10 മിനിറ്റ് ചാർജ് ചെയ്‌താൽ 11 മണിക്കൂർ പാട്ട് കേൾക്കാം: റിയൽമിയുടെ പുതിയ വയർലെസ് ഇയർബഡ്‌സിനെ കുറിച്ചറിയാം

10 മിനിറ്റ് ചാർജ് ചെയ്‌താൽ 11 മണിക്കൂർ പാട്ട് കേൾക്കാം: റിയൽമിയുടെ പുതിയ വയർലെസ് ഇയർബഡ്‌സിനെ കുറിച്ചറിയാം

മുംബൈ : ഇന്ത്യൻ വിപണിയിൽ റിയൽമിയുടെ പുതിയ ഇയർബഡ്‌സ് പുറത്തിറക്കി. റിയൽമി 16 സീരിസിലെ പുതിയ സ്‌മാർട്ട്‌ഫോണായ റിയൽമി 16T സ്‌മാർട്ട്‌ഫോണിനും റിയൽമി വാച്ച് S5നും ഒപ്പമാണ് പുത്തൻ ഇയർബഡ്‌സായ 'റിയൽമി ബഡ്‌സ് എയർ 8 പ്രോ' പുറത്തിറക്കിയത്. പുതിയ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾ ഡ്യുവൽ-ഡ്രൈവർ ഓഡിയോ സിസ്റ്റം, LHDC 5.0 ഹൈ-റെസ് വയർലെസ് ഓഡിയോ സപ്പോർട്ട്, അഡാപ്റ്റീവ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (ANC) എന്നീ സവിശേഷതകളെ പിന്തുണയ്‌ക്കുന്നു. ആറ് മൈക്രോഫോൺ കോളിങ് സിസ്റ്റം, ബ്ലൂടൂത്ത് 6.1 കണക്റ്റിവിറ്റി, ലോ-ലേറ്റൻസി ഗെയിമിങ് സവിശേഷതകൾ എന്നിവയും കമ്പനി പുതിയ ഇയർബഡ്‌സിൽ സജ്ജീകരിച്ചിട്ടുണ്ട്. ബഡ്‌സ് എയർ 8 പ്രോ IP55-റേറ്റഡ് ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ്, വെയർ ഡിറ്റക്ഷൻ സപ്പോർട്ട്, ഫാസ്റ്റ് ചാർജിങ് കഴിവുകൾ, 50 മണിക്കൂർ വരെ ബാറ്ററി ലൈഫ് എന്നിവ വാഗ്‌ദാനം ചെയ്യും. ഇതിൽ എന്തൊക്കെ സവിശേഷതകൾ ഉണ്ടായിരിക്കുമെന്നും ഇന്ത്യൻ വിപണിയിൽ എത്ര വില വരുമെന്നും പരിശോധിക്കാം.

റിയൽമി ബഡ്‌സ് എയർ 8 പ്രോ: ഇന്ത്യയിലെ വില, ലഭ്യത

റിയൽമി ബഡ്‌സ് എയർ 8 പ്രോയുടെ ഇന്ത്യയിലെ വില 6,999 രൂപയാണ്. ലോഞ്ച് ഓഫറിൽ വാങ്ങുന്നവർക്ക് 300 രൂപ കിഴിവ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഇയർബഡുകൾ മാസ്റ്റർ വൈറ്റ്, മാസ്റ്റർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ജൂൺ 3 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് ജൂൺ 5ന് രാത്രി 11:59 വരെ ആയിരിക്കും ആദ്യ വിൽപ്പന നടക്കും. ഫ്ലിപ്കാർട്ട്, ആമസോൺ, മിന്ത്ര, റിയൽമി.കോം, ഇന്ത്യയിലുടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ റിയൽമി ബഡ്‌സ് എയർ 8 പ്രോ വാങ്ങാൻ ലഭ്യമാകും.

റിയൽമി ബഡ്‌സ് എയർ 8 പ്രോ: സ്പെസിഫിക്കേഷനുകൾ

റിയൽമി ബഡ്‌സ് എയർ 8 പ്രോയിൽ 11 എംഎം ഡൈനാമിക് ബാസ് ഡ്രൈവറും 6 എംഎം മൈക്രോ-പ്ലാനർ ട്വീറ്ററും അടങ്ങുന്ന ഒരു കോക്‌സിയൽ ഡ്യുവൽ-ഡ്രൈവർ ഓഡിയോ സിസ്റ്റം ഉണ്ട്. ലോ, മിഡ്, ഹൈ ഫ്രീക്വൻസികളിൽ ഓഡിയോ റീപ്രൊഡക്ഷനായി ഇയർബഡുകൾ 20Hz മുതൽ 40kHz വരെ ഫ്രീക്വൻസി റെസ്‌പോൺസ് റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുവെന്ന് റിയൽമി പറയുന്നു. ഓരോ ഇയർബഡിലും മൂന്ന് മൈക്രോഫോണുകൾ ഉണ്ട്. ഇത് 6 മൈക്രോഫോൺ കോളിങ് സിസ്റ്റം പിന്തുണയ്‌ക്കുന്നു. കോളുകൾക്കിടയിൽ വോയ്‌സ് വ്യക്തത മെച്ചപ്പെടുത്തുന്നതിനും പശ്ചാത്തലത്തിലുണ്ടാകുന്ന ശബ്‌ദം കുറയ്ക്കുന്നതിനുമായി പ്രത്യേക സജ്ജീകരണം ഉണ്ടെന്ന് റിയൽമി പറയുന്നു.

