"മാതൃഭാഷയിൽ അഭിമാനിക്കുമ്പോൾ തന്നെ ഭാഷയുടെ പേരിൽ നടക്കുന്ന അക്രമത്തെ അംഗീകരിക്കില്ല": ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മാതൃഭാഷയായ മറാത്തിയിൽ സംസ്ഥാനം അഭിമാനിക്കുമ്പോൾ തന്നെ ഭാഷയുടെ പേരിലുള്ള അക്രമം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് . മറ്റ് സംസ്ഥാനത്തുനിന്നുമുള്ള കുടിയേറ്റത്തിൽ മഹാരാഷ്ട്ര ഒരിക്കലും ഇടുങ്ങിയ ചിന്താഗതി കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എല്ലാ ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാർക്കും മറാത്തി ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണമെന്ന ഉത്തരവിൽ സംബന്ധിച്ച വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു ഫഡ്‌നാവിസ് .
"ഭാഷയെ സംബന്ധിച്ചിടത്തോളം, ഒരാൾ സ്വന്തം മാതൃഭാഷയെക്കുറിച്ച് അഭിമാനിക്കണം. നമ്മുടെ മാതൃഭാഷയായ മറാത്തിയെക്കുറിച്ച് നാമെല്ലാവരും അഭിമാനിക്കണം. മഹാരാഷ്ട്രയിൽ താമസിക്കുന്ന എല്ലാവരും മറാഠി പഠിക്കണം. ആളുകൾ അത് പഠിക്കാൻ ശ്രമിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ഇതുവരെ ശ്രമിച്ചിട്ടില്ലാത്തവരെ പഠിപ്പിക്കാനുള്ള ശ്രമവും സർക്കാറിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകും" .അദ്ദേഹം പറഞ്ഞു.
"ഭാഷയുടെ പേരിൽ നടക്കുന്ന അക്രമങ്ങളും തർക്കങ്ങളും, നമ്മുടെ ഭാഷ സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ ഒരാളെ തല്ലുന്നതും ഞങ്ങൾക്ക് സ്വീകാര്യമല്ല," അദ്ദേഹം ഊന്നിപ്പറഞ്ഞു. "നമ്മുടെ ഭാഷ മനോഹരവും പഠിക്കാൻ എളുപ്പവുമാണെന്ന് തിരിച്ചറിയുക എന്നതാണ് മുന്നോട്ടുള്ള ഏക മാർഗം. എല്ലാവരെയും അത് പഠിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും,"
മഹാരാഷ്ട്ര നിവാസികൾ മറാത്തിഭാഷ സംസാരിക്കുന്നതിൽ ഉറച്ചുനിൽക്കുകയും ജനങ്ങൾ ഈ ലക്ഷ്യത്തിനായി ഒന്നിക്കുന്നതും തടയാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന എംഎൻഎസ് മേധാവി രാജ് താക്കറെ നടത്തിയ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഫഡ്‌നാവിസ്.
"ഓട്ടോറിക്ഷാ ഡ്രൈവർമാർ മറാത്തിയിൽ സംസാരിക്കാൻ വിസമ്മതിക്കാൻ എവിടെ നിന്നാണ് ഇവർക്ക് ധൈര്യം ലഭിക്കുന്നത്? തമിഴ്‌നാട്ടിലോ പശ്ചിമ ബംഗാളിലോ അവർ അത് ചെയ്യാൻ ധൈര്യപ്പെടുമോ," എന്ന് കഴിഞ്ഞ ദിവസം പൂനെയിൽ സംഘടിപ്പിച്ച ഒരു പ്രഭാഷണത്തിൽ സംസാരിക്കവെ താക്കറെ ചോദിച്ചിരുന്നു."മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ ഇവിടെ താമസിക്കരുതെന്നും ചില പ്രത്യേക തരം ആളുകൾ മാത്രം സംസ്ഥാനത്ത് താമസിക്കണമെന്നുമുള്ള ഇടുങ്ങിയ ചിന്താഗതി മഹാരാഷ്ട്ര ഒരിക്കലും കാണിച്ചിട്ടില്ല. അത്തരമൊരു മനോഭാവത്തെ മഹാരാഷ്ട്ര ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല," താക്കറെയെ പരിഹസിച്ചുകൊണ്ട് ഫഡ്‌നാവിസ് പറഞ്ഞു.ഭാഷാപരമായ സ്വത്വവുമായി ബന്ധപ്പെട്ട അഭിമാനവും മുഖ്യമന്ത്രി എടുത്തുപറഞ്ഞു, മറാത്തി സംസാരിക്കുന്ന ആളുകൾ സംസ്ഥാനത്തിനപ്പുറം തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രൈമറി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കി കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്ന രണ്ട് ഉത്തരവുകൾ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൻ്റെയും രാജ് താക്കറേയുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് സംസ്‌ഥാന സർക്കാർ പിൻവലിച്ചിരുന്നു . ഉത്തരവ് നടപ്പാക്കിയാൽ മഹാരാഷ്ട്രയിൽ ഒരു സ്‌കൂളും തുറക്കാൻ അനുവദിക്കില്ല എന്ന് രാജ്‌താക്കറെയുടെ ഭീഷണിയും ഉണ്ടായി.

മഹാരാഷ്ട്ര ഗതാഗത മന്ത്രാലയം സംസ്ഥാനത്തുടനീളമുള്ള ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്ക് മറാത്തി ഭാഷ നിർബന്ധമാക്കിയതിനും, എല്ലാ ഡ്രൈവർമാർക്കും മറാത്തി അറിയണമെന്ന പുതിയ നിയമം കൊണ്ടുവന്നതിനും ശേഷം, താനെയിലെ ബിജെപി പ്രവർത്തകർ കുടിയേറ്റ റിക്ഷാ ഡ്രൈവർമാർക്കായി ഏഴ് ദിവസത്തെ മറാത്തി ഭാഷാ പരിശീലന കാമ്പയിൻ ആരംഭിച്ചു. ഇന്ത്യയിലെ മുംബൈയിലെ താനെയിൽ നടന്ന ഈ സംരംഭത്തിൽ, മറാത്തി ഭാഷാ ക്ലാസുകളുടെ ആദ്യ ദിവസം സ്വദേശികളല്ലാത്ത ഓട്ടോറിക്ഷ ഡ്രൈവർമാർ പങ്കെടുത്തു.