മോഡലിങ്ങിൻ്റെ മറവിൽ മനുഷ്യക്കടത്ത്: ഗുണ്ടാബന്ധത്തിലും സെലിബ്രിറ്റികളിലേക്കും അന്വേഷണം

എറണാകുളം: മോഡലിങ്ങിൻ്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി പീഡനത്തിന് ഇരയാക്കിയ മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാന പ്രതികളിലൊരാളായ സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും. മോഡലിങ്ങിൻ്റെ മറവിൽ മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടന്നത് സംഘടിതമായ കുറ്റകൃത്യമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.കൊച്ചി സിറ്റി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എറണാകുളം അസിസ്റ്റൻ്റ് കമ്മീഷണറും വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് ഈ പ്രത്യേക അന്വേഷണ സംഘം. കൊച്ചിയിൽ നിന്ന് രണ്ട് അതിജീവിതകളിൽ നിന്ന് ഒരേസമയം പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് പൊലീസ് അടിയന്തര നടപടികളിലേക്ക് കടന്നത്.
എന്നാൽ ഇരകളെ ഉപയോഗിച്ച് സ്വർണക്കടത്ത് നടത്തിയതായി ഇതുവരെ വിവരമില്ല. ഗുണ്ടാബന്ധത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞു. സിന്ധുവിനെ ചോദ്യം ചെയ്യുന്നത് വഴി കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. സിന്ധുവിൻ്റെ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയുടെ പോസ്റ്ററിൽ ചില താരങ്ങളുടെ ഫോട്ടോ കണ്ടിരുന്നു. അതേക്കുറിച്ചും അന്വേഷണം നടത്താനാണ് തീരുമാനമെന്നും പൊലീസ് വ്യക്തമാക്കി.
മോഡലിങ്ങിന്റെ മറവില്‍ മോഡലിങ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലില്‍ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി യുവതികളെ ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയതായാണ് വിവരം. ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയ യുവതികളെ കാരിയര്‍മാരാക്കിയതായും പൊലീസ് സംശയിക്കുന്നുണ്ട്.കേസിലെ മുഖ്യപ്രതിയായ സിന്ധുവിന്റെ കെണിയില്‍പ്പെട്ട യുവതിയെ നിര്‍ബന്ധിപ്പിച്ചു നാട്ടിലേക്ക് സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച സൂചന. ഇവര്‍ വിദേശത്തേക്ക് കൊണ്ടുപോയ യുവതികളില്‍ പലരും കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലാണ് എത്തിയതെന്നും പൊലീസ് കണ്ടെത്തി. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.മോഡലിങ് കെണിയില്‍ കൂടുതല്‍ പരാതിക്കാര്‍ ഉണ്ടെങ്കില്‍ പൊലീസിനെ സമീപിക്കണം എന്ന് കൊച്ചി കമീഷണര്‍ അറിയിച്ചു. വനിതാ സെല്ലില്‍ നേരിട്ട് പരാതി നല്‍കാമെന്നും വനിതാ സെല്‍ സിഐയുടെ നമ്പറില്‍, ഫോണിലൂടെയും പരാതി അറിയിക്കാമെന്നും കമ്മീഷണര്‍ അറിയിച്ചു.
മോഡലിംങ് കെണി അസൂത്രണം ചെയ്തത് സിന്ധു ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബൈയില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബൈയില്‍ എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും വിസയടക്കം നല്‍കിയതും സിന്ധു ആണെന്നും പൊലീസ് കണ്ടെത്തി.നിലവില്‍ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. ദുബൈയില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പിടിയിലായത്. കേസില്‍ ഇനി പിടികൂടാന്‍ ഉള്ളതും രണ്ട് വനിതകളെയാണ്. ദുബൈയില്‍ ഉള്ള രണ്ടു പേരെയും നാട്ടില്‍ എത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്