വിനോദസഞ്ചാര പാക്കേജുകളില്‍ ഒന്നാം സ്ഥാനവുമായി കണ്ണൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോ

വിനോദസഞ്ചാര പാക്കേജുകളില്‍ ഒന്നാം സ്ഥാനവുമായി  കണ്ണൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോ

കണ്ണൂർ: കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയെ ഇരുകയ്യും നീട്ടിയാണ് കേരളക്കര സ്വീകരിച്ചത്. കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം പാക്കേജിലൂടെ സംസ്ഥാനത്തെ ഡിപ്പോകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ഡിപ്പോയായി കണ്ണൂര്‍ . രണ്ട് വര്‍ഷമായി ഈ സ്ഥാനം മറ്റാര്‍ക്കും കണ്ണൂര്‍ വിട്ടുകൊടുത്തിട്ടില്ല. ഈ മാസം ആദ്യ പത്തൊന്‍പത് ദിവസം കൊണ്ട് തന്നെ ജില്ലാടിസ്ഥാനത്തില്‍ കണ്ണൂര്‍ മുന്നിലെത്തിക്കഴിഞ്ഞു.19 ന് രാത്രി വരെ 42 ലക്ഷം രൂപയാണ് ജില്ലയ്ക്ക് ആകെയുള്ള വരുമാനം. ഈ മാസത്തെ ബാക്കിയുള്ള പാക്കേജുകളിൽ ബുക്കിംഗ് പൂർത്തിയാവുകയും ചെയ്‌തു. കഴിഞ്ഞ മാസം കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്തായിരുന്നു. തിരുവനന്തപുരവും എറണാകുളവും ആയിരുന്നു ഒന്നും രണ്ടും സ്ഥാനത്ത്. കണ്ണൂരുമായി താരതമ്യപ്പെടുത്തുമ്പോൾ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ ഡിപ്പോകളുണ്ട്. ഇവിടെയുള്ള ഡബിൾ ഡക്കർ സർവീസുകളുടെ വരുമാനവും ബജറ്റ് ടൂറിസം സർവീസിലാണ് ഉൾപ്പെടുത്തുന്നത്. അതിനെയൊക്കെ മറികടന്നാണ് ടൂർ പാക്കേജുകളിലൂടെ മാത്രമായി കണ്ണൂർ മുന്നിലെത്തിയിരിക്കുന്നത്.

കണ്ണൂരിന് നൽകിയിരിക്കുന്ന പ്രതിമാസ ലക്ഷ്യം 56 ലക്ഷം രൂപയാണ്. 11 ദിവസം ബാക്കി നിൽക്കേ അതിലേക്ക് എത്തിക്കാൻ 14 ലക്ഷം രൂപ കൂടി മതി. കണ്ണൂർ ജില്ലയിൽ കണ്ണൂർ, തലശ്ശേരി,പയ്യന്നൂർ ഡിപ്പോകളിൽ നിന്നാണ് ടൂറിസം സർവീസ് ഉള്ളത്. വാഗമൺ, ഗവി, മൂന്നാർ, കൊല്ലൂർ, ഗോവ എന്നിവിടങ്ങളിലേക്ക് രണ്ടുദിവസത്തെ യാത്രയും നിലമ്പൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒരു ദിവസത്തെ യാത്രയും ഗുരുവായൂർ, മൂകാംബിക തീർത്ഥാടന യാത്രയുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഡിസംബറിൽ കണ്ണൂർ ജില്ലയ്ക്കായിരുന്നു ഒന്നാം സ്ഥാനം സാധാരണ സർവീസുകളിലെ വരുമാനത്തിനുണ്ടാകുന്ന കുറവ് പരിഹരിക്കുന്നത് പലപ്പോഴും ബജറ്റ് ടൂറിസം സർവീസിലൂടെയാണ്. നാലുവർഷമായി 1500 സർവീസുകൾ ആണ് കണ്ണൂർ നടത്തിക്കഴിഞ്ഞത്.കണ്ണൂർ ഡിപ്പോ ബജറ്റ് ടൂറിസം സർവീസിലൂടെ ഈ മാസം 19ന് രാത്രി വരെ നേടിയത് 23.50 ലക്ഷം രൂപയാണ്. പ്രതിമാസം 30 ലക്ഷം രൂപയാണ് കണ്ണൂർ ഡിപ്പോയ്ക്ക് നൽകിയ ലക്ഷ്യം. ഏപ്രിലിൽ ആകെ 33 ലക്ഷം രൂപയായിരുന്നു വരുമാനം. 30 സീറ്റുകൾക്കെങ്കിലും ബുക്കിംഗ് പൂർത്തിയായാൽ മാത്രമാണ് സർവീസ് നടത്തുക. ജൂൺ, ജൂലൈ മാസങ്ങളിൽ മൺസൂൺ പാക്കേജുകൾ നടപ്പാക്കും. മലക്കപ്പാറ, നെല്ലിയാമ്പതി, വാഗമൺ എന്നിവിടങ്ങളിലേക്ക് രണ്ടുദിവസത്തെ യാത്രയും വയനാട് പൈതൽമല റാണിപുരം നിലമ്പൂർ എന്നിവിടങ്ങളിലേക്ക് ഏക ദിന യാത്രയും ആണ് ആസൂത്രണം ചെയ്യുന്നത്.കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ചില പരാധീനതകള്‍ കെഎസ്‌ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയ്ക്കുണ്ട്. സർവീസുകൾ കൂടിയെങ്കിലും അവ പതിവായി നടത്താനാകാത്ത അവസ്ഥയാണ് ഡിപ്പോയ്ക്ക്. ജീവനക്കാരുടെ കുറവാണ് പ്രധാന കാരണം. ഇതുമൂലം ചില സർവീസുകൾ കുറയ്‌ക്കേണ്ടിയും വരുന്നു.കണ്ണൂർ ഡിപ്പോയിൽ നിന്ന് ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കുമായി ഒരു വർഷം മുൻപ് ദിവസേന 94 സർവീസ് ആണ് ഉണ്ടായിരുന്നത്. ഇതാണ് ക്രമേണ വർദ്ധിച്ച് ഇപ്പോൾ 100 സർവീസ് ആയത്. ഡ്രൈവർമാരുടെ കുറവുകാരണം ദിവസേന അഞ്ചും എട്ടും സർവീസുകൾ വരെ റദ്ദാക്കേണ്ടി വരുന്നതായി ഇവർ പറയുന്നു.

46 ഡ്രൈവർമാരുടെയും 10 കണ്ടക്‌ടര്‍മാരുടെ കുറവാണുള്ളത്.