കാട്ടാന ആക്രമണം: കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും പ്രഖ്യാപിച്ചു

കാട്ടാന ആക്രമണം: കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും പ്രഖ്യാപിച്ചു

വയനാട്:  കാട്ടിക്കുളം വെള്ളാഞ്ചേരിയിൽ കാട്ടാന ആക്രമണത്തിൽ കർഷകനായ രാജു കൊല്ലപ്പെട്ട സംഭവത്തിൽ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാരുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും നടത്തിയ ചർച്ചയുടെ ഫലമായി കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് ആകെ 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതായി മാനന്തവാടി എംഎൽഎ ഉഷ വിജയൻ അറിയിച്ചു. ഇതിൽ അടിയന്തര ധനസഹായമെന്ന നിലയിൽ അഞ്ച് ലക്ഷം രൂപ ഇന്ന്  കുടുംബത്തിന് കൈമാറി .ബാക്കി ഒൻപത് ലക്ഷം രൂപ വനംവകുപ്പിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് എത്രയും വേഗം നൽകും. ഇതിനുപുറമേ, രാജുവിന്റെ കുടുംബത്തിലെ ആശ്രിതർക്ക് വനംവകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ സ്ഥിര നിയമനമായി ജോലി നൽകുന്നതിനായി സർക്കാരിലേക്ക് അടിയന്തര ശിപാർശ നൽകുമെന്നും എംഎൽഎ വ്യക്തമാക്കി. ജനവാസ മേഖലകളിലെ സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ള ആനപ്രതിരോധ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ഊർജ്ജിതമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പുകൾ ലഭിച്ചതിനെത്തുടർന്നാണ് നാട്ടുകാരും സിപിഎം പ്രവർത്തകരും ആശുപത്രി പരിസരത്ത് നടത്തിവന്ന ശക്തമായ പ്രതിഷേധം അവസാനിപ്പിച്ചത്.ഇന്ന് രാവിലെയായിരുന്നു വെള്ളാഞ്ചേരിയിലെ ജനവാസമേഖലയിൽ ഭീതി പരത്തിക്കൊണ്ട് ഒറ്റയാൻ ഇറങ്ങിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാടുകയറ്റാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരനായ രാജുവും ഇവർക്കൊപ്പം ചേർന്നു. എന്നാൽ വന്യമൃഗത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി രാജു കാട്ടാനയുടെ മുന്നിൽ പെടുകയും ആന അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ഒറ്റയാന്റെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ വെച്ച് രാജു മരണത്തിന് കീഴടങ്ങുകയായിരുന്നു.ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാട്ടാനയാക്രമണത്തിൽ വയനാട്ടിൽ സാധാരണക്കാരുടെ ജീവൻ പൊലിയുന്നത്. അപകടം നടന്നിട്ടും സ്ഥലം എംഎൽഎ ഉഷ വിജയനോ ജില്ലയിലുള്ള മന്ത്രിയോ സംഭവസ്ഥലത്തോ ആശുപത്രിയിലോ എത്തി ബന്ധുക്കളെ കാണാൻ തയ്യാറായില്ലെന്ന് ആരോപിച്ച് നാട്ടുകാരും സിപിഎം പ്രവർത്തകരും വലിയ രീതിയിൽ പ്രതിഷേധിച്ചിരുന്നു. ഡിസിസി (DCC) നേതാക്കൾ മാത്രമാണ് തങ്ങളെ ആദ്യം വന്ന് കണ്ടതെന്നും ജനപ്രതിനിധികൾ തിരിഞ്ഞുനോക്കിയില്ലെന്നുമുള്ള ബന്ധുക്കളുടെ ആക്ഷേപത്തിന് പിന്നാലെയാണ് എംഎൽഎ ഉന്നതതല ചർച്ച നടത്തി മാധ്യമങ്ങളോട് നഷ്ടപരിഹാര വിവരം പ്രഖ്യാപിച്ചത്. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും കുടുംബത്തിന്റെ കടുത്ത ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എംഎൽഎ പ്രതികരിച്ചു