കെഎസ്ആർടിയിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര: തീരുമാനം സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഉടമകൾ

കോട്ടയം: കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാർ തീരുമാനത്തിൽ കടുത്ത വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ. ഈ വിഷയത്തിൽ തങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. "അടിക്കടി ഇന്ധന വില വർധിക്കുന്ന ഈ സാഹചര്യത്തിൽ പുതിയ തീരുമാനം സ്വകാര്യ ബസ് മേഖലയെ തകർക്കും" എന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പറയുന്നു .യുഡിഎഫ് സർക്കാരിൻ്റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ വാഗ്‌ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യമാക്കും എന്നത്. എന്നാൽ നയപരമായ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ സ്വകാര്യ ബസ് മേഖലയെ കൂടി ഉൾപ്പെടുത്തി അഭിപ്രായം തേടേണ്ടതായിരുന്നു എന്നും സ്വകാര്യബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലേക്കും തകർച്ചയിലേക്കും പോകുമെന്നും നിലവിൽ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മേഖലക്ക് ഇത് കൂടുതൽ തിരിച്ചടിയാകുമെന്നും ഉടമകൾ പറയുന്നു.