്റൊരാളാൽ ചെയ്യിപ്പിച്ചതുമാകാം. അതുമല്ല വേറൊരാൾ ചെയ്തതുമാകാം. ഇതൊക്കെ കണ്ടെത്തുകയെന്നത് ഇൻവെസ്റ്റിഗേഷന്റെ ഭാഗമാണ്. എഫ്ഐആർ തീരുമാനിക്കേണ്ട വിഷയം. പോലീസിന്റെ ഡ്യൂട്ടിയാണത്. ഫസ്റ്റ് സസ്‌പെക്റ്റ്, ദെൻ റെസ്‌പെക്റ്റ്. അതാണ് ഞങ്ങളുടെ രീതി. അതിൽ പുതിയ ഒരാൾ കൈ കൈകടത്തുന്നതിൽ അപാകതയുണ്ടെ ങ്കിലും ഒരു പോലിസ് സർജ്ജൻ എന്ന നിലയ്ക്ക് താങ്കളുടെ വാക്കുകളെ ഞാൻ മുഖവിലയ്ക്ക് എടുക്കുന്നു.
"ബൈ കാണാം"...കൂടുതൽ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും നിൽക്കാതെ സംശയത്തിന്റെ നിഴലിൽ പതിഞ്ഞകാവൽക്കാരനെ അവർ കൊണ്ടുപോയി.
മരണത്തിൽ അവന് നേരിട്ട് പങ്കില്ലായിരുന്നുവെങ്കിലും പ്രേരണ എന്ന നിലയ്ക്കായിരുന്നു അവർ അവനെ കസ്റ്റഡിയിൽ എടുത്തത്. ഓട്ടോപ്സി സെന്ററിനുള്ളിൽ ഒരു അവയവ ലോബി പ്രവർത്തിക്കുന്നതായി അന്വേഷണത്തിനൊടുവിൽ പോലിസ് കണ്ടെത്തി. അതിൽ പങ്കാളി അല്ലെങ്കിലും ചില പിഴവുകൾ അവർ അവനിൽ ആരോപിച്ചു.മൂന്ന് വർഷം തടവ് ശിക്ഷ കോടതി അവന് വിധിച്ചു.
വാഹനാപകടങ്ങളിൽ കൊല്ലപ്പെടുന്ന ആരോഗ്യമുള്ള ചെറുപ്പക്കാർ ആയിരുന്നു അവയവ ലോബിയുടെ ഇരകൾ. ഓട്ടോപ്സി മുറിയിൽ എത്തുന്ന ചൂടുമാറാത്ത ജഡങ്ങളിൽ നിന്നും അവർക്ക് വേണ്ടത് അവർ കൊത്തിയെടുത്തു. പുറംലോകം ഒന്നുമറിഞ്ഞില്ല. പോസ്റ്റുമോർട്ടം കഴിഞ്ഞ് തുന്നിക്കെട്ടി വിടുന്ന ശരീരങ്ങൾക്കുള്ളിൽ എന്തൊക്കെ അവശേഷിക്കുന്നുണ്ടെന്നുള്ളത് ആര് അറിയാൻ. സാധാരണ മനുഷ്യരുടെ ചിന്താപരിധിയിൽ പെടുന്ന ഒന്നല്ല അത്.
കുന്തമുന കറങ്ങി തിരിഞ്ഞ് ഒടുവിൽ ചെന്നെത്തിയത് ആശുപത്രി സൂപ്രണ്ട് അനുകൂൽ നിഷാദിന്റെ നേർക്കായിരുന്നു. അവയവദാനം പുണ്യകർമ്മം ആണെങ്കിലും അയാൾക്കത് പണം കൊയ്യാനുള്ള ഉപാധിയായിരുന്നു.നിയമത്തിന്റെ പിടിയിൽ നിന്നും സ്വാധീനം രക്ഷപ്പെടുത്തിയെങ്കിലും ഒരാഴ്ച്ചയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ അയാൾ കൊല്ലപ്പെട്ടു.ഓട്ടോപ്സി മുറിയിൽ കിടന്നിരുന്ന ആ ചിത്രത്തിന് താഴെയായിരുന്നു ജഡം കാണപ്പെട്ടത്.
