തമിഴ്‌നാട് നിയമസഭ : വിശ്വാസ വോട്ടെടുപ്പിൽ വിജയ് സർക്കാരിന് വൻ വിജയം

തമിഴ്‌നാട് നിയമസഭ : വിശ്വാസ വോട്ടെടുപ്പിൽ വിജയ്  സർക്കാരിന് വൻ വിജയം

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് വിശ്വാസ വോട്ട് നേടി. തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് 144 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. ഭരണപക്ഷത്തിന് തുടക്കത്തിൽ 119 അംഗങ്ങളുടെ പിന്തുണയാ ണുണ്ടായിരുന്നത്.വോട്ടെടുപ്പ് വേളയിൽ എഐഎഡിഎംകെയിലെ 25 വിമതർ സർക്കാരിനെ അനുകൂലിച്ചു. ഇത് സർക്കാരിന് വലിയ നേട്ടമായി. എടപ്പാടി കെ പളനിസ്വാമി പക്ഷത്തെ 22 പേർ മാത്രമാണ് സർക്കാരിനെ എതിർത്തത്. അഞ്ച് എംഎൽഎമാർ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. ഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഉദയനിധി സ്റ്റാലിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം.

ആകെ 234 അംഗങ്ങളുള്ള നിയമസഭയിൽ ടിവികെയ്ക്ക് 107 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. വിജയ് രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചിരുന്നു. ഇതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും അദ്ദേഹം രാജി വച്ചു. എന്നാൽ കോൺഗ്രസ്, ഐയുഎംഎൽ, വിസികെ, സിപിഐ, സിപിഎം എന്നീ കക്ഷികളുടെ 13 അംഗങ്ങൾ സർക്കാരിനൊപ്പം ഉറച്ചുനിന്നു. കഴിഞ്ഞ ദിവസം സ്പീക്കർ തെരഞ്ഞെടുപ്പിൽ നിയമസഭാംഗം ജെസിഡി പ്രഭാകറിനെ സഭ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു. ഡെപ്യൂട്ടി സ്പീക്കറായി രവിശങ്കർ പുതിയതായി ചുമതലയേറ്റു. ജെസിഡി പ്രഭാകറാണ് സർക്കാർ വിശ്വാസവോട്ട് നേടിയതായി സഭയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഹൈക്കോടതിയുടെ അപ്രതീക്ഷിത വിലക്ക്

വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുൻപ് ടിവികെ എംഎൽഎ ശ്രീനിവാസ സേതുപതിയെ മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു. സഭാനടപടികളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ് വിലക്കിയത്. തിരുപ്പത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ട ഡിഎംകെ നേതാവ് കെആർ പെരിയകറുപ്പൻ നൽകിയ ഹർജിയിലായിരുന്നു നടപടി. കേവലം ഒരു വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്.

തനിക്ക് അനുകൂലമാകേണ്ട പോസ്റ്റൽ വോട്ട് അബദ്ധത്തിൽ മറ്റൊരു മണ്ഡലത്തിലേക്ക് മാറിപ്പോയെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടെണ്ണലിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്നും പെരിയകറുപ്പൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് എൽ വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഇതിനിടെ എസ് കാമരാജ് തൻ്റെ മുൻ നിലപാട് മാറ്റി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. വ്യാജരേഖ ചമച്ചെന്ന കേസിൽ ആരോപണവിധേയനായ എഎംഎംകെ എംഎൽഎയാണ് കാമരാജ്.

സഖ്യകക്ഷികളുടെ പ്രതിഷേധം

മുഖ്യമന്ത്രിയുടെ പുതിയ നിയമനത്തിനെതിരെ സഖ്യകക്ഷികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. തൻ്റെ വ്യക്തിഗത ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രി പുതിയ ഉദ്യോഗസ്ഥനായി നിയമിച്ചു. ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായാണ് അദ്ദേഹത്തിന് നിയമനം നൽകിയത്.നിയമസഭാ തെരഞ്ഞെടുപ്പിലെ ടിവികെയുടെ മുന്നേറ്റം രാധൻ പണ്ഡിറ്റ് കൃത്യമായി പ്രവചിച്ചിരുന്നു. ഇതിന് പകരമായാണ് സുപ്രധാന പദവി നൽകിയതെന്നാണ് പ്രധാന വിമർശനം. പുതിയ നിയമനം ഔദ്യോഗികമായി പുറത്തുവന്നതോടെ മുന്നണിക്കുള്ളിൽ പുതിയ ഭിന്നതകൾ ആരംഭിച്ചു. സഖ്യകക്ഷിയായ കോൺഗ്രസ് ശക്തമായ വിയോജിപ്പാണ് പരസ്യമാക്കിയിരിക്കുന്നത്.

രൂക്ഷവിമർശനവുമായി ഉദയനിധി

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി നടന്ന ചർച്ചയിൽ ഡിഎംകെ ശക്തമായ വിയോജിപ്പ് അറിയിച്ചു. പുതിയ സർക്കാരിനെതിരെ ഉദയനിധി സ്റ്റാലിൻ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. അവസരവാദ സഖ്യങ്ങളിലൂടെ രൂപീകരിച്ച ഭരണത്തിന് നിലനിൽപ്പില്ലെന്ന് അദ്ദേഹം ആരോപിച്ചു. ടിവികെ സർക്കാരിനെ പുഷ്പ ഗവൺമെൻ്റ് എന്നാണ് ഉദയനിധി പരിഹസിച്ചത്.ആകെ പോൾ ചെയ്ത വോട്ടുകളിൽ 1.78 കോടി വോട്ട് മാത്രമാണ് ടിവികെയ്ക്ക് ലഭിച്ചത്. അതിനാൽ 65 ശതമാനം ജനങ്ങളും സർക്കാരിന് എതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് പാർട്ടികളിലെ എംഎൽഎമാരെ നേതൃത്വത്തിൻ്റെ അനുവാദമില്ലാതെ ഒപ്പം കൂട്ടിയത് രാഷ്ട്രീയ അധാർമികതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ ഏറെ വൈകുകയാണെന്നും ഉദയനിധി സഭയിൽ വ്യക്തമാക്കി.

എഐഎഡിഎംകെയിൽ വൻ പിളർപ്പ്

എംജി രാമചന്ദ്രൻ സ്ഥാപിച്ച തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയിൽ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്. ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിക്കെതിരെ പാർട്ടിക്കുള്ളിൽ വലിയൊരു വിഭാഗം എംഎൽഎമാർ രംഗത്തെത്തി. ഡിഎംകെയുമായി പളനിസ്വാമി രഹസ്യ കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമതർ ആരോപിക്കുന്നത്.മുതിർന്ന നേതാക്കളായ എസ്പി വേലുമണി, സിവി ഷൺമുഖം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർന്നത്. തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയമാണ് ഈ വിമത നീക്കത്തിന് പ്രധാന കാരണം. സർക്കാരിൻ്റെ വിശ്വാസ വോട്ടെടുപ്പ് എഐഎഡിഎംകെയുടെ ചരിത്രത്തിലെ നിർണായകമായ പോരാട്ടമായി മാറിയിരിക്കുകയാണ്.