"മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു ": തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്ര സ്വീകരണ യാത്രയല്ലെന്ന് ചാണ്ടി ഉമ്മൻ

 "മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു ": തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്ര സ്വീകരണ യാത്രയല്ലെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം :എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്ര സ്വീകരണ യാത്രയല്ലെന്ന് ചാണ്ടി ഉമ്മൻ. തന്റെ യാത്രയെക്കുറിച്ച് മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുകയാണെന്നും പിതാവ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിക്കാനാണ് താൻ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തന്നെ കാണാൻ വരുന്നവരെ അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. തന്നെ സ്നേഹിക്കുന്നവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വരുന്നതിനെ തടയില്ലെന്നും അദ്ദേഹം പറഞ്ഞു.ജനക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ മന്ത്രിസ്ഥാനം അത്യന്താപേക്ഷിതമല്ല. പാർട്ടി എടുത്ത ഏത് തീരുമാനവും സ്വാഗതം ചെയ്യുന്നുവെന്നും തനിക്ക് ഒരന്യായവും സംഭവിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിചേർത്തു. തനിക്ക് വോട്ട് നൽകി വിജയിപ്പിച്ച ജനങ്ങൾക്കൊപ്പം കല്ലറയിൽ എത്തുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധം നിലനിൽക്കുന്നതിനിടെ തിരുവനന്തപുരത്ത് ചാണ്ടി ഉമ്മനായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.‘കെ.പി.സി.സിയെ ചാണ്ടി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലക്സുകൾ കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിലാണ് ഉയർന്നത്. ചാണ്ടി ഉമ്മന്റേത് ജനകീയ മുഖമാണെന്നും ‘കോൺഗ്രസ് തിരുവനന്തപുരം’ എന്ന പേരിലുമാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.