കേരളത്തിൻ്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൻ്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വിഡി സതീശന്‍  സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം:കേരളത്തിൻ്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വിഡി സതീശന്‍ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.ജനസാഗരത്തെ സാക്ഷിയാക്കി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വിഡി സതീശനൊപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പികെ കുഞ്ഞാലിക്കുട്ടി ദൈവനാമത്തിലും സൃഷ്ടാവിൻ്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ മൂന്നാമനായി രമേശ് ചെന്നിത്തല ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. കെ മുരളീധരൻ്റെ സത്യപ്രതിജ്ഞ ഇംഗ്ലീഷിലായിരുന്നു. മോൻസ് ജോസഫ് ദൈവനാമത്തിലും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ,സിഎംപി നേതാവ്  സിപിജോൺ എന്നിവർ  സഗൗരവവും സത്യപ്രതിജ്ഞ ചെയ്തു. എപി അനിൽകുമാർ എഎൻ ഷംസുദ്ദീൻ, പിസി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീർ, വിഇ അബ്ദുൽ ഗഫൂർ, ടി സിദ്ദിഖ്, കെഎ തുളസി, ഒജെ ജനീഷ് എന്നിവരും  ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗെ പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖ നേതാക്കളും പതിനായിരക്കണക്കിന് പ്രവർത്തകരെയും സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ.

മുഖ്യമന്ത്രി അടക്കം  ഇത്തവണ 14പുതുമുഖങ്ങളാണ് യുഡിഎഫ്  മന്ത്രിസഭയിലുള്ളത് . പിസി വിഷ്ണുനാഥ്, ടി സിദ്ദിഖ് എന്നിവരുൾപ്പെടെയുള്ള വലിയൊരു യുവനിരയാണ് സർക്കാരിൻ്റെ പ്രധാന ആകർഷണം. റോജി എം ജോൺ, എം ലിജു, ടി സിദ്ദിഖ്, ബിന്ദു കൃഷ്ണ, ഒജെ ജനീഷ്, കെഎ തുളസി എന്നിവർ ഇതിൽ ഉൾപ്പെടും. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ജനങ്ങൾക്കിടയിലെ വലിയ സ്വീകാര്യതയും മികച്ച സംഘാടന മികവുമാണ് ഇവരെ ഉന്നതമായ മന്ത്രി പദവിയിൽ എത്തിച്ചത്.കഴിഞ്ഞകാല പ്രതിസന്ധികളിലും പരാജയങ്ങളിലും ഇവർ ഒട്ടും പതറിയില്ല. മികച്ച മനോവീര്യത്തോടെ മുന്നോട്ട് പ്രവർത്തിച്ചതാണ് എല്ലാവർക്കും തുണയായത്. ഇതിലൂടെ ഭരണ സിരാകേന്ദ്രങ്ങളിലേക്ക് പുതിയ വാതിലുകൾ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു. സമൂഹത്തിലെ എല്ലാവരേയും ഒരുപോലെ ചേർത്തുപിടിക്കുന്ന മികച്ച സമീപനം സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നു.

ഇഎംഎസ് നമ്പൂതിരിപ്പാട്, പട്ടം എ താണുപിള്ള, ആർ ശങ്കർ, സി അച്യുതമേനോൻ, കെ കരുണാകരൻ, എകെ ആൻ്റണി, പികെ വാസുദേവൻ നായർ, സിഎച്ച് മുഹമ്മദ്കോയ, ഇകെ നായനാർ, ഉമ്മൻ ചാണ്ടി, വിഎസ് അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവരാണ് ഇതുവരെ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനം വഹിച്ചവർ.കെ കരുണാകരൻ നാലുതവണയും, ഇകെ നായനാരും എകെ ആൻ്റണിയും മൂന്നുതവണയും മുഖ്യമന്ത്രിമാരായി. ഇഎംഎസ്, സി അച്യുതമേനോൻ, ഉമ്മൻചാണ്ടി, പിണറായി വിജയൻ എന്നിവർ രണ്ടു തവണയും മുഖ്യമന്ത്രി പദം വഹിച്ചു.

 കേരള മുഖ്യമന്ത്രിയാകുന്ന അഞ്ചാമത്തെ കോൺഗ്രസ്സുകാരൻ 

കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയായ ആദ്യ നേതാവ് ആർ ശങ്കർ ആയിരുന്നു. 1962 മുതൽ 1964 വരെയായിരുന്നു അദ്ദേഹം പദവിയിലിരുന്നത്. രണ്ടാമത് കെ കരുണാകരൻ ആയിരുന്നു. വിധ ഘട്ടങ്ങളിലായി നാല് തവണ മുഖ്യമന്ത്രിയായി. 1977, 1981 - 1982, 1982 - 1987, 1991 - 1995 എന്നീ കാലയളവിലായിരുന്നു അത്.മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി എകെ ആൻ്റണിയാണ്. ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രികൂടിയായിരുന്നു അദ്ദേഹം. മൂന്ന് തവണയാണ് അദ്ദേഹം മുഖ്യമന്ത്രി ആയത്.  1977 - 1978, 1995 - 1996, 2001 - 2004 കാലയളവുകളിൽ ആയിരുന്നു അത്. പിന്നീട് കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി കസേരയിലെത്തിയത് ഉമ്മൻ ചാണ്ടിയാണ്. രണ്ടു തവണയാണ് അദ്ദേഹം കേരളത്തെ നയിച്ചത്. 2004 - 2006, 2011 - 2016 കാലയളവിലാണ് ഇത്.2016ൽ ഉമ്മൻ ചാണ്ടി കാലാവധി പൂർത്തിയാക്കിയ ശേഷം ഇതാദ്യമായാണ് കേരളത്തിൽ കോൺഗ്രസിന് അധികാരം ലഭിക്കുന്നത്.