അതെങ്ങിനെ അവിടെ വന്നു. ആരവിടെ കൊണ്ടിട്ടു.ഉത്തരം ചുമരിൽ തൂങ്ങി കിടന്ന ആ ചിത്രത്തിലെ ചോരപ്പാടുകളിൽ പതിഞ്ഞിരുന്നു. ആ ചിത്രത്തിന്റെ പ്രസക്തി അവിടെ തുടങ്ങുകയായിരുന്നു. ശിക്ഷ കഴിഞ്ഞ് ജോലിയിൽ മടങ്ങിയെത്തിയ കാവൽക്കാരനു മുന്നിൽ ഡ്യൂട്ടിവേഷത്തിൽ മരിച്ചുപോയ ചിത്രകാരനായ ഡോക്ടർ പ്രത്യക്ഷപ്പെട്ടു. ആരും പക്ഷെ അവനെ വിശ്വസിച്ചില്ല.
പ്രാണഭയം നിഴൽ പോലെ പിന്തുടർന്ന അവൻ മരിക്കാതെ മരിച്ചു ജീവിച്ചു.പോസ്റ്റുമോർട്ടം ഹാൾ ക്ലിയർ ചെയ്യാൻ വന്ന മുനിസിപ്പൽ ഡെയ്ലി വേജസ് സ്റ്റാഫ് ആ ചിത്രം വലിച്ചു നീക്കി താഴെ ഇടാൻ ഒരു ശ്രമം നടത്തി. പരാജയപ്പെട്ട അവർഭയന്ന് പിൻവാങ്ങി അവിടെ നിന്നും ഓടിപ്പോയി.ആ ചിത്രത്തിന്റെ പ്രസക്തി പിന്നെയും കൂടുകയായിരുന്നു.പ്രാക്ടിക്കലിന് എത്തിയിരുന്ന മെഡിക്കോകൾ ആ മുറിയിൽ പ്രവേശിക്കുന്നത് തന്നെ ഭയപ്പാടോടെയായിരുന്നു.
കഴിഞ്ഞകാല ഓട്ടോപ്സികളുടെ നിറം മങ്ങിയ ഒരു തെളിവായി ആ ചിത്രം അങ്ങനെ ആ ഭിത്തിമേൽ ഒരു അപരാജിത ചിഹ്നമായി തൂങ്ങി കിടന്നു.
ചോര തുള്ളികൾ വീണു വികൃതമായ ആ ചിത്രത്തിന് നേരത്തെതിലും കാലപ്പഴക്കം വന്നതുപോലെ പോലിസ് സർജ്ജൻ കിഷൻ കുമാർ ശ്രീവാസ്തവയ്ക്ക് തോന്നി.പകൽ പോലും ഭീതി ഉളവാക്കുന്ന, ആളുകൾ കയറി വരാൻ മടിക്കുന്ന ഒരിടമാണിത്. ഇതിനകത്ത് നിറച്ചും മൗനം ഉറഞ്ഞു കിടക്കുന്നു.
