ഇറാൻ യുദ്ധക്കപ്പലിന് ആക്രമണ ഭീഷണിക്ക് മുൻപ് സഹായഹസ്തവുമായി ഇന്ത്യ

ഇറാൻ യുദ്ധക്കപ്പലിന് ആക്രമണ ഭീഷണിക്ക് മുൻപ് സഹായഹസ്തവുമായി ഇന്ത്യ

ന്യുഡൽഹി : ശ്രീലങ്കൻ തീരത്ത് ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന അമേരിക്കൻ ആക്രമണത്തിൽ തകർക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ്, മറ്റൊരു ഇറാൻ കപ്പലായ ഐആർഐഎസ് ലാവന് കൊച്ചിയിൽ ഇന്ത്യ അടിയന്തരമായി അഭയം നൽകിയതിന്‍റെ നിർണായക വിവരങ്ങൾ പുറത്ത്.കപ്പലിലുണ്ടായിരുന്ന 183 നാവികരെ നിലവിൽ കൊച്ചിയിലെ ഇന്ത്യൻ നാവികസേനാ കേന്ദ്രത്തിൽ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണ്. വിശാഖപട്ടണത്തത്ത് അന്താരാഷ്ട്ര കപ്പൽപ്പട പ്രദർശനത്തിൽ പങ്കെടുക്കാനെത്തിയ ലാവന് ഗുരുതരമായ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഇറാൻ നയതന്ത്രതലത്തിൽ ഇന്ത്യയുടെ സഹായം തേടിയത്.

ഫെബ്രുവരി 28-നാണ് കപ്പലിന് അടിയന്തരമായി കൊച്ചിയിൽ നങ്കൂരമിടാൻ സൗകര്യമൊരുക്കണമെന്ന ഇറാന്‍റെ അഭ്യർഥന ഇന്ത്യൻ സർക്കാരിന് ലഭിച്ചത്. സാഹചര്യം വിലയിരുത്തിയ ഇന്ത്യ മാർച്ച് 1-ന് തന്നെ ഇതിന് ഔദ്യോഗികമായി അനുമതി നൽകുകയും മാർച്ച് 4-ന് കപ്പൽ കൊച്ചി തീരത്ത് അടുക്കുകയും ചെയ്തു.ഈ സുരക്ഷാ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ച ഐആർഐഎസ് ദേന ദുരന്തം സംഭവിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ അതിഥിയായി 'മിലാൻ' നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ദേനയെ, അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് തകർക്കുകയായിരുന്നു.

ഈ ആക്രമണത്തെ 'കടലിലെ ക്രൂരത' എന്ന് വിശേഷിപ്പിച്ച ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്‌ചി, അമേരിക്ക ഇതിന് കടുത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. 130-ഓളം നാവികരുണ്ടായിരുന്ന ദേനയിൽ നിന്ന് 208 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽ ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെയാണ് ഈ ആക്രമണം നടന്നത് എന്നത് സാഹചര്യത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നു.അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിന് പുറത്തേക്കും വ്യാപിക്കുന്നതിനിടെയാണ് നയതന്ത്രപരമായി ഇന്ത്യ ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. ഇറാൻ പരമോന്നത നേതാവ് അലി ഖൊമേനിയുടെ ഭൂഗർഭ സൈനിക താവളങ്ങൾ തകർത്തതായും റഷ്യ ഇറാനെ സഹായിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്ന കലുഷിതമായ പശ്ചാത്തലത്തിലാണ് ഇന്ത്യ ഒരു ഇറാൻ കപ്പലിന് അഭയം നൽകിയത്.

ഐആർഐഎസ് ലാവനിലെ 183 നാവികർക്കും ആവശ്യമായ എല്ലാ താമസസൗകര്യങ്ങളും സുരക്ഷയും ഇന്ത്യൻ നാവികസേന കൊച്ചിയിൽ ഉറപ്പാക്കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ഇപ്പോഴും തുടരുന്നതിനിടെയാണ് ഇറാന്‍ കപ്പിലിന് ഇന്ത്യ അഭയം നല്‍കി. റിപ്പോര്‍ട്ട് പുറത്തു വരുന്നത്.