കഴിഞ്ഞ 10 വർഷവും പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരാണ് കേരളം ഭരിച്ചത്.  കേരള ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാരിന് ഭരണത്തുടർച്ച ലഭിച്ചത് പിണറായി വിജയനായിരുന്നു. 

വനിതാ പ്രതിനിധികളായി  ബിന്ദു കൃഷ്ണ,കെഎ തുളസി

കോൺഗ്രസിലെ ശ്രദ്ധേയയായ വനിത മുഖമാണ് ബിന്ദു കൃഷ്ണ. പുതിയ സർക്കാരിൽ അവർ വനിത ശിശുക്ഷേമ മന്ത്രിയാകും. മുൻപ് കൊല്ലം ഡിസിസി അധ്യക്ഷയായിരുന്നു ഇവർ. മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷയായും അവർ പ്രവർത്തിച്ചു. കെഎസ്‌യുവിലൂടെയാണ് ബിന്ദു കൃഷ്ണ സജീവ രാഷ്ട്രീയ രംഗത്ത് എത്തിയത്. പിന്നീട് അവർ സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത നേതാവായി മാറി.പാർട്ടിയിലെ ചിട്ടയായ പ്രവർത്തനമാണ് മന്ത്രിസഭയിൽ അർഹമായ ഇടം നൽകിയത്. വനിതകൾക്കും കുട്ടികൾക്കുമായി മികച്ച ജനകീയ പദ്ധതികൾ നടപ്പിലാക്കാൻ അവർക്ക് സാധിക്കും. ഇതിലൂടെ സുപ്രധാന വകുപ്പിന് പുതിയ ഉണർവ് ലഭിക്കുമെന്ന് നേതൃത്വം വിശ്വസിക്കുന്നു. സ്ത്രീ സുരക്ഷയ്ക്ക് സർക്കാരിൻ്റെ പ്രത്യേക പരിഗണന നൽകുമെന്നും അവർ ഇതിനോടകം അറിയിച്ചു.

പുതുമുഖങ്ങളുടെ പുതിയ ഊർജം

ലാളിത്യം മുഖമുദ്രയാക്കിയ യുവനേതാവാണ് പിസി വിഷ്ണുനാഥ്. അദ്ദേഹത്തിൻ്റെ മന്ത്രിസഭാ പ്രവേശനം രാഷ്ട്രീയ രംഗത്ത് വലിയ ശ്രദ്ധ നേടുന്നു. നർമം കലർന്ന വാക്കുകളിലൂടെ സഭയിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിയും. മികച്ച പ്രസംഗങ്ങളിലൂടെ ജനമനസ്സുകളിൽ അതിവേഗം ഇടംനേടിയ വ്യക്തിയാണ് വിഷ്ണുനാഥ്.ഭരണരംഗത്തും തൻ്റെതായ വ്യക്തമായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് പെട്ടെന്ന് സാധിക്കും. ഇതിനൊപ്പം ടി സിദ്ദിഖും റോജി എം ജോണും എം ലിജുവും സർക്കാരിൽ എത്തും. ഇതെല്ലാം മന്ത്രിസഭയ്ക്ക് പുതിയ ഊർജം പകരും. തികഞ്ഞ കാര്യക്ഷമതയാണ് കേരളം ഇവരിൽ നിന്നും കാത്തിരിക്കുന്നത്. മികച്ച പ്രവർത്തനങ്ങളിലൂടെ ഭരണയന്ത്രം വേഗത്തിൽ ചലിപ്പിക്കാൻ ഈ യുവനേതാക്കൾക്ക് അനായാസം കഴിയും.

ഘടകകക്ഷികളിലെ ഉണർവ്

യുഡിഎഫ് സർക്കാരിന് ശക്തമായ പിന്തുണ നൽകാൻ ഘടകകക്ഷികൾക്കും എളുപ്പം സാധിക്കും. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗിന് സഭയിൽ അഞ്ച് മന്ത്രിമാരുണ്ട്. ഇതിൽ നാല് പേരും തികച്ചും പുതുമുഖങ്ങളാണ്. പാർട്ടിയുടെ മികച്ചൊരു തലമുറമാറ്റമായി ഇതിനെ നിരീക്ഷകർ വിലയിരുത്തുന്നു. ഇതിന് പുറമെ സിഎംപി പ്രതിനിധിയായി സിപി ജോൺ മന്ത്രിയാകും. ഇതോടെ സഭയിലെ പുതുമുഖങ്ങളുടെ ആകെ എണ്ണം 14 ആയി വീണ്ടും ഉയരും.യുഡിഎഫിനോടോപ്പം എല്ലാഘട്ടങ്ങളിലും ഉറച്ചുനിന്ന രണ്ടു ഘടകക്ഷിനേതാക്കളാണ് നേതാക്കളാണ് സിപി ജോണും ഷിബുബേബിജോണും  .ഇവരുടെ സാന്നിധ്യം മന്ത്രിസഭയുടെ കരുത്തായി മാറും.