എൻസിപിയിൽ വീണ്ടും തമ്മിലടി ; തോമസ് കെ. തോമസിനെതിരെ പി.സി. ചാക്കോ പക്ഷത്തിൻ്റെ പ്രമേയം

തിരുവനന്തപുരം:എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് തോമസ് കെ. തോമസിനെ നീക്കാൻ പി.സി. ചാക്കോ പക്ഷത്തിന്റെ നീക്കം. കൊച്ചിയിൽ ചേർന്ന ചാക്കോ അനുകൂലികളുടെ യോഗത്തിൽ തോമസ് കെ. തോമസിനെ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കി. ഈ ആവശ്യം ദേശീയ നേതൃത്വത്തെ അറിയിക്കാനായി പി.സി. ചാക്കോ ഞായറാഴ്ച ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും.തിരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് സീറ്റുകളിലും പരാജയപ്പെടുകയും പാർട്ടിക്ക് നിയമസഭാ പ്രാതിനിധ്യം നഷ്ടമാവുകയും ചെയ്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷനാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രമേയം അവതരിപ്പിച്ചത്. കൊച്ചിയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത 42 പേരും പ്രമേയത്തെ അനുകൂലിച്ചു. തോമസ് കെ. തോമസിന് പകരം പി.സി. ചാക്കോ തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരണമെന്നാണ് യോഗത്തിൽ ഉയർന്ന പൊതുവികാരം. പി.സി. ചാക്കോ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്ന മറ്റൊരാൾ പ്രസിഡന്റാകും. അങ്ങനെയെങ്കിൽ പി.എം. സുരേഷ് ബാബുവിനാണ് ഈ സ്ഥാനത്തേക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. യോഗത്തിൽ മുന്നണി മാറ്റത്തെക്കുറിച്ച് ചില നേതാക്കൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും, തൽക്കാലം മുന്നണി മാറ്റമില്ലെന്നായിരുന്നു പി.സി. ചാക്കോയുടെ മറുപടി.പാർട്ടിയിൽ ഭിന്നത രൂക്ഷമായതോടെ എ.കെ. ശശീന്ദ്രൻ പക്ഷം നാളെ കോഴിക്കോട്ട് അടിയന്തര യോഗം ചേരുന്നുണ്ട്. ഔദ്യോഗിക വിഭാഗം പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചാൽ അതിനെ ശക്തമായി നേരിടാനാണ് ചാക്കോ പക്ഷത്തിന്റെ ധാരണ. അതേസമയം, ഇടതുമുന്നണിയിലെ മറ്റ് ചില ചെറുപാർട്ടികളുമായി ചേർന്ന് പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണ് ശശീന്ദ്രൻ പക്ഷത്തിന്റെ നീക്കമെന്നാണ് സൂചന.