ഭരണം മാറി : 10 വര്‍ഷമായി കൊട്ടിയടക്കപ്പെട്ട സെക്രട്ടേറിയറ്റിലെ 'സമര വാതിൽ ' മലര്‍ക്കെ തുറന്നു

തിരുവനന്തപുരം: വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിൻ്റെ തൊട്ടു പിറ്റേ ദിവസം തന്നെ സെക്രട്ടേറിയറ്റിലേക്കു പ്രവേശിക്കുന്നതിന് പിണറായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒന്നൊന്നായി ഇല്ലാതാകുകയാണ്. വര്‍ഷങ്ങളായി പൊതുജനങ്ങള്‍ക്കു മുന്നില്‍ കൊട്ടിയടക്കപ്പെട്ട സമര ഗേറ്റ് എന്നറിയപ്പെടുന്ന സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ഗേറ്റ് ഇന്ന് മലര്‍ക്കെ തുറന്നു.
കോണ്‍ഗ്രസ് അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡൻ്റ് ഇര്‍ഷാദിൻ്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരാണ് ഗേറ്റ് തുറന്നത്. കഴിഞ്ഞ 10 വര്‍ഷമായി സമരങ്ങളുടെയും സുരക്ഷയുടെയും പേരില്‍ പൂര്‍ണമായി അടച്ചിട്ടിരുന്ന പ്രധാന കവാടമാണ് ഇതോടെ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറക്കുന്നത്. അതേസമയം, സെക്രട്ടേറിയറ്റില്‍ മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കം ചെയ്‌തു കൊണ്ടുള്ള ഉത്തരവൊന്നും സര്‍ക്കാര്‍ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. സെക്രട്ടേറിയറ്റില്‍ പൊതു ജനങ്ങള്‍ക്ക് ഇപ്പോഴും കൻ്റോണ്‍മെൻ്റ് ഗേറ്റുവഴി തന്നെയാണ് പ്രവശനം.