നോട്ടം വീണ്ടും ഒരു പ്രേരണപോലെ ആ ചിത്രത്തിൽ പതിഞ്ഞു. ഞെട്ടിച്ചുകൊണ്ട് അതപ്പോൾ അവിടെ ഇല്ലായിരുന്നു.കണ്ണടച്ച് തുറക്കുമ്പോൾ വീണ്ടും അതാ അത് അവിടെ തൂങ്ങി കിടക്കുന്നു.ഇതെന്തൊരു മറിമായം. വിശ്വസിക്കാനാ വുന്നില്ല.ഉപകരണങ്ങൾ തട്ടിമുട്ടി ഉണ്ടാകുന്ന നേർത്ത ഒച്ച മരണമുറിയിൽ ഭീകര ധ്വനിയായി മുഴങ്ങി. മൃതജന്യമായൊരു ദൈന്യത അവിടമാകെ തൂങ്ങി കിടന്നു. മച്ചിൽ നിന്നും ഒഴുകി ഇറങ്ങിവന്ന കൂർത്ത വെളിച്ചം ടേബിളിൽ കിടന്ന ജഡത്തിന്റെ നഗ്നതയിൽ തൊട്ടതും ആ ചിത്രം കാറ്റേറ്റതു പോലെ ഒന്ന് ഇളകി.പഴുത്ത ചക്കകീറും പോലെ കീഴ്താടിമുതൽ നാഭിവരെ ഒരു പോറൽ ആയിരുന്നു. ചുളകളും കുരുക്കളും പുറത്തേക്ക് തള്ളിവന്നു.മനുഷ്യമൃഗങ്ങൾ കടിച്ചു കീറിയ നഗ്നത ഒരു പ്രതികാര ദാഹിയെപോലെ ആ ചിത്രം കാണുന്നുണ്ടായിരുന്നു. കൊല ചെയ്യപ്പെടും മുമ്പ് വിക്ടിം അനുഭവിച്ച മാനഹാനി മുഴുവനും കൊത്തിവെച്ചതുപോലെ ആ നെറ്റിത്തടത്തിൽ പതിഞ്ഞു കിടന്നു. ശതകോടി വ്യഥകളും സംശയങ്ങളും കലങ്ങി കിടക്കുന്ന മരിച്ചിട്ടും മരിക്കാത്ത കണ്ണുകൾ.
തുറന്ന അതെ വേഗത്തിൽ ആ ബോഡി തുന്നി കെട്ടി സൈഡിലേക്ക് മാറ്റി. മന്ദഗതിയിൽ മച്ചിൽ കറങ്ങിക്കൊണ്ടിരുന്ന ഒരിതൾ അടർന്നു പോയ ഫാൻ പെട്ടന്ന് നിശ്ചലമായി. പകൽ ഉണർന്നിരിക്കുന്ന, രാത്രി ഉറക്കം തൂങ്ങുന്ന ഈ ചുറ്റുപാടുകളിൽ ഇങ്ങനെയൊക്കെ സംഭവിക്കുക പതിവാണ്. ഒന്നുകിൽ അരികിൽ ഉള്ള ഒരു ജഡം ആകും കഥയിലെ നായിക.അതല്ലെങ്കിൽ വാരാനിരിക്കുന്നതോ, വന്നു പോയതോ ആയ ഒരു പുരുഷ ജഡം.
സ്നേഹത്തോടെ ഒന്ന് വിളിച്ചാൽ ചിലനേരങ്ങളിൽ കോർപ്സുകൾക്കും മിണ്ടാൻ ശേഷിയുണ്ടാവുമെന്ന് ഫോറൻസിക് ഹിസ്റ്ററികളിൽ പറയാതെ പറയുന്നുണ്ട്.അതൊരു പോലിസ് സർജ്ജനും ജഡവും തമ്മിലുള്ള ഇടപാടാണ്. അത്രകണ്ട് അതിനെ ഒരു മിഥ്യയായി കാണാനും കഴിയുകയില്ല.
ഒരു പ്രത്യേക നോട്ടത്തിലൂടെ ജഡത്തിൽ മറഞ്ഞിരിക്കുന്ന സത്യം പോലിസ് സർജ്ജന് കാണാൻ കഴിയും. ചത്തവർക്ക് അറിയാം കൊന്നവൻ ആരെന്ന്. ഉടവു ചതവുകൾ, പോറൽ, മുറിവ്, അസ്ഥികൾ, കലകൾ, ത്വക്ക് തുടങ്ങി അതിന്റെ ശരീരഭാഷയിൽ നിന്നും ഏറെക്കുറെ അത് ബോധ്യമാകുന്നു.