റിയൽമിയുടെ ബഡ്‌സ് എയർ 8 പ്രോ 55dB വരെ നോയ്‌സ് റിഡക്ഷൻ ഡെപ്‌ത് ഉള്ള അഡാപ്റ്റീവ് ANCയെ പിന്തുണയ്ക്കുന്നു. ഇയർബഡുകൾ നീക്കം ചെയ്യാതെ തന്നെ ചുറ്റുമുള്ള ശബ്‌ദങ്ങൾ കേൾക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ട്രാൻസ്‌പരൻസി മോഡും റിയൽമി ഉൾപ്പെടുത്തിയിട്ടുണ്ട്. കോളുകൾക്കിടയിൽ വോയ്‌സ് പിക്കപ്പ് മെച്ചപ്പെടുത്തുന്നതിനായി ബോൺ-കണ്ടക്ഷൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഒരു സമർപ്പിത വോയ്‌സ് പ്രോസസ്സിങ് യൂണിറ്റും രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ സിസ്റ്റത്തിന് 90dB വരെ പാരിസ്ഥിതിക ശബ്‌ദം കുറയ്ക്കാൻ കഴിയുമെന്നും വ്യക്തമായ സംഭാഷണങ്ങൾക്കായി AI- പവർ ചെയ്‌ത നോയ്‌സ് ക്യാൻസലേഷനും അഡാപ്റ്റീവ് ഓഡിയോ ഒപ്റ്റിമൈസേഷനും പിന്തുണയ്ക്കുമെന്നും കമ്പനി പറയുന്നു. റിയൽമി ബഡ്‌സ് എയർ 8 പ്രോ ഗെയിമിങിനായി 45ms വരെ ലേറ്റൻസി ഉള്ള ഒരു സമർപ്പിത ഗെയിം മോഡിനെ പിന്തുണയ്ക്കുന്നു. ഇയർബഡുകൾ ബ്ലൂടൂത്ത് 6.1, LHDC 5.0 ഹൈ-റെസ് വയർലെസ് ഓഡിയോ കോഡെക്, ഡ്യുവൽ-ഡിവൈസ് കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് പ്ലേ, പോസ് ഫംഗ്‌ഷണാലിറ്റിയ്‌ക്കുള്ള വെയർ ഡിറ്റക്ഷൻ, അനുയോജ്യമായ റിയൽമി സ്മാർട്ട്‌ഫോണുകളിൽ വ്യക്തിഗതമാക്കിയ ജോടിയാക്കൽ പോപ്പ്-അപ്പുകൾ, ആൻഡ്രോയിഡ് ഉപകരണങ്ങൾക്കുള്ള ഗൂഗിൾ ഫാസ്റ്റ് പെയർ പിന്തുണ എന്നിങ്ങനെ നിരവധി സവിശേഷതകളെ റിയൽമി ബഡ്‌സ് എയർ 8 പ്രോ പിന്തുണയ്ക്കും. മീഡിയ പ്ലേബാക്ക്, കോൾ മാനേജ്‌മെന്‍റ്, വോളിയം ക്രമീകരണം, ANC, ട്രാൻസ്പരൻസി മോഡ് എന്നിവയ്‌ക്കിടയിൽ മാറുന്നതിനുള്ള ഇന്റലിജന്‍റ് ടച്ച് കൺട്രോളും റിയൽമി ബഡ്‌സ് എയർ 8 പ്രോ പിന്തുണയ്ക്കുന്നു. കൂടാതെ പുതിയ ഇയർബഡ്‌സ് OTA ഫേംവെയർ അപ്‌ഡേറ്റുകളും വോയ്‌സ് അസിസ്റ്റന്‍റ് പ്രവർത്തനവും പിന്തുണയ്ക്കുന്നു.

ഓരോ ബഡ്‌സ് എയർ 8 പ്രോ ഇയർബഡിലും 62mAh ബാറ്ററിയും ചാർജിങ് കേസിനുള്ളിൽ 590mAh ബാറ്ററിയും ഉണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉള്ള ചാർജിങ് കേസ് ഉപയോഗിച്ച് ഇയർബഡ്‌സിന് 12 മണിക്കൂർ വരെ പ്ലേബാക്കും മൊത്തം 50 മണിക്കൂർ വരെ പ്ലേബാക്കും നൽകുമെന്ന് അവകാശപ്പെടുന്നു. ഇത് 10 മിനിറ്റ് ചാർജ് ചെയ്താൽ 11 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് ലഭിക്കുമെന്ന് റിയൽമി പറയുന്നു. ഇയർബഡ്‌സും ചാർജിങ് കേസും ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. അതേസമയം കേസിനുള്ളിലെ ഇയർബഡുകൾ ചാർജ് ചെയ്യാൻ ഏകദേശം ഒരു മണിക്കൂർ സമയമെടുക്കും. പൊടിയോ ജലമോ ഉൾപ്പെടെയുള്ളവയിൽ നിന്നും ഇതിന് സംരക്ഷണം നൽകുന്നതിന് IP55 റേറ്റിങ് ലഭിച്ചിട്ടുണ്ട്. ഓരോ ഇയർബഡിന്‍റെയും ഭാരം ഏകദേശം 4.8 ഗ്രാം ആണ്. അതേസമയം ഇയർബഡുകളുടെയും ചാർജിങ് കേസിന്‍റെയും ആകെ ഭാരം ഏകദേശം 53 ഗ്രാം ആണ്.