ദേവസ്വം സ്പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപ് രാജിവെച്ചു
തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ ബി പ്രദീപ് രാജിവെച്ചു. കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. പ്രദീപിൻ്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമർശനവും ഉയർന്നിരുന്നു. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും കെ മുരളീധരൻ വിഷത്തിൽ പ്രതികരിച്ചിരുന്നു. താന്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചതില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആശങ്ക അറിയിച്ചിരുന്നു. ശബരിമല സ്പെഷ്യല്‍ കമ്മീഷണറെയാണ് എസ്ഐടി ആശങ്ക അറിയിച്ചത്. അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോരുമെന്നാണ് എസ്ഐടി ചൂണ്ടിക്കാണിച്ചിരുന്നത്. നിര്‍ണായക രേഖകള്‍ കൈമാറുന്നതിലെആശങ്കയും എസ്ഐടി പ്രകടിപ്പിച്ചിരുന്നു സര്‍ക്കാരിനോട് ആശങ്ക പങ്കുവെയ്ക്കുന്നതില്‍ എസ്ഐടിക്ക് സാങ്കേതികത തടസ്സമുണ്ട്. സ്പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചേക്കുമെന്നും വിവരമുണ്ടായിരുന്നു.
ദേവസ്വം ബോർഡിലെ നിയമന വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു .സ്വർണക്കടത്ത് കേസിലെ പ്രതിക്ക് വേണ്ടി ഹാജരായ, സർക്കാരിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു അഭിഭാഷകനെ ദേവസ്വം ബോർഡിൻ്റെ പ്ലീഡറായി നിയമിച്ചതിൽ തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ദേവസ്വം മന്ത്രി പരസ്യമായി പ്രതികരിച്ചത്. ഒരു വകുപ്പിൽ നടക്കുന്ന സുപ്രധാന നിയമനങ്ങൾ ആ വകുപ്പ് മന്ത്രി അറിയാതെ എങ്ങനെയാണ് നടക്കുകയെന്ന് പിണറായി വിജയൻ ചോദിച്ചു.
"കള്ളന് താക്കോൽ കൊടുക്കുന്നതിന് തുല്യമായ നടപടിയാണിത്. ദേവസ്വം മന്ത്രിക്ക് ഈ നിയമനത്തെക്കുറിച്ച് അറിയില്ലെങ്കിൽ, മുഖ്യമന്ത്രി വി.ഡി സതീശൻ അടിയന്തരമായി വിഷയത്തിൽ ഇടപെടണം. സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന ഈ നടപടി തിരുത്താനും, വിവാദ നിയമനം റദ്ദാക്കാനും മുഖ്യമന്ത്രി തയാറാകണം. ഭരണപരമായ കാര്യങ്ങളിൽ സർക്കാരിന് വ്യക്തമായ നിയന്ത്രണം നഷ്ടപ്പെട്ടതിൻ്റെ ഉദാഹരണമാണ് ദേവസ്വം ബോർഡിലെ നിയമന വിവാദം. മന്ത്രിമാരെ നോക്കുകുത്തിയാക്കി ചില കേന്ദ്രങ്ങൾ ഭരണം നിയന്ത്രിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യ സംവിധാനത്തിൽ ഇത്തരം കീഴ്വഴക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