ഫോറെൻസിക് ഭാഷയിൽ 'ദി ഡെഡ് വിച്ച് സ്പീക്ക്‌സ്' എന്ന് പറയും.കുറ്റവാളിയിലേക്കുള്ള ദൂരം അളക്കുന്ന ചെറിയൊരു അളവുകോൽ.
തിക്കും തിരക്കും അധികമുള്ള നിറയെ വാഹനങ്ങളും അത്രതന്നെ പൊലിയുന്ന ജീവിതങ്ങളും ഉള്ള ഒരു മഹാനഗരമാണിത്.ജനനം ഒന്നേയുള്ളുവെങ്കിലും മരണത്തിന് കടന്നുവരാൻ ഇവിടെ നിരവധി വഴികളുണ്ട്.അടർന്നു പൊഴിയുന്ന ഈ പകലിനും വരാൻ ഇരിക്കുന്ന ഈ രാത്രിയ്ക്കും പോലും മരണമുണ്ട്. മറ്റിടങ്ങൾ പോലെയല്ല.ഈ മേഖലയിൽ സദാ ഒരു തണുപ്പും നിശബ്ദതയുമാണ്. വെളിയിൽ എന്തൊക്കെയൊ പ്രവചിക്കുമ്പോലെ തലയാട്ടുന്ന മരങ്ങൾക്കും അവയുടെ ഇരുണ്ട നിഴലുകൾക്കും മരണത്തിന്റെ മുഖഛായയാണ്.പുറത്ത് മൗനത്തിന്റ കറുത്ത ബാഡ്ജ് അണിയുന്ന രാത്രിയും അത് പകർന്നാടുന്ന ഇരുളും അതിന്റെ തെളിവുകൾ ആണ്. പരിസരം പോലെഡ്യൂട്ടിറൂമിന്റെ ഗ്ലാസ്സ് പാനലുകളും ആകെ അഴുക്കും ചെളിയും പിടിച്ച നിലയിൽ ആയിരുന്നു. അവിടവിടെ വിരലുകൾ പതിഞ്ഞ പാടുകളും രക്തക്കറയും കൂടി യാവുമ്പോൾ എല്ലാം പരിപൂർണ്ണമാകുന്നു.
ആശുപത്രിയുടെ എല്ലാ മേഖലകളിലും വികസനം വന്നിട്ടും മെഡിക്കൽ കോളേജിന്റെ കവാടത്തിൽ എഴുതി തൂക്കിയ ആ വലിയ വിലവിവര പട്ടികയിൽ ഇവിടവും ഇവിടുത്തെ മനുഷ്യരും എന്തെ ഇടം പിടിക്കാത്തത്.കാരണംഇതൊരു മരണമേഖലയായതുകൊണ്ടാണ്.ജീവിതത്തെ സ്നേഹിക്കുന്നവർക്ക് മരണത്തെ ഭയമാണ്.ഇടനാഴിയുടെ ഓരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാലൊടിഞ്ഞ ഒരു ട്രോളി കിടപ്പുണ്ട്. ഇടയ്ക്കിടെ അറിയാതെ കണ്ണുകൾ അതിൽ ചെന്നുടക്കും. ഒരുപാട് ജഡങ്ങൾ മോർച്ചറിയിൽ എത്തിച്ച അതിനും ഒടുവിൽ മരണം വന്നു ഭവിച്ചിരിക്കുന്നു. ശവജീർണ്ണത തങ്ങി നിൽക്കുന്ന ഈ അന്തരീക്ഷത്തിൽ എവിടെ നോക്കിയാലും മരണത്തിന്റെ ഗന്ധവും നിഴൽപ്പാടുകളുമാണ്. സ്വന്തം ഉടലിലും വസ്ത്രത്തിലും പോലും അതനുഭവിച്ചറിയാം. എത്ര കഴുകിതേച്ചാലും ഒരു പ്രഹേളികപോലെ അത് ബാക്കിയാവുന്നു.
അകം ഏതാണ്ട് ഇരുളിൽ ആണെങ്കിലും അനാട്ടമിയ്ക്കു വെളിയിൽ വിളക്കുകൾ എരിയുന്നുണ്ട്. മരിച്ചിട്ടും വീണ്ടും കൊല്ലപ്പെടുന്ന ഭൂമിയിലെ ഒരെയൊരിടം.മോർച്ചറിയുടെ പിന്നിൽ ആരെയോ കാത്തു കിടക്കുന്ന ശവവാഹിനികൾക്കും പറയാനുള്ളത് വരാനിരിക്കുന്ന മരണങ്ങളെക്കുറിച്ചാണ്. നീണ്ടു വളർന്ന കറുപ്പും വെളുപ്പും ഇടകലർന്ന പൈതഗോറസ് താടിയിലൂടെ പോലിസ് സർജ്ജൻ കിഷൻ കുമാർ ശ്രീവാസ്തവ തന്റെ വിരലോടിച്ചു.ഈ മരണമുറിക്ക് യോജിച്ച ആൾ തന്നെയാണ് താനെന്ന് സൂപ്രണ്ട് കാണുമ്പോൾ കൂടെ കൂടെ പറയാറുണ്ടായിരുന്നു.
അതൊരു ആക്ഷേപം ആയിരുന്നുന്നുവെങ്കിലും അതിനെ മുഖവിലയ്ക്ക് എടുത്തത് സൗമ്യഭാവത്തിൽ ആയിരുന്നു. മുപ്പത്തിയഞ്ച് വർഷത്തെ സർവ്വീസും നാല്പ്പതിനായിരത്തിൽപ്പരം ഓട്ടോപ്സികളും യുഗദൈർഘ്യമുള്ള ഒരു കാലഘട്ടമാണ്.മൗനം ഉറഞ്ഞു കട്ട പിടിച്ചു കിടക്കുന്ന ഈ മുറിപോലെ വാചാലമാണത്.
ഡ്യൂട്ടി കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞിരുന്നു. ഈ മുറിയിൽ ഇപ്പോൾ പോലിസ് സർജ്ജൻ കിഷൻ കുമാർ ശ്രീവാസ്തവ തനിച്ച്.ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഭയം തോന്നാറില്ലേയെന്ന് ഇവിടെയുള്ള പലരും ചോദിക്കാറുണ്ട്. ജഡങ്ങളെ എനിക്ക് തെല്ലും ഭയമില്ല. എന്നാൽ ജീവിച്ചിരിക്കുന്ന മനുഷ്യനെ ഞാൻ ഭയക്കുന്നുമുണ്ട്.മുനയൊടിഞ്ഞ ഒരു നനഞ്ഞ ചിരിയിൽ എല്ലാം മുങ്ങിപ്പോവുമ്പോഴും മരണമാണ് അവിടെയും വിജയിക്കുന്നത്.
ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ഈ ചിത്രവും അത് വരച്ച ആളും ജയപരാജയങ്ങളുടെ ആകെ തുകയാണ്.ഇരയുടെയും വേട്ടക്കാരന്റെയും കഥ ആ ചിത്രം പറയുന്നു.സൂപ്രണ്ടിന്റെ ചതിയായിരുന്നു എല്ലാറ്റിനും പിന്നിൽ.ആ ചിത്രത്തിൽ ഇമവെട്ടാതെ ഒരിക്കൽ കൂടി പോലിസ് സർജ്ജൻ കിഷൻ കുമാർ ശ്രീവാസ്തവ നോക്കി ഇരുന്നു പോയി.മഞ്ഞുള്ള ആ രാത്രിയിൽമോർച്ചറി സൂക്ഷിപ്പുകാരന്റെ തലച്ചോറിൽ ആഞ്ഞടിച്ച ആ മരണനാദം വീണ്ടും ഒരിക്കൽ കൂടി അയാളുടെ പ്രജ്ഞയിൽ വീണു ചിതറി.
ആർ. കെ. മാരൂർ
('മൃതിയുടെ ആഴം' എന്ന നോവലിന് ഒരു അനുബന്ധം